കെജ്രിവാളിന്റേത് രാഷ്ട്രീയ ആരോപണമോ; മുഖ്യമന്ത്രിമാരുടെ വിദേശ യാത്രകള്‍ക്ക് കേന്ദ്ര അനുമതി ആവശ്യമാണോ ?
സിംഗപ്പൂര്‍ യാത്രയ്ക്കുള്ള അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.സിംഗപ്പൂരില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 3 വരെ നടക്കുന്ന ലോക നഗര ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി തേടിയത്.
2019 ഒക്ടോബറില്‍, വിദേശത്ത് മറ്റൊരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്രം അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നില്ല, ഒടുവില്‍ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു പരിപാടിയില്‍ സംസാരിച്ചത്
സംസ്ഥാന മുഖ്യമന്ത്രിമാര്‍ വിദേശ യാത്ര നടത്തുമ്പോള്‍ എന്ത് അനുമതിയാണ് വാങ്ങേണ്ടത് ? ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് ? പരിശോധിക്കാം
വിദേശയാത്രയ്ക്ക് ആവശ്യമായ നടപടി ക്രമങ്ങള്‍
2015 മെയ് 6 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് മുമ്പ് കാബിനറ്റ് സെക്രട്ടേറിയറ്റിനെയും ഒപ്പം വിദേശകാര്യ മന്ത്രാലയത്തെയും അറിയിക്കണം. പൊളിറ്റിക്കല്‍ ക്ലിയറന്‍സും ഒപ്പം എഫ്‌സിആര്‍എ (Foreign Contribution (regulation) Act) അനുസരിച്ചുള്ള ക്ലിയറന്‍സും നിര്‍ബന്ധമാണ്. വിദേശ യാത്രയുമായി ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പ് ധനകാര്യ വകുപ്പ് സെക്രട്ടറിക്കും അയയ്ക്കണം.ഔദ്യോഗിക സന്ദര്‍ശനത്തിനും സ്വകാര്യ സന്ദര്‍ശനത്തിനും സമാനമായ രീതിയിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
എന്താണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സ്
വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വാങ്ങേണ്ടത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും മാത്രമല്ല എതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദേശ യാത്രയ്ക്ക് മുമ്പ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങണം.
ഒരോ വര്‍ഷവും വിവിധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നിരവധി അപേക്ഷകളാണ് വിദേശകാര്യ വകുപ്പിന് ലഭിക്കുന്നത്. അപേക്ഷ പൂര്‍ണ്ണമായി പരിശോധിച്ച ശേഷം യാത്രയുടെ സ്വഭാവം, പോകുന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം, യാത്രയ്ക്കെടുക്കുന്ന സമയം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് അന്തിമ അനുമതി ലഭിക്കുക.
എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം
ഓണ്‍ലൈനായി പൊളിറ്റിക്കല്‍ ക്ലിയറന്‍സിന് അപേക്ഷ സമര്‍പ്പിക്കാം. 2016 മുതലാണ് ഈ സംവിധാനം നിലവില്‍ വന്നത്. http://www.epolclearance.gov.in/login/index.php എന്ന പോര്‍ട്ടലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രാഷ്ട്രീയ അനുമതിക്കായുള്ള മുഖ്യമന്ത്രിമാരുടെ അഭ്യര്‍ത്ഥന മുന്‍പ് നിരസിച്ചിട്ടുണ്ടോ?
യുപിഎ ഭരണകാലത്ത് അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് യുഎസിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട തായ്ലന്‍ഡിലേയ്ക്ക് യാത്ര ചെയ്യുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിലും വിദേശകാര്യ മന്ത്രാലയം ക്ലിയറന്‍സ് നല്‍കിയിരുന്നില്ല. 2019 ല്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് ഡെന്‍മാര്‍ക്കിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
വിദേശ യാത്രകള്‍ നടത്താന്‍ ജഡ്ജിമാര്‍ക്ക് ക്ലിയറന്‍സ് ആവശ്യമുണ്ടോ?
സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് അനുമതി ആവശ്യമാണ്. ജഡ്ജിമാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ച ശേഷം ഈ അപേക്ഷ നിയമ വകുപ്പിന് കൈമാറുന്നു. ചില ഘട്ടങ്ങളില്‍ നടത്തുന്ന യാത്രകള്‍ക്ക് എഫ്‌സിആര്‍എ (Foreign Contribution (regulation) Act) നിയമങ്ങള്‍ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആവശ്യമാണ്. ഇവ ലഭിച്ചതിന് ശേഷം നിയമ വകുപ്പ് യാത്രകള്‍ക്ക് അന്തിമ അനുമതി നല്‍കുന്നു. നിലവില്‍ ജഡ്ജിമാരുടെ സ്വകാര്യയാത്രകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല.