നെതന്യാഹുവിന്റെ അധികാരമോഹത്തിന് ഇരയാകുന്ന പശ്ചിമേഷ്യ; വഴിയൊരുങ്ങുന്നത് ലെബനൻ-ഇസ്രയേൽ യുദ്ധത്തിന് ?
പശ്ചിമേഷ്യയിൽ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിയുകയാണ്... ഇസ്രയേലിൽ നിന്നുള്ള പുതിയ റിപോർട്ടുകൾ പ്രകാരം, ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുമായി ഒരു തുറന്ന യുദ്ധത്തിന്, അതായത് ഒരു ഓൾ ഔട്ട് വാറിനുള്ള കോപ്പുകൂട്ടലിലാണ് ബെഞ്ചമിൻ നെതന്യാഹു. അതിന്റെ ഭാഗമായി നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കാനുള്ള നീക്കത്തിലാണ്. അങ്ങനെയൊരു സംഘർഷം കൂടി ഉണ്ടായാൽ അതെങ്ങനെയാകും പശ്ചിമേഷ്യയെ പ്രത്യേകിച്ച് ഇസ്രയേൽ, ലെബനൻ, പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുക?
നിലവിലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കി, ഗീദോൻ സാറെന്ന വലതുപക്ഷക്കാരനായ നേതാവിനെ പകരക്കാരനാക്കാൻ നെതന്യാഹു തയാറാകുന്നു എന്നതാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. ലെബനനുമായി ഒരു തുറന്ന യുദ്ധത്തെ എതിർത്തിരുന്നയാളായിരുന്നു ഗാലന്റ്. ഒപ്പം ഫിലഡെൽഫി ഇടനാഴി എന്ന ഈജിപ്ത്- ഗാസ അതിർത്തിയിൽനിന്ന് പിന്മാറി, വെടിനിർത്തൽ കരാറുണ്ടാക്കണമെന്നും ഗാലന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഏകദേശം 18 വർഷമായി ഇസ്രയേലിന്റെ അധികാരക്കസേരയിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന നെതന്യാഹുവിന്റെ അധികാരമോഹങ്ങൾക്ക് എതിരായിരുന്നു യോവ് ഗാലാന്റിന്റെ ഓരോ അഭിപ്രായപ്രകടനങ്ങളും... അതുകൊണ്ടുതന്നെ ഗാലന്റിനെ മാറ്റാനുള്ള ആലോചന വളരെ നേരത്തെ തുടങ്ങിയതാണ്.
നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരത്തിൽ തുടരുക വളരെ പ്രധാനമാണ്. ഗാസയിലെ ആക്രമണങ്ങൾ അവസാനിച്ചാൽ, നെതന്യാഹുവിന് രാജി വയ്‌ക്കേണ്ടി വരുമെന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടാണ് വെടിനിർത്തൽ കരാറിനുള്ള എല്ലാവിധ നീക്കങ്ങളെയും നെതന്യാഹു തടഞ്ഞിരുന്നത്. ഫിലാഡെൽഫി ഇടനാഴിയിൽനിന്ന് പിൻവാങ്ങുന്നത് ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദങ്ങളൊക്കെ അതിന്റെ ഭാഗമായിരുന്നു.
ഗാലന്റിനെ മാറ്റുന്നതിലൂടെ, തന്റെ സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരിൽ ആറുപേർ അടുത്തിടെ കൊല്ലപ്പെട്ടതോടെ ബന്ദി കൈമാറ്റത്തിന് വേണ്ടിയുള്ള സമ്മർദ്ദം നെതന്യാഹുവിന് മേൽ ഏറിവരികയായിരുന്നു. അപ്പോഴായിരിക്കണം ലെബനനുമായൊരു തുറന്ന യുദ്ധമെന്ന ആശയത്തിലേക്ക് നെതന്യാഹു എത്തിയിട്ടുണ്ടാകുക. അതിന് വേണ്ടിയുള്ള കളമൊരുക്കലിന്റെ ഭാഗമാണ് യോവ് ഗാലാന്റിനെ നീക്കി, ബന്ദി കൈമാറ്റ ചർച്ചകളെ പരസ്യമായി എതിർക്കുന്ന ഗീദോൻ സാറിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം.
ഗീദോൻ സാറിനെ പോലൊരാളെ പ്രതിരോധ മന്ത്രിയാക്കുന്നതിൽ, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ യോവ് ഗാലന്റിനെ മാറ്റാനുള്ള നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം തന്റെ നിലനിൽപ്പ് മാത്രമാണ് വിഷയം. അതിനുവേണ്ടി ആരെയൊക്കെ ബലി കൊടുക്കേണ്ടി വന്നാലും അത് നിർദാക്ഷണ്യം നടപ്പാക്കും. അത് ഒക്ടോബർ ഏഴിന് ശേഷമുള്ള നെതന്യാഹുവിന്റെ ഓരോ ചുവടുവയ്‌പ്പിലും പ്രകടവുമായിരുന്നു.
ഗാലന്റിനെ മാറ്റുന്നതിലൂടെ, തന്റെ സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. നിർബന്ധിത സൈനിക സേവനത്തിനായി തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽനിന്നുള്ള പുരുഷന്മാരെയും റിക്രൂട്ട് ചെയ്യണമെന്ന ഇസ്രയേലി സുപ്രീംകോടതിയുടെ വിധി നെതന്യാഹുവിന് വലിയ തിരിച്ചടിയായിരുന്നു. ഇത് നടപ്പാക്കാൻ ഗാലന്റ് തുനിയുകയും ചെയ്തതോടെ സർക്കാരിലെ തീവ്രവലതുപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണി വരെ ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ ഗാലന്റിനെ മാറ്റുന്നതിലൂടെ തീവ്രവലതുപക്ഷ പാർട്ടികളെ ചേർത്ത് നിർത്താമെന്ന് കൂടിയാണ് നെതന്യാഹു കരുതുന്നത്. അങ്ങനെ ഒരുവെടിക്ക് രണ്ടുപക്ഷി എന്നുപറയും പോലെയാണ് നെതന്യാഹുവിന്റെ കരുനീക്കങ്ങൾ.
ഇസ്രയേൽ-ഹിസ്‌ബുല്ല യുദ്ധം?
2006ലാണ് ഇസ്രയേലും ലെബനനും തമ്മിൽ അവസാനമായൊരു തുറന്ന യുദ്ധമുണ്ടാകുന്നത്. ആർക്കും വിജയമില്ലാതെ അവസാനിച്ച 34 ദിവസം നീണ്ട യുദ്ധത്തിൽ 1200 ലെബനീസ് പൗരന്മാരും 160 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായൊരു അന്ത്യമായിരുന്നില്ല അത്. പിന്നീട് പലപ്പോഴായി ഇരുവരും സംഘർഷത്തിൽ ഏർപ്പെട്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നില്ല. പിന്നീട് ആ സംഘർഷങ്ങൾക്ക് വർധനവുണ്ടാകുന്നത് 2023 ഒക്ടോബർ ഏഴിന് ശേഷമാണ്.
ഒക്ടോബർ 7 മുതൽ സെപ്റ്റംബർ 6 വരെ ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ കുറഞ്ഞത് 9,613 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ ആക്രമണങ്ങളിൽ 82 ശതമാനവും നടത്തിയത് ഇസ്രയേലാണ്. ഏകദേശം 646 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഹിസ്‌ബുള്ളയുടെ ആക്രമണത്തിലാകട്ടെ കുറഞ്ഞത് 32 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഹിസ്‌ബുല്ല നേതാവ് ഫുവാദ് ശുക്കറിനെ ഇസ്രയേൽ വധിച്ചതും കാര്യങ്ങൾ വഷളാക്കിയിരുന്നു.
സംഭവം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇരുഭാഗവും ഒരു തുറന്ന യുദ്ധത്തിലേക്ക് കടക്കാൻ തയാറായിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് മുൻകരുതൽ ആക്രമണമെന്ന പേരിൽ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമസൈനിക നീക്കമാണ് നെതന്യാഹുവിന്റെ ധൈര്യം എന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ അപ്പോഴും ഇസ്രയേലി സൈന്യം അതിന് സജ്ജമാണോ എന്ന ചോദ്യം ശക്തമാണ്. ഗാസയിലെ പോലെ ആയിരിക്കില്ല ഹിസ്‌ബുള്ളയുമായുള്ള ഏറ്റുമുട്ടൽ. ഇന്ന് ഏകദേശം 1,20,000 ത്തോളം സ്റ്റാൻഡ് ഓഫ് ആയുധങ്ങൾ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. ഒപ്പം ഇറാന്റെ പിന്തുണയും, സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്‌സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്. അതേസമയം, ഇസ്രയേലി സൈന്യത്തിന് രണ്ട് അതിർത്തികളിൽ ഒരേസമയം ആക്രമണങ്ങൾ നടത്താനുള്ള സൈനിക ശക്തി ഇല്ലെന്നാണ് വിലയിരുത്തലുകൾ. ഒപ്പം പാശ്ചാത്യ ശക്തികൾ കൂടