ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലേ? അറിയാം മിനിമം അക്കൗണ്ട് ബാലൻസും എടിഎം പിൻവലിക്കൽ നിരക്കുകളും
ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുക എന്നത് പ്രധാനമാണ്. ബാങ്കുകൾ ഉപഭോക്താക്കളോട് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുക ശരാശരി പ്രതിമാസ ബാലൻസായി നിലനിർത്തണമെന്ന് ആവശ്യപ്പെടാറുണ്ട്. ശരാശരി പ്രതിമാസ ബാലൻസ് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. മെട്രോ, നഗര, അർദ്ധനഗര, ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ എന്നിങ്ങനെ ഈ തുക വ്യത്യാസപ്പെടും. നിശ്ചിത തുക നിലനിർത്തിയില്ലെങ്കിൽ ബാങ്കുകൾ പിഴയും ഈടാക്കും. ചില ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
രാജ്യത്തെ ചില പ്രധാന ബാങ്കുകളുടെ പ്രതിമാസം സൂക്ഷിക്കേണ്ട തുകയുടെ വിവരങ്ങൾ നോക്കാം:
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020 മാർച്ചിൽ, അടിസ്ഥാന സേവിംഗ് അക്കൗണ്ടുകളിൽ ശരാശരി പ്രതിമാസ ബാലൻസ് വേണമെന്ന ആവശ്യം ഒഴിവാക്കിയിരുന്നു. നേരത്തെ എസ്ബിഐയുടെ മാസ നീക്കിയിരിപ്പ് നിരക്കുകള്‍ 3000, 2000, 1000 എന്നിങ്ങനെ നഗര, അര്‍ദ്ധനഗര, ഗ്രാമ പ്രദേശങ്ങളില്‍ വ്യത്യസ്തമായിരുന്നു. ശരാശരി മാസ നീക്കിയിരിപ്പ് നിലനിർത്തുന്നതിൽ കഴിയാത്ത ഉപഭോക്താക്കളിൽ നിന്ന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും ബാധകമായ നികുതി നിരക്കുകളും ഈടാക്കിയിരുന്നു.
ശരാശരി പ്രതിമാസ ബാലൻസ് ആവശ്യമില്ലെങ്കിലും സേവിംഗ്സ് അക്കൗണ്ടിൽ കൂടുതൽ പണം നിലനിര്‍ത്തുന്ന ഉപഭോക്താക്കൾക്ക് എസ്ബിഐ എടിഎം ഇടപാടുകളിൽ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ പ്രതിമാസ ബാലൻസുള്ള അക്കൗണ്ടുകള്‍ക്ക് മാസത്തില്‍ പരിധിയില്ലാത്ത എടിഎം ട്രാന്‍സാക്ഷനും അവസരമുണ്ട്.
എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്
നഗര, മെട്രോ പരിധികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉടമകൾ പ്രതിമാസം ശരാശരി 10,000 രൂപ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അർദ്ധ നഗര പ്രദേശങ്ങളിൽ കുറഞ്ഞ പ്രതിമാസ പരിധി 5,000 രൂപയും ഗ്രാമീണ മേഖലയിൽ ശരാശരി ത്രൈമാസ ബാലൻസ് 2,500 രൂപയും നിലനിർത്തണം. ശരാശരി മാസ നീക്കിയിരിപ്പ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് പിഴയും മറ്റ് ചാർജുകളും ഈടാക്കും.
മെട്രോ, നഗര പരിധികളിലുള്ള ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 10,000 രൂപയും അർദ്ധ നഗര പ്രദേശങ്ങളിൽ 5,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 2000 രൂപയും പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തണം. ശരാശരി ബാലൻസ് നിലനിർത്തിയില്ലെങ്കിൽ കുറവുള്ള തുകയുടെ 6 ശതമാനം അല്ലെങ്കിൽ 500 രൂപയോ പിഴയായി ഈടാക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
മെട്രോ, നഗര പ്രദേശങ്ങളിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ഉടമകൾ ത്രൈമാസ ബാലൻസ് 20,000 രൂപ നിലനിർത്തണം. അർദ്ധ-നഗര, ഗ്രാമ പ്രദേശങ്ങളിൽ കുറഞ്ഞ ത്രൈമാസ ശരാശരി ബാലൻസ് യഥാക്രമം 1000 രൂപയും 500 രൂപയുമാണ്.
കൊടാക് മഹിന്ദ്ര ബാങ്ക്
മെട്രോ പരിധികളില്‍ 10,000 രൂപയും അല്ലാത്തവർക്ക് 5000 രൂപയുമാണ് കൊടാക് മഹിന്ദ്ര ബാങ്ക് അകൗണ്ടില്‍ മിനിമം ആവശ്യമുളള ബാലന്‍സ്. ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാല്‍ പ്രതിമാസം ആവശ്യമായ മിനിമം നീക്കിയിരിപ്പ് തുകയുടെ ആറ് ശതമാനം തുക ബാങ്ക് ഈടാക്കുന്നു.
സ്വകാര്യ-പൊതുമേഖല ബാങ്കുകൾ മാസത്തില്‍ ഒരു നിശ്ചിത പരിധി വരെ സൗജന്യമായി എടിഎം ഇടപാടുകള്‍ നടത്താം. സൗജന്യ പ്രതിമാസ ഇടപാടുകളുടെ അനുവദനീയമായ പരിധിക്കപ്പുറം എടിഎമ്മുകൾ ഉപയോഗിക്കുന്നതിന് നിരക്ക് ഈടാക്കും. ഓരോ ബാങ്കുകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമാണ്. നിശ്ചിത പരിധിക്ക് ശേഷം 21 രൂപ മുതല്‍ സേവന നികുതിയായി ബാങ്കുകള്‍ക്ക് ഈടാക്കാം.