ലെബനനിലും 'ഗാസ' ആവർത്തിക്കുമ്പോൾ; പശ്ചിമേഷ്യയെ മരണമുനമ്പാക്കുന്ന ഇസ്രയേൽ

ലെബനനിലും 'ഗാസ' ആവർത്തിക്കുമ്പോൾ; പശ്ചിമേഷ്യയെ മരണമുനമ്പാക്കുന്ന ഇസ്രയേൽ

ഹിസ്‌ബുള്ളയെന്ന ലെബനീസ് സായുധ സംഘത്തിനെ നശിപ്പിക്കാനെന്ന പേരിൽ സാധാരണക്കാരായ മനുഷ്യരെ ഒന്നാകെ കൊന്നൊടുക്കുന്നതാണ് ഇസ്രയേലിന്റെ രീതി, ഗാസയിലെ തനിയാവർത്തനം
Updated on
3 min read

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ക്രൂര ആക്രമണങ്ങളുടെ പരമ്പര ലെബനനിലും ആവർത്തിക്കപ്പെടുകയാണ്. ഗാസയിൽ സ്വീകരിച്ച അതേ 'മോഡസ് ഓപ്പറാണ്ടി'യാണ് ലെബനനിലും സയണിസ്റ്റ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഗാസയിൽ ഹമാസിന്റെ പേരുപറഞ്ഞാണ് പരമാവധി ആളുകളെ കൊല്ലുകയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തതെങ്കിൽ ലെബനനിൽ ഹിസ്‌ബുള്ളയാണെന്ന വ്യത്യാസം മാത്രമേയുള്ളു.

"നമുക്കറിയാവുന്ന ഒരു ലെബനൻ നിലനിൽക്കില്ല" എന്നായിരുന്നു ഇസ്രയേലി വിദ്യാഭ്യാസ മന്ത്രി യോവ് കിച്ച് 2024 ജൂലൈയിൽ പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. അതുതന്നെയാണ് ലെബനനിൽ അരങ്ങേറുന്നതും. 2023 ഒക്ടോബർ ഏഴിന് പലസ്തീനി വിമോചന സായുധ സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഇസ്രയേൽ കടന്നുകയറുമ്പോഴും ഇത്തരം പ്രസ്താവനകൾ ലോകം കേട്ടിരുന്നു. ഗാസയെ മരുഭൂമിയാക്കി മാറ്റുമെന്ന ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ അതിനൊരു ഉദാഹരണമാണ്. അങ്ങനെ കടന്നുകയറിയ ശേഷം ഇസ്രയേൽ നടത്തിയത് ഗാസയിലെ പലസ്തീനി ജനതയുടെ കൂട്ടക്കുരുതിയായിരുന്നു, അതിൽ സ്ത്രീയെന്നോ കുട്ടിയെന്നോ വ്യത്യാസവും ഉണ്ടായിരുന്നില്ല.

ലെബനന്‍
ലെബനന്‍

അന്ന് ലോകത്തെ സൂപ്പർ പവർ രാജ്യങ്ങൾ ഇസ്രയേലിന് പിന്നിൽ സർവ പിന്തുണയുമായി അണിനിരക്കുകയായിരുന്നു. അത് നൽകിയ ആത്മവിശ്വാസത്തിൽ കടന്നുകയറി ഏകദേശം നാല്പത്തിരണ്ടായിരത്തിലധികം പേരെയാണ് നെതന്യാഹുവിന്റെ സൈന്യം കൊന്നൊടുക്കിയത്. 23 ലക്ഷം പേരെ പട്ടിണിയിലാക്കുകയും ഗാസയിലെ സകല സംവിധാനങ്ങളെ തകർത്തെറിയുകയും ചെയ്തു.

