ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയാം ഫ്ലാഗ് കോഡ്

ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയാം ഫ്ലാഗ് കോഡ്

പതാക നിയമത്തില്‍ 2022ല്‍ വരുത്തിയ ഭേദഗതിയിലൂടെ ഇനി പകലോ രാത്രിയോ പതാക ഉയര്‍ത്താം. നേരത്തെ രാത്രി പതാക ഉയര്‍ത്താന്‍ അനുമതി ഇല്ലായിരുന്നു.
Updated on
2 min read

സ്വതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം മുന്‍പില്ലാത്ത വിധം വിപുലമായ ആഘോഷങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഹര്‍ഘര്‍ തിരംഗ എന്ന പേരില്‍ ദേശീയ പതാകയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണപതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള ആഹ്വാനം ഭൂരിപക്ഷമാളുകളും ഏറ്റെടുത്തു. ഇന്ത്യന്‍ ഫ്ലാഗ് കോഡ് നിയമം ഭേദഗതി ചെയ്താണ് വീടുകളില്‍ പതാകയുയര്‍ത്താന്‍ അനുമതി നല്‍കിയത്. ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിചയപ്പെടാം.

2002 ലെ ഫ്ലാഗ് കോഡ് രണ്ട് തവണയാണ് ഭേദഗതി ചെയ്തത്

2002 ജനുവരി 26 നാണ് ദേശീയ പതാക ഉപയോഗിക്കുന്നതിലെ നിയമങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഫ്ളാഗ് കോഡ് നിലവില്‍ വരുന്നത്. ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോഴും ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട ചട്ടങ്ങള്‍ ഉൾകൊള്ളുന്നതാണ് ഫ്ലാഗ് കോഡ്. പതാക നിയമം മൂന്ന് ഭാഗമായി തിരിച്ചിട്ടുണ്ട്, ഭാഗം ഒന്നില്‍ ദേശീയ പതാകയുമായി ബന്ധപ്പെട്ട പൊതുവായ വിശദീകരണമാണ് നല്‍കുന്നത്. ഭാഗം രണ്ടിലാണ് പൊതു - സ്വകാര്യ സ്ഥാപനങ്ങളിലോ അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എല്ലാ ദിവസവും അല്ലെങ്കില്‍ ഏതെങ്കിലും വിശേഷ ദിവസങ്ങളിലോ പതാകയുയര്‍ത്താം എന്ന് പ്രതിപാദിക്കുന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പതാകയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിശദീകരണം ഭാഗം മൂന്നിലാണ് നല്‍കിയിരിക്കുന്നത്.

ത്രിവര്‍ണ പതാകയുടെ വലിപ്പം എത്രയുമാകാം, എന്നാല്‍ നീളവും വീതിയും തമ്മിലുളള അനുപാതം 3:2 ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്

ദേശീയ പതാകയിലെ ഒരോ വര്‍ണങ്ങളും ഇന്ത്യന്‍ പൈതൃകത്തെ പറ്റി സംസാരിക്കുന്നുണ്ട്. മുകളില്‍ ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്ന കുങ്കുമ നിറമാണ്. സമാധനത്തിന്റേയും സത്യത്തിന്റേയും രൂപമായ വെളള മധ്യഭാഗത്ത്. ഫലഭൂയിഷ്ഠതയേയും സമൃദ്ധിയേയും സൂചിപ്പിക്കുന്ന പച്ച ഏറ്റവും താഴെയും.സാരാനാഥിലെ അശോകസ്തംഭത്തില്‍ നിന്ന് അശോകചക്രവും ഉള്‍കൊണ്ടതാണ് ഇന്ത്യന്‍ ദേശീയ പതാക.

ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയാം ഫ്ലാഗ് കോഡ്
ഹര്‍ ഘര്‍ തിരംഗ: ചട്ടം മാറിയതോടെ ദേശീയ പതാക തുന്നി കുടുംബശ്രീ; ഒരുങ്ങുന്നത് അരക്കോടി പതാകകള്‍

പതാകയുടെ വലിപ്പം

ത്രിവര്‍ണ പതാകയുടെ വലിപ്പം എത്രയുമാകാം, എന്നാല്‍ നീളവും വീതിയും തമ്മിലുളള അനുപാതം 3:2 ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പതാക ചതുരാകൃതിയില്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളുവെന്നും ഉണ്ട്.

ഭേദഗതികള്‍, ‍മാറ്റങ്ങൾ

2002 ലെ ഫ്ലാഗ് കോഡ് രണ്ട് തവണയാണ് ഭേദഗതി ചെയ്തത്. 2021ല്‍ പതാക നിയമത്തിന് വന്ന ഭേദഗതിയിലൂടെ കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ തുണികളിൽ യന്ത്രത്തിലോ കൈകൊണ്ടോ പതാക നിര്‍മിക്കാം എന്നായി. 2022ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയര്‍ത്താം. നേരത്തെ രാത്രി പതാക ഉയര്‍ത്താന്‍ അനുമതി ഇല്ലായിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 13 മുതൽ 15 വരെ പതാക ഉയർത്താൻ സാധിക്കുന്നത്.

ഇതൊന്നും ചെയ്തുകൂടാ

ദേശീയ പതാകയുടെ വ്യക്തിഗത ഉപയോഗത്തിന് പല മാനദണ്ഡങ്ങളുണ്ട്. അരയ്ക്ക് കീഴ്‌പ്പോട്ടുളള വസ്ത്രങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത് എന്ന നിഷ്ക്കർഷിക്കുന്നു. നാപ്കിനുകളിലോ തൂവാലകളിലോ എന്തിന് കുഷ്യനുകളില്‍ പോലും ദേശീയ പതാക ഉപയോഗിക്കുന്നത് അതിനെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവരുടെ വാഹനങ്ങളില്‍ മാത്രമേ ദേശീയ പതാക ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം നടപടികള്‍ നേരിടേണ്ടി വരും.

ദേശീയ പതാക തറയിലോ വെളളത്തിലോ തട്ടുന്ന രീതിയില്‍ മനഃപൂര്‍വം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്

ദേശീയ പതാക തറയിലോ വെളളത്തിലോ തട്ടുന്ന രീതിയില്‍ മനഃപൂര്‍വം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്. ഉപയോഗ ശേഷം വലിച്ചെറിയാനുളളതല്ല ഇന്ത്യന്‍ പതാക. അവ ആളൊഴിഞ്ഞ സ്ഥലത്ത് പൂര്‍ണമായും കത്തിച്ച് കളയുകയോ മറ്റു മാര്‍ഗങ്ങളിലൂടെ സംസ്‌കരിക്കുകയോ ചെയ്യണം.

പതാകയുടെ ഉപയോഗത്തിന് ഇത്രയേറെ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും കൊടിയുയര്‍ത്തലിനും സ്വാതന്ത്ര്യ ദിനാഘോഷങ്ങ‍ൾക്കും ശേഷം ദേശീയ പതാകയുടെ സ്ഥാനമെപ്പോഴും നിലത്തോ ചവറ്റുകൊട്ടയിലോ തന്നെയാണ്. ഇന്ത്യന്‍ യുവത്വം ഓര്‍ത്തിരിക്കേണ്ട, പാലിക്കേണ്ട വളരെ പ്രധാനപ്പെട്ട നിയമ വ്യവസ്ഥയാണ് ഇന്ത്യന്‍ ഫ്ലാഗ് കോഡ്.

logo
The Fourth
www.thefourthnews.in