ഒരു പതിറ്റാണ്ടിനുശേഷമുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ  രൂപമാറ്റം വന്ന കശ്മീരിൻ്റെ മനസ്സിലെന്ത്?

ഒരു പതിറ്റാണ്ടിനുശേഷമുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ രൂപമാറ്റം വന്ന കശ്മീരിൻ്റെ മനസ്സിലെന്ത്?

കോൺഗ്രസ്- നാഷണൽ കോൺഫറൻസ്, സിപിഎം എന്നീ പാർട്ടികൾ ഒന്നിച്ചാണ് മൽസരിക്കുന്നത്. പിഡിപിയും ഇവരെ പിന്തുണച്ചേക്കും
Updated on
2 min read

ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്; സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സർക്കാർ ജമ്മു കശ്മീരിൽ അധികാരത്തിലെത്താൻ കളമൊരുങ്ങിക്കഴിഞ്ഞു. 10 വർഷത്തിനുശേഷം കശ്മീർ താഴ്വര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സാഹചര്യം വ്യത്യസ്തമാക്കുന്നത് ഭരണഘടനാ ചട്ടക്കൂടിൽ വന്ന ഈ മാറ്റം തന്നെയാണ്. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾക്ക്, പ്രത്യേകിച്ച് പ്രാദേശിക രാഷ്ട്രീയ പാർട്ടികളിൽ മുൻ നിരയിലുള്ള നാഷണൽ കോൺഫറൻസിനും പിഡിപിക്കും ഏറ്റവും നിർണായകമാകുന്നതും ഇതുതന്നെ. സംസ്ഥാന രൂപീകരണ സമയത്ത് ആരായിരിക്കും ഭരണനേതൃത്വം വഹിക്കുകയെന്നത് കൂടിയാണ് ഈ തിരഞ്ഞെടുപ്പിനെ നിർണായകമാക്കുന്നത്.

നാഷണൽ കോൺഫറൻസാണെങ്കിലും പിഡിപിയാണെങ്കിലും പുതിയ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടുവെന്നു വേണം കരുതാൻ. അനുച്ഛേദം 370 പൂർണാർത്ഥത്തിൽ പുനഃസ്ഥാപിക്കപ്പെടണമെന്ന ആവശ്യത്തിൽ അവരിപ്പോൾ കടിച്ചുതൂങ്ങുന്നില്ല. എന്നാൽ സംസ്ഥാന പദവി തിരിച്ചുകിട്ടണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടുമില്ല. ഒപ്പം തൊഴിലില്ലായ്മ, ഭൂഉടമസ്ഥതാ പ്രശ്നങ്ങൾ, ഉയർന്ന നികുതി തുടങ്ങി ജനങ്ങളെ കുഴയ്ക്കുന്ന പ്രശ്നങ്ങൾ കൂടി പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്ത് മുന്നോട്ടുവയ്ക്കുന്നു.

ഒരു പതിറ്റാണ്ടിനുശേഷമുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ  രൂപമാറ്റം വന്ന കശ്മീരിൻ്റെ മനസ്സിലെന്ത്?
കാത്തിരിപ്പിന് വിരാമം; സമ്മതിദാനം നിറവേറ്റാൻ ഒരു പതിറ്റാണ്ടു കാത്തിരുന്ന കശ്മീർ ജനത

സെപ്റ്റംബർ 18ന് ആരംഭിച്ച് ഒക്ടോബർ ഒന്നിന് അവസാനിക്കും വിധം മൂന്ന് ഘട്ടമായാണ് താഴ്വരയിൽ തിരഞ്ഞെടുപ്പ്. നിലവിൽ 90 നിയമസഭാ സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലും. 2014ലാണ് ജമ്മു കശ്മീരിൽ അവസാനം തിരഞ്ഞെടുപ്പ് നടന്നത്. 87 സീറ്റുകളിൽ 28 എണ്ണം നേടി പിഡിപി അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 25 സീറ്റ് നേടിയ ബിജെപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 2018 ജൂൺ 19 വരെയേ കൂട്ടുകക്ഷി സർക്കാരിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ബിജെപി പിന്തുണ പിൻവലിച്ചതോടെ മെഹബൂബ് മുഫ്തി സർക്കാർ താഴെ വീണു. 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസർക്കാർ അനുച്ഛേദം 370 റദ്ദാക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ പേരുകൾ പുറത്തുവന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല

അനുച്ഛേദം 370 റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നെന്നും കശ്മീരിനെ സാധാരണനിലയിലേക്ക് എത്തിക്കാനായെന്നും തെളിയിക്കുകയാണ് ബിജെപിയുടെ മുന്നിലെ വെല്ലുവിളി. ലോക്സഭാ തിരഞ്ഞെടുപ്പിലേതിൽനിന്ന് വ്യത്യസ്തമായി, ജമ്മുവിനെ മാത്രമല്ല കശ്മീരിനെക്കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട് ബിജെപി. എന്നാൽ, ഓ​ഗസ്റ്റ് 26ന് ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി പിൻവലിക്കേണ്ടി വന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്കു തിരിച്ചടിയാകുമോയെന്നും നേതൃത്വം ഭയക്കുന്നു. 44 പേരുടെ പട്ടികയാണ് പുറത്തിറക്കിയതിനു പിന്നാലെ പിൻവലിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ പേരുകൾ പുറത്തുവന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. നാഷണൽ കോൺഫറൻസിൽ നിന്നടക്കം കൂറുമാറിവന്നവരാണ് പട്ടികയിലെന്ന് പാർട്ടി നേതൃത്വത്തിൽനിന്നു തന്നെ വിമർശനമുയരുകയായിരുന്നു.