ലെബനനിലും 'ഗാസ' ആവർത്തിക്കുമ്പോൾ; പശ്ചിമേഷ്യയെ മരണമുനമ്പാക്കുന്ന ഇസ്രയേൽ
ലെബനനിലെ പേജർ സ്ഫോടനം: മരണസംഖ്യ 12 ആയി, മുന്നൂറോളം പേർക്ക് ഗുരുതര പരുക്ക്, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

സെപ്റ്റംബർ 17ന് നടത്തിയ പേജർ സ്ഫോടനത്തിലൂടെ ലെബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ, അവിടെയും ആവർത്തിക്കുന്നത് സമാനമായ ആക്രമണരീതിയാണ്. ഹിസ്‌ബുള്ളയെന്ന ലെബനീസ് സായുധ സംഘത്തിനെ നശിപ്പിക്കാനെന്ന പേരിൽ സാധാരണക്കാരായ മനുഷ്യരെ ഒന്നാകെ കൊന്നൊടുക്കുന്നതാണ് ഇസ്രയേലിന്റെ രീതി, ഗാസയിലെ തനിയാവർത്തനം.

ലെബനനിലെ മിക്ക പ്രദേശങ്ങളും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണത്തിന് ഇരയാകുമ്പോൾ, ലക്ഷക്കണക്കിന് മനുഷ്യരാണ് എന്ന് തിരിച്ചുവരാനാകുമെന്നറിയാത്ത നിർബന്ധിത പലായനത്തിന് വിധേയരാകുന്നത്

കിൽ സോൺ

ഹമാസിന്റെ കമാൻഡ് സെന്ററുകൾ എന്ന പേരിൽ ജനനിബിഢ മേഖലകളും ആശുപത്രികളുമെല്ലാം ഇസ്രയേൽ ആക്രമിച്ചിരുന്നു. അത്തരത്തിലാണ് ലെബനനിലും ഇസ്രയേലി സൈന്യം പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 23ന് ഇസ്രയേലി സൈനിക വക്താവ് ഡാനിയൽ ഹഗാറി, തെക്കൻ ലെബനനിൽ ഹിസ്‌ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങൾ ഒഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് ഗ്രാമമെന്നോ പ്രദേശമെന്നോ ഉള്ള യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. അതായത് തെക്കൻ ലെബനനിലെ 5,90,000 നിവാസികളിൽ ആര് വേണമെങ്കിലും ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന് ചുരുക്കം.

മുന്നറിയിപ്പ് നൽകിയശേഷം മാത്രമേ ആക്രമണം നടത്തൂവെന്ന സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണക്കുന്നവരുടെ വാദത്തിലെ പൊള്ളത്തരം കൂടിയാണ് ഇവിടെ വെളിപ്പെടുന്നത്. മുൻകൂട്ടി ആക്രമണം ഉണ്ടാകുമെന്ന ഒരു കൃത്യതയുമില്ലാത്ത അറിയിപ്പിന് ശേഷം, ഗ്രാമങ്ങൾ വിട്ടുപോകാത്തതോ പോകാൻ കഴിയാത്തതോ ആയ എല്ലാവരെയും ഒരു സൈനിക ലക്ഷ്യമായിട്ടാണ് ഇസ്രയേൽ ഗാസയിൽ പരിഗണിച്ചിരുന്നത്. സമാനമാണ് ലെബനനിലെയും അവസ്ഥ. അതേസമയം, ആദ്യമുന്നറിയിപ്പ് നൽകിയ സെപ്റ്റംബർ 23ന് മുൻപ് മാത്രം ലെബനനിൽ കൊന്നൊടുക്കിയത് രണ്ടായിരത്തിലധികം മനുഷ്യരെയാണ്. അതിൽ നൂറോളം കുട്ടികളും ഉൾപ്പെടുന്നുണ്ട്.

തകർക്കപ്പെടുന്ന കെട്ടിടങ്ങൾ

ഗാസയിലെ ഏകദേശം 66 ശതമാനത്തോളം കെട്ടിടങ്ങളാണ് ഇസ്രയേൽ തകർത്തുകളഞ്ഞത്. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ എന്ന നിലയിലായിരുന്നു ഈ ആക്രമണങ്ങൾ മുഴുവനും. ലെബനനിലും ഇതേ പ്ലേബുക്കാണ് ഇസ്രയേൽ അനുവർത്തിക്കുന്നത്. ലെബനൻ അതിർത്തി പട്ടണമായ യാറൂൺ, കഴിഞ്ഞ ഒരു വർഷമായി തുടരുന്ന ഇസ്രയേൽ ബോംബാക്രമണത്തിൽ തരിശുഭൂമിയായി മാറിയതിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഗാസ
ഗാസ

2006ലെ ഇസ്രയേൽ-ലെബനൻ യുദ്ധത്തിൽ 'ദഹിയ ഡോക്ട്രീൻ' എന്നൊരു ആക്രമണ രീതി അവലംബിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന ബെയ്‌റൂട്ടിൻ്റെ നഗര പരിധിക്ക് പുറത്തുള്ള ഭൂരിപക്ഷം ഷിയാ മുസ്ലീം അയൽപക്കങ്ങളാണ് ദഹിയ. സിവിലിയൻ-സൈനിക കേന്ദ്രങ്ങൾ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെ ദഹിയ മേഖലയിൽ ഒന്നടങ്കം ആക്രമണം അഴിച്ചുവിടുകയായിരുന്നു അന്ന് ഇസ്രയേൽ. 2008-ലെ ഒരു അഭിമുഖത്തിൽ, ഇസ്രയേൽ സൈനിലാ ജനറൽ ഗാഡി ഐസെൻകോട്ട്, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആനുപാതികമല്ലാത്ത ആക്രമണ തന്ത്രത്തെ കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു.

ലെബനനിലും 'ഗാസ' ആവർത്തിക്കുമ്പോൾ; പശ്ചിമേഷ്യയെ മരണമുനമ്പാക്കുന്ന ഇസ്രയേൽ
ലോകം കണ്ടുനിന്നു, ഇസ്രയേൽ കൊന്നൊടുക്കി: ഗാസ ആക്രമണത്തിന്റെ 365 ദിനങ്ങൾ

ദഹിയ ഡോക്ട്രീൻ അംഗീകരിക്കപ്പെട്ട പദ്ധതിയാണെന്നും ഏതുമേഖലയിൽ വേണമെങ്കിലും നടപ്പിലാക്കുമെന്ന് മുന്നറിയിപ്പും ഐസൻകോട്ട് അന്ന് നൽകിയിരുന്നു. ശത്രുവിനെ നശിപ്പിക്കാനെന്ന പേരിൽ സാധാരണക്കാരെ ഉൾപ്പെടെ കൊല്ലുന്ന ഈ ആക്രമണരീതിയായിരുന്നു ഗാസയിൽ കണ്ടത്. അതുതന്നെയാണ് നിലവിൽ ലെബനനിലും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.

വ്യാപക കുടിയിറക്കം

ലെബനനിലെ മിക്ക പ്രദേശങ്ങളും ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണത്തിന് ഇരയാകുമ്പോൾ, ലക്ഷക്കണക്കിന് മനുഷ്യരാണ് എന്ന് തിരിച്ചുവരാനാകുമെന്നറിയാത്ത നിർബന്ധിത പലായനത്തിന് വിധേയരാകുന്നത്. ഗാസയിൽ 19 ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടിരുന്നുവെങ്കിൽ ലെബനനിൽ ഇതിനോടകം ആ സംഖ്യാ പത്തുലക്ഷം കടന്നിരിക്കുന്നു. ഏത് മേഖലയാണ് ആക്രമിക്കപ്പെടുക എന്നറിയാതെ, ഭയപ്പാടുമൂലമാണ് ലെബനനിൽ ആളുകൾ സ്വന്തം വീടും നാടുമുപേക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in