സർക്കാരിന്റെ സ്വപ്ന പദ്ധതി ഒടുവിൽ യാഥാർഥ്യമായി; അടുത്തറിയാം കെ ഫോണ്‍ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം

ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചിരിക്കുന്നു. കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സ്വപ്‌നപദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ആദ്യഘട്ടത്തില്‍ ജൂണോടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും മുപ്പതിനായിരത്തിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനം ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി 'കണക്ടിങ് ദ അണ്‍കണക്റ്റഡ്, കെ ഫോണ്‍ ഈസ് ഹിയര്‍' എന്ന പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

എന്താണ് കെ ഫോണ്‍ പദ്ധതി?

നഗര- ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്‌ എന്ന കെ ഫോണ്‍. ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കെ- ഫോണ്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കേരളത്തില്‍ അത്രകണ്ട് വികസിക്കാത്ത ഫൈബര്‍ ഒപ്റ്റിക്സ് ശൃംഖല സുശക്തമായി സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ അതിവേഗം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പലവിധ തടസ്സങ്ങളില്‍പെട്ട് പദ്ധതി ഇഴയുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിലാണ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്.

നിലവില്‍ പതിനെട്ടായിത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ- ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ 7,000 വീടുകളില്‍ പൂര്‍ത്തിയാക്കി. അതില്‍ 748 വീടുകളില്‍ കണക്ഷന്‍ നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റനെറ്റ് സൗകര്യം കെ ഫോണ്‍ മുഖേന ലഭ്യമാകും. 1532 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. കിഫ്ബിക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ചിരുന്നു.

ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതു സര്‍ക്കാന്റെ ജനകീയ ബദലാണ് കെ ഫോണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ - ഫോണ്‍ സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കാനും ഇ-ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കാനും സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പദ്ധതി നടത്തിപ്പ് എങ്ങനെ?

കെ എസ് ഇ ബി, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ എസ് ഐ ടി ഐ എല്‍) എന്നിവ ചേര്‍ന്നുള്ള സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കുകയും പദ്ധതിയുടെ നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍ എസ് കേബിള്‍, എസ് ആര്‍ ഐ ടി എന്നീ കമ്പനികളാണ് കണ്‍സോഷ്യത്തിലുള്ളത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും പദ്ധതിക്ക് നേരത്തെ ലഭിച്ചിരുന്നു. 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 35,000 കിലോ മീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്കാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്. 2519 കിലോമീറ്റര്‍ ഒ പി ജി ഡബ്ല്യു കേബിളിങ്ങും 19,118 കിലോമീറ്റര്‍ എഡി എസ് എസ് കേബിളിങ്ങും ഇതിനകം പൂര്‍ത്തിയായി.

കെ ഫോണ്‍ സേവനങ്ങള്‍

കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് പദ്ധതിയുടെ നെറ്റ്‌വര്‍ക്ക് ഓപ്പേററ്റിങ് സെന്റര്‍. ജില്ലകളെയും കോര്‍ റിങ് വഴിയാണ് കെഫോണ്‍ നെറ്റ്‌വര്‍ക്ക് ബന്ധിപ്പിക്കുന്നത്. കെഎസ്ഇബിയുടെ സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (പിഒപി) കേന്ദ്രങ്ങളില്‍നിന്ന് ആക്‌സസ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക. രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നല്‍കി പദ്ധതി ലാഭത്തിലാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പൊതുസ്ഥലങ്ങളില്‍ 2000 ഫ്രീ വൈഫൈ സ്പോട്ടുകളും ലഭ്യമാക്കും.

പദ്ധതി ഉദ്ഘാടനത്തിന് പിന്നാലെ കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍നിന്ന് ബന്ധപ്പെടും. കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ ഏല്‍പ്പിക്കും.

നേട്ടങ്ങള്‍

എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ്‌വര്‍ക്ക് നിലവില്‍ വരും. ഐ ടി പാര്‍ക്കുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖം തുടങ്ങിയ ഇടങ്ങളില്‍ അതിവേഗം ഇന്റര്‍ നെറ്റ് ലഭ്യമാകും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. എ ഐ, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ നേട്ടമാവും.

ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നതോടെ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സില്‍ സജീവമാകാം. സര്‍ക്കാര്‍ സേവനങ്ങളായ ഇ ഹെല്‍ത്ത്, ഇ എഡ്യൂക്കേഷന്‍ ഉള്‍പ്പെടെയുള്ള ഇ സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും സഹായിക്കും.

ആരോപണങ്ങള്‍

എ ഐ ക്യാമറാ പദ്ധതിക്ക് പിന്നാലെ കെ ഫോണിലും അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. യഥാര്‍ഥ എസ്റ്റിമേറ്റ് തുകയേക്കാള്‍ 520 കോടിയോളം രൂപയാണ് ടെന്‍ഡര്‍ എക്സസായി നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. ഗുണനിലവാരമല്ലാത്ത ചൈനീസ് കേബിളുകളാണ് പദ്ധതിക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്നും എത്ര കണക്ഷന്‍ കൊടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in