കോൺഗ്രസാണെങ്കിൽ നാഷണൽ കോൺഫറൻസ് അടക്കമുള്ള പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി മേഖലയിൽ, പ്രത്യേകിച്ച് ജമ്മുവിൽ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് വിഭജന ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി. 51 സീറ്റുകളിൽ നാഷണൽ കോൺഫറൻസും 32 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കുമെന്നാണ് ധാരണ. ജമ്മുവിൽ സഖ്യം ഇരുപാർട്ടികൾക്കും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ശക്തരായ ബിജെപിയെ നേരിടുകയെന്ന ദൗത്യം ഇപ്പോൾ നാഷണൽ കോൺഫറൻസിൽ നിക്ഷിപ്തമാണെന്നതാണ് യാഥാർഥ്യം.

വോട്ടർമാർക്കിടയിൽ പുകയുന്ന അതൃപ്തി മറികടക്കാൻ കേന്ദ്ര സർക്കാർ ഒരു മുഴം മുന്നേ എറിഞ്ഞുകഴിഞ്ഞു. മണ്ഡല പുനർ നിർണയത്തിലൂടെ പാ‍ർട്ടിയുടെ സ്വാധീനമേഖലകളിൽ ആറ് പുതിയ മണ്ഡലങ്ങൾ രൂപീകരിച്ചു

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന 46 ശതമാനം വോട്ട് വിഹിതം 2024 ലേക്കെത്തുമ്പോൾ 24.4 ശതമാനമായി കുറഞ്ഞുവെന്ന യാഥാർഥ്യം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. വോട്ടർമാർക്കിടയിൽ പുകയുന്ന അതൃപ്തി മറികടക്കാൻ കേന്ദ്ര സർക്കാർ ഒരു മുഴം മുന്നേ എറിഞ്ഞുകഴിഞ്ഞു. മണ്ഡല പുനർനിർണയത്തിലൂടെ പാ‍ർട്ടിയുടെ സ്വാധീനമേഖലകളിൽ ആറ് പുതിയ മണ്ഡലങ്ങൾ രൂപീകരിച്ചു. കശ്മീരി പണ്ഡിറ്റുകൾക്കും പഹാരി, പണ്ഡാരി പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തി. 15 ജാതികളെ പുതുതായി പിന്നാക്കവിഭാഗപ്പട്ടികയിൽ ഉൾപ്പെടുത്തി. ജമ്മുവിൽ അന്തരാഷ്ട്ര അതിർത്തിക്കു സമീപം താമസിക്കുന്നവർക്ക് ജോലിയിൽ സംവരണം, പാക് അധീന കശ്മീരിൽനിന്നു പടിഞ്ഞാറൻ പാകിസ്താനിൽ നിന്നുമുള്ളവർക്ക് പൗരത്വം തുടങ്ങിയ നിർണായക ഇടപെടലുകളും കേന്ദ്രം നടത്തി. കശ്മീർ നിയമസഭയിലേക്കു ഗവർണർക്കു നാമനിർദേശം ചെയ്യാവുന്ന അഞ്ചുപേരിൽ ഒരാൾ പാക് അധീന കശ്മീരിൽനിന്നുള്ള അഭയാർഥികളിൽ നിന്നാകുമെന്ന വാ​ഗ്ദാനവും നൽകിക്കഴിഞ്ഞു.

ഒരു പതിറ്റാണ്ടിനുശേഷമുള്ള തിരഞ്ഞെടുപ്പ്, രാഷ്ട്രീയ  രൂപമാറ്റം വന്ന കശ്മീരിൻ്റെ മനസ്സിലെന്ത്?
മിണ്ടുന്ന സ്ത്രീകളെ കൊല്ലുന്ന ഇറാൻ!

എവിടെ നിൽക്കണം, എങ്ങിനെ ഇടപെടണമെന്ന വ്യക്തമായ ചിത്രമില്ലാതെ ബുദ്ധിമുട്ടുകയാണ് പിഡിപി. പിഡിപിയുടെ പ്രധാന നേതാക്കളും ഒരു വിഭാഗം അണികളുമിപ്പോൾ പാർട്ടി വിട്ട മുൻ നേതാവ് അൽത്താഫ് ബുഖാരി രൂപീകരിച്ച അപ്നി പാർട്ടിയിലാണ്. എങ്കിലും അനന്ത്നാഗ്, പുൽവാമ, ഷോപ്പിയാൻ, കുൽഗാം മേഖലകളിൽ ശക്തമായ സ്വാധീനവുമായി മുന്നോട്ടുപോകാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പിഡിപിയും നാഷണൽ കോൺഫറൻസും കൈകോർക്കുമോയെന്ന് ഒരു ഘട്ടത്തിൽ ചർച്ച ഉയർന്നിരുന്നെങ്കിലും അത് ഭാവിയിൽ തങ്ങൾക്ക് ഗുണമാകില്ലെന്ന വിലയിരുത്തലിൽ നാഷണൽ കോൺഫറൻസ് പിന്നോട്ടടിക്കുകയായിരുന്നു

പ്രാദേശിക പാർട്ടികൾ ഒന്നിച്ചുനിന്നാൽ മാത്രമേ ജമ്മു കശ്മീരിൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്താനാകൂവെന്നതാണ് യാഥാർഥ്യം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും അപ്പുറം ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി, അപ്നി പാർട്ടി, സിപിഎം തുടങ്ങിയവയുടേയുമെല്ലാം സ്വാധീനവും നിർണായകമാകും. സിപിഎം, കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികൾ ഒന്നിച്ചാണ് തിരിഞ്ഞെടുപ്പിനെ നേരിടുന്നത്.

logo
The Fourth
www.thefourthnews.in