ജനാധിപത്യ രാജ്യത്ത് മാനനഷ്ട കേസുകൾക്ക് എന്താണ് സ്ഥാനം?
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേളയിൽ, ഒരിക്കല്‍ കൂടി ക്രിമിനല്‍ മാനനഷ്ട കേസുകള്‍ക്ക് ആധാരമായ നിയമങ്ങള്‍ പരിശോധനയ്ക്ക് വിധേയമാകുകയാണ്. ക്രിമിനല്‍ മാനനഷ്ട കേസിന് ആധാരമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് യഥാര്‍ഥത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്നുണ്ടോ അല്ലെങ്കിൽ ഈ കൊളോണിയല്‍ നിയമം ആധുനിക ജനാധിപത്യ ഇന്ത്യയില്‍ തുടരേണ്ടതുണ്ടോ എന്നൊക്കെയാണ് ചര്‍ച്ചകള്‍. അതിലും ഉപരിയായി ഇവിടെ ഉയരുന്ന അതിപ്രധാന ചോദ്യം അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നത് ആര് എന്നതാണ്?
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം ആ രാജ്യത്ത് പോലും ഇല്ലാതായിട്ടും ജനാധിപത്യ ഇന്ത്യയില്‍ തുടരുന്നു എന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും വിമര്‍ശനം.
ക്രിമിനല്‍ മാനനഷ്ടത്തിന് ആധാരമായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499-ാം വകുപ്പ്, വാക്കുകളിലൂടെയോ, മറ്റ് രീതിയിലോ ഒരു വ്യക്തിയുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്ന പ്രവര്‍ത്തനങ്ങളെ കുറ്റമായി കണക്കാക്കുന്നു. എന്നാൽ അന്തസ്സ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന് നിയമത്തില്‍ വ്യക്തതയില്ലായെന്ന് ചില നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രസംഗം മാനനഷ്ടക്കുറ്റത്തിന് കാരണമാണെന്ന് കണ്ടെത്തിയത്.
ശിക്ഷ വിധിച്ച സൂറത്ത് ജഡ്ജിയുടെ നടപടി നിയമജ്ഞരാല്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. നിയമമനുസരിച്ചുള്ള പരമാവധി ശിക്ഷ നല്‍കിയെന്ന് മാത്രമല്ല, ആര്‍ക്കാണ് പ്രസംഗം മൂലം മാനനഷ്ടം ഉണ്ടായത് എന്നതിലെ വ്യക്തത കുറവുമെല്ലാം നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഈ ശിക്ഷയ്ക്ക് ആധാരമായ നിയമം റദ്ദാക്കുകയാണ് വേണ്ടതെന്ന വാദവും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമാകുകയാണ്.
ക്രിമിനല്‍ മാനനഷ്ടം പരാമർശിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ക്കെതിരായ ഹര്‍ജി 2016 ല്‍ സുപ്രീംകോടതി പരിഗണിച്ചതാണ്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി, രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍ എന്നിവരായിരുന്നു സുപ്രീംകോടതിയുടെ മുന്നില്‍ ഈ ആവശ്യവുമായി എത്തിയത്. ഐപിസിയിലെ നേരത്തെ സൂചിപ്പിച്ച വകുപ്പുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നും അതുകൊണ്ട് തന്നെ അത് റദ്ദാക്കണം എന്നുമായിരുന്നു ആവശ്യം. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം ആ രാജ്യത്ത് പോലും ഇല്ലാതായിട്ടും ജനാധിപത്യ ഇന്ത്യയില്‍ തുടരുന്നു എന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും വിമര്‍ശനം.
വിമത രാഷ്ട്രീയത്തെയും രാഷ്ട്രീയ വിമര്‍ശനത്തെയും നേരിടുന്നതിന് മാനനഷ്ടകേസ് പരിചയായി ഉയര്‍ത്തപ്പെടുന്നു
സ്വന്തം അഭിപ്രായം പറഞ്ഞതിന് ആളുകളെ ജയിലില്‍ അടയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതേകാലത്ത് തന്നെയാണ് ലോക്‌സഭയില്‍ ബിജു ജനതാ ദള്‍ നേതാവ് തദാഗത സത്പതി, ക്രിമിനല്‍ മാനനഷ്ടക്കേസിലെ വകുപ്പുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്‍ കൊണ്ടുവന്നത്.
സിവില്‍ സമൂഹത്തിന്റെയും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ഈ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യം ഉയർന്നുവെങ്കിലും നിയമത്തെ സംരക്ഷിച്ചുനിര്‍ത്തുകയാണ് സുപ്രീംകോടതി ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതിന് കാരണമായി കോടതി പറഞ്ഞത് രണ്ട് കാരണങ്ങളാണ്. ഒന്ന് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ല. അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. രണ്ട്, ഭരണഘടനയുടെ 21-ാം അനുച്ഛേദം വ്യക്തിയുടെ സ്വാതന്ത്ര്യവും അന്തസും പരമപ്രധാനമായി കാണുന്നതാണ് എന്നും ഇതിനെ തടസപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം സാധ്യമല്ലെന്നും കോടതി പറഞ്ഞു. അതായത് ഒരാള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അത് മറ്റൊരു വ്യക്തിയുടെ അന്തസിനെ ക്ഷതപെടുത്താന്‍ പാടില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതോടെ കോളോണിയല്‍ കാലത്തെ നിയമം റദ്ദാക്കുമെന്ന പ്രതീക്ഷ ഇല്ലാതായി. അതേസമയം മാനനഷ്ട കേസുകള്‍ വിവേചന രഹിതമായി ഉപയോഗിക്കുന്നതിന് എതിരെ മറ്റൊരിക്കല്‍ സുപ്രീംകോടതി നിലപാടെടുക്കുകയും ചെയ്തു.
സുപ്രീംകോടതി ഭരണഘടനാപരമെന്ന് പറഞ്ഞുവെങ്കിലും മാനനഷ്ടം എന്ന ആയുധമുപയോഗപ്പെടുത്തി വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണകൂടവും സ്ഥാപിത താല്‍പര്യക്കാരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമകാലിക ഇന്ത്യയിലുണ്ട്. സ്ത്രീകളില്‍ ചിലര്‍ മീ ടു മൂവ് മെന്റുമായി വന്നപ്പോഴും മാനനഷ്ട ഭീഷണി ഉയര്‍ത്തി അതിനെതിരെ തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടു. വിമത രാഷ്ട്രീയത്തെയും രാഷ്ട്രീയ വിമര്‍ശനത്തെയും നേരിടുന്നതിന് മാനനഷ്ടകേസ് പരിചയായി ഉയര്‍ത്തപ്പെടുന്നു.അതുകൊണ്ട് തന്നെ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന കൊളോണിയല്‍ പാരമ്പര്യം പേറുന്ന നിയമം ജനാധിപത്യ രാജ്യത്ത് എന്തിനാണെന്ന ചോദ്യമാണ് വീണ്ടും വീണ്ടും ഉയരുന്നത്.