അതിശൈത്യത്തില്‍ തണുത്തുറയുന്ന ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് ?
അതിശൈത്യത്താല്‍ വലയുകയാണ് നിരവധി രാജ്യങ്ങള്‍. പതിറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞു വീഴ്ചയാണ് യുഎസ് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുകയാണ്. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. ഇത്തരത്തില്‍ കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുമ്പോള്‍ തടാകങ്ങളും ജലാശങ്ങളും തണുത്തുറയും. അതിശൈത്യം മനുഷ്യര്‍ക്ക് ഇത്രയേറെ നാശം വിതയ്ക്കുമ്പോള്‍ ജലാശയങ്ങളില്‍ മത്സ്യങ്ങളും ചെറു ജീവികളും എങ്ങനെയാണ് അതിജീവിക്കുന്നത് ?
ജലാശയങ്ങള്‍ തണുത്തുറഞ്ഞാലും മത്സ്യങ്ങള്‍ അതിജീവിക്കുന്നുണ്ട്. ജലത്തിന്റെ പ്രത്യേക സ്വഭാവമാണ് തണുത്തുറഞ്ഞ കാലാവസ്ഥയിലും മത്സ്യങ്ങളെ ജീവിക്കാന്‍ സഹായിക്കുന്നത്. ഊഷ്മാവില്‍ വ്യത്യാസം വരുമ്പോള്‍ ജലത്തിന്റെ വികസിക്കാനുള്ള കഴിവാണ് ഇതിന് കാരണം. താപനില കുറയുമ്പോള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വെള്ളം സാധാരണനിലയില്‍ തന്നെ തുടരുന്നു. എന്നാല്‍ 0 ഡിഗ്രി സെല്‍ഷ്യസ് എത്തുമ്പോഴേക്കും അമ്പരിപ്പിച്ചുകൊണ്ട് വെള്ളം വികസിക്കാന്‍ ആരംഭിക്കും. അതായത് 4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിക്കുമ്പോള്‍ ജലത്തിന്റെ സാന്ദ്രത കുറയുന്നു.
ഏറ്റവും തണുത്ത ജലം എപ്പോഴും ഉപരിതലത്തിലാണ് കാണപ്പെടുക. 4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ജലം ഏറ്റവും സാന്ദ്രതയേറിയതാകും, ഇത് ജലാശയത്തിന്റെ അടിയില്‍ ചെന്നുനില്‍ക്കുന്നു. ഏറ്റവും ഭാരം കുറഞ്ഞ, അതായത് ഏറ്റവും തണുത്ത പാളി, മുകളിലെ പാളിയില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അതിനാല്‍ ശൈത്യകാലത്ത്, ജലത്തിന്റെ മുകള്‍ഭാഗം എല്ലായ്‌പ്പോഴും ആദ്യം തണുത്തുറയും. ഐസും വെള്ളവും രണ്ടും താപത്തിന്റെ മോശം ചാലകങ്ങളായതിനാല്‍, ഈ ഐസിന്റെ മുകളിലെ പാളി ബാക്കിയുള്ള ജലാശയത്തെ ശൈത്യകാലത്തെ തണുപ്പില്‍ നിന്ന് സംരക്ഷിക്കും.
കൂടുതല്‍ ആഴത്തില്‍ നീന്തിക്കൊണ്ട് മത്സ്യങ്ങള്‍ക്ക് ചൂടുവെള്ളം തേടാനാകും. ആഴം കൂടുന്തോറും ജലത്തിന്റെ സാന്ദ്രത കൂടും. ജലത്തിന്റെ സാന്ദ്രത കൂടുന്നതിനനുസരിച്ച് അതിന്റെ താപനിലയും വര്‍ദ്ധിക്കും. ഒരു മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ജലാശയം ഒരിക്കലും പൂര്‍ണ്ണമായും മരവിക്കില്ല. അതായത് ശൈത്യകാലത്തെ അതിജീവിക്കാന്‍ ജലജീവികള്‍ക്കും സസ്യജാലങ്ങള്‍ക്കും ധാരാളം ഇടമുണ്ട്. കൂടാതെ, തടാകത്തിന്റെ ആഴമേറിയ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന ജലസസ്യങ്ങളുള്ളതിനാല്‍ ഓക്‌സിജന്റെ അളവ് വളരെ കൂടുതലാണ്. ഇത് മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും അതിജീവിക്കാന്‍ സഹായിക്കുന്നു.
ശൈത്യകാലങ്ങളില്‍ മത്സ്യത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകും. അതിന്റെ ശരീര താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുകയും ശ്വസനവും ഹൃദയമിടിപ്പും കുറയുകയും ചെയ്യും. മിക്ക മത്സ്യങ്ങളുടെയും കോശങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകള്‍ കോശ സ്തരങ്ങളുടെ ഇലാസ്തികതയ്ക്ക് കാരണമാകുന്നു്. ഇത് തണുത്ത താപനിലയെ കൂടുതല്‍ പ്രതിരോധിക്കാന്‍ മത്സ്യങ്ങളെ സഹായിക്കും.