ദത്തെടുക്കുന്ന അമ്മമാർ പ്രസവാനുകൂല്യങ്ങള്‍ക്ക് പുറത്തോ? നിയമം പറയുന്നതെന്ത്?
'പത്ത് മാസം ഉദരത്തില്‍ പേറി നൊന്തുപ്രസവിച്ചതാണ്' സാധാരണയായി അമ്മമാർ പറയാറുള്ളൊരു പദപ്രയോഗമാണിത്. എന്നാല്‍, അതിനേക്കാള്‍ എത്രയോ പ്രതിസന്ധി നിറഞ്ഞതും പ്രയാസകരവുമായ കാലഘട്ടം ഒരു പ്രായമെത്തും വരെ അവരെ വളർത്തുന്നതാണെന്നതൊരു യാഥാർഥ്യമാണ്. രാജ്യത്തെ പ്രസവാനുകൂല്യ നിയമമനുസരിച്ച് 26 ആഴ്ചത്തെ പ്രസവാവധിയാണ് തൊഴില്‍ ചെയ്യുന്ന ഒരമ്മയ്ക്ക് ലഭിക്കുന്നത്. എന്നാല്‍, അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അമ്മമാർ ഈ പരിഗണനയില്‍ പെടുന്നുണ്ടോ? എന്താണ് നിയമം അവർക്ക് നല്‍കുന്ന പരിരക്ഷ.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന ഒരു സ്ത്രീക്ക് 12 ആഴ്ചത്തെ പ്രസവാവധി അനുവദിക്കുന്നതാണ് 1961 പ്രസവാനുകൂല്യ നിയമത്തിലെ സെക്ഷൻ 5(4). അതായത്, മൂന്ന് മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്ക് മാത്രമാണ് അവധി ലഭിക്കുക. അതും 12 ആഴ്ച മാത്രം. മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ യാതൊരു വിധ ആനുകൂല്യത്തിനും അർഹതയുമില്ല.
കർണാടക സ്വദേശിയായ അഭിഭാഷക ഹംസാനന്ദിനി നന്ദുരി ഈ വിവേചനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് വിഷയം സജീവ ചർച്ചയാകുന്നത്. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.
ഹംസനന്ദിനി രണ്ട് കുഞ്ഞുങ്ങളെ ദത്തെടുത്ത അമ്മയാണ്. വിവേചനത്തിന് വിധേയയായ ആള്‍ എന്ന നിലയ്ക്കാണ് അവർ കോടതിയിലെത്തിയത്. ഹംസനന്ദിനി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഏപ്രില്‍ 28ന് വാദം കേള്‍ക്കും.
എന്താണ് ഹർജിയില്‍ പറയുന്നത്?
1961 പ്രസവാനുകൂല്യ നിയമത്തില്‍ കുഞ്ഞിനെ ദത്തെടുക്കുന്ന അമ്മമാരെ യാതൊരുവിധവും പരിഗണിച്ചിരുന്നില്ല. 2017ലെ ഭേദഗതിയിലാണ് നിയമത്തില്‍ മാറ്റം വരുന്നത്. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 5(4) പ്രകാരം, '' മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന ഒരു സ്ത്രീക്ക് അല്ലെങ്കില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്ന ആള്‍ക്ക് കുട്ടിയെ കൈമാറിയ തീയതി മുതല്‍ പന്ത്രണ്ട് ആഴ്ചത്തേക്ക് പ്രസവാനുകൂല്യത്തിന് അര്‍ഹതയുണ്ട്. മൂന്ന് മാസത്തിലധികം പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന സ്ത്രീക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല.''
ദത്തെടുക്കുന്ന അമ്മമാരോടുള്ള വിവേചനങ്ങളെ ചോദ്യം ചെയ്യുകയാണ് പൊതുതാല്‍പര്യ ഹര്‍ജി. 'സെക്ഷൻ 5(4) പ്രകാരം ദത്തെടുക്കുന്ന അമ്മമാരോടും മൂന്ന് മാസത്തിലധികം പ്രായമുള്ള ഉപേക്ഷിക്കപ്പെട്ടതോ അനാഥമാക്കപ്പെട്ടതോ ആയ കുഞ്ഞുങ്ങളോടും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് പ്രസവാനുകൂല്യ നിയമത്തിന്റെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെയും ലക്ഷ്യവുമായി പൊരുത്തപ്പെടുന്നേയില്ല,' ഹര്‍ജിയില്‍ പറയുന്നു.
ബയോളജിക്കല്‍ അമ്മമാര്‍ക്കുള്ള 26 ആഴ്ചത്തെ പ്രസവാവധിയുമായി ബന്ധപ്പെടുത്തുമ്പോള്‍ മറ്റുള്ള അമ്മമാര്‍ക്ക് ലഭിക്കുന്ന 12 ആഴ്ചത്തെ ആനുകൂല്യം വെറും പൊള്ളയായ സേവനം മാത്രമാണെന്നും ഭരണഘടനയുടെ മൂന്നാം ഭാഗം അനുശാസിക്കുന്ന തരത്തിലുള്ള സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാത്തതിനാല്‍ ഈ വ്യവസ്ഥ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ദത്തെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം പിടിക്കുന്നതിനാല്‍ മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടിയെ ദത്തെടുക്കുന്നത് പ്രയാസമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ ഇതുവരെ സംഭവിച്ചത്
ഇതാദ്യമായല്ല ഈ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്. 2021 ഒക്ടോബര്‍ 21 ന് അന്നത്തെ ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിന്റെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച്, ഈ ഹര്‍ജിയില്‍ നിയമ-നീതി മന്ത്രാലയത്തില്‍ നിന്നും വനിതാ ശിശുവികസന മന്ത്രാലയത്തില്‍ നിന്നും പ്രതികരണം തേടിയിരുന്നു. എന്നാല്‍ അവരുടെ പ്രതികരണങ്ങള്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല.
കുട്ടിയെ നിയമപരമായി ദത്തെടുക്കുന്നതിന് ശിശുക്ഷേമ സമിതിയുടെ അനുവാദം വേണം. ദത്തെടുക്കല്‍ ചട്ടങ്ങള്‍ നിയമാനുസരണം പൂര്‍ത്തിയാക്കാനായി രണ്ട് മാസമെങ്കിലും സമയമെടുക്കും. അതുകൊണ്ട് നിലവിലുള്ള നിയമം, 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 38ാം ഭാഗത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കുന്നു.
1961ലെ പ്രസവാനുകൂല്യ നിയമം
പ്രസവത്തിന് മുന്‍പും ശേഷവുമുള്ള കാലയളവില്‍ ചില സ്ഥാപനങ്ങളില്‍ പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി 1961 ഡിസംബര്‍ 12ന് പാര്‍ലമെന്റ് നിയമം പാസാക്കി. ഫാക്ടറി, അല്ലെങ്കില്‍ തോട്ടം, ഖനി എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങിലും ഈ നിയമം ബാധകമായിരുന്നു. പിന്നീട് 1973ല്‍ സര്‍ക്കാരിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, കുതിരസവാരി- അക്രോബാറ്റിക് മറ്റ് അഭ്യാസപ്രകടനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനായി ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് നിയമം വ്യാപിപ്പിച്ചു. ശേഷം 1941 മൈന്‍സ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്, 1929 ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് എന്നിവ റദ്ദാക്കി.
1961ലെ നിയമപ്രകാരം അവധിയുടെ കാലയളവ് 12 ആഴ്ചയില്‍ കവിയാന്‍ പാടില്ല. അതായത് പ്രസവത്തിന് മുന്‍പുള്ള ആറ് ആഴ്ചയും പ്രസവദിവസം ഉള്‍പ്പെടെ അതിന് ശേഷമുള്ള ആറ് ആഴ്ചയുമാണ് കാലയളവ്
1961ലെ നിയമത്തില്‍ സെക്ഷൻ 4 പ്രകാരം ഒരു നിശ്ചിത കാലയളവില്‍ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ ജോലിക്കെത്തുന്നത് നിരോധിച്ചിരുന്നു. സബ്‌സെഷന്‍(1) അനുസരിച്ച് തൊഴിലുടമ ബോധപൂര്‍വം ഒരു സ്ത്രീയെ പ്രസവശേഷമോ ഗര്‍ഭം അലസിയതിന് തൊട്ടുപിന്നാലെയോ ഉള്ള ആറ് ആഴ്ച അവധി അനുവദിക്കണം എന്നായിരുന്നു നിയമം അനുശാസിക്കുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള പ്രസവാവധിക്കും അവകാശം ഉണ്ട്. എന്നാല്‍ അവധിയുടെ കാലയളവ് 12 ആഴ്ചയില്‍ കവിയാന്‍ പാടില്ല. അതായത് പ്രസവത്തിന് മുന്‍പുള്ള ആറ് ആഴ്ചയും പ്രസവദിവസം ഉള്‍പ്പെടെ അതിന് ശേഷമുള്ള ആറ് ആഴ്ചയുമാണ് കാലയളവ്.
പ്രസവ തീയതിക്ക് തൊട്ട് മുന്‍പുള്ള ഒരു വര്‍ഷത്തില്‍ നൂറ്റി അറുപത് ദിവസമെങ്കിലും ആ സ്ഥാപനത്തില്‍ ജോലി ചെയ്താല്‍ മാത്രമേ സ്ത്രീക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. ആ കാലയളവില്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാതിരിക്കാനും വേതനം കുറയാതെ തന്നെ അവകാശങ്ങള്‍ നേടിയെടുക്കാനും ഈ വ്യവസ്ഥകള്‍ സഹായിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയും മൂന്ന് മാസം തടവ് ശിക്ഷയും ലഭിക്കും. 2017 മാര്‍ച്ച് 9നാണ് പാർലമെന്റ് നിയമം ഭേദഗതി ചെയ്തത്. ഇത് പഴയ നിയമത്തില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്നു.
2017ലെ ഭേദഗതി
നിയമത്തിലെ പ്രധാന ഭേദഗതി സെക്ഷൻ 5ലാണ്. ബയോളജിക്കല്‍ അമ്മമാര്‍ക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിച്ചുകൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന അല്ലെങ്കില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടിക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് കുട്ടിയെ കൈ മാറുന്ന തീയതി മുതല്‍ 12 ആഴ്ചത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നും സെക്ഷൻ 5(4) ഭേദഗതിയില്‍ പറയുന്നു.
അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ 11 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു ശിശുസംരക്ഷണ സ്ഥാപനം ഉണ്ടായിരിക്കണമെന്ന് 11ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്
കൂടാതെ സെക്ഷൻ 5(5) പ്രകാരം സ്ത്രീകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്ന ജോലിയാണെങ്കില്‍ തെഴിലുടമയുടെ സമ്മതപ്രകാരം പ്രസവാനുകൂല്യങ്ങളോടെ അവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കണം. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ 11 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു ശിശുസംരക്ഷണ സ്ഥാപനം ഉണ്ടായിരിക്കണമെന്ന് 11ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് ജോലിക്കെത്തുന്ന സ്ത്രീക്ക് ഒരു ദിവസം നാല് തവണയെങ്കിലും അങ്ങോട്ട് ചെല്ലാനുള്ള അനുവാദം തൊഴിലുടമ നല്‍കുകയും വിശ്രമവേളകള്‍ അനുവദിക്കുകയും വേണം.
എന്നാല്‍, ഈ നിയമങ്ങളൊന്നും അസംഘടിത മേഖലയ്ക്ക് ബാധകമല്ല എന്നത് വലിയൊരു പോരായ്മയാണ്. നിയമം നടപ്പാക്കിയതിന് ശേഷം 10ല്‍ അഞ്ചിലധികം മേഖലകളിലും സ്ത്രീ പങ്കാളിത്തം കുറഞ്ഞതായി ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീം ലീസിന്റെ 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവശേഷം സ്ത്രീകള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം മിക്ക സ്ത്രീകളും വേതനം വെട്ടിക്കുറച്ചതിനെ തുടര്‍ന്നും കുടുംബത്തില്‍ നിന്നുള്ള പിന്തുണയില്ലായ്മ കൊണ്ടോ ആണ് തൊഴിലിടങ്ങലില്‍ നിന്നും പിന്നോട്ടുപോയത്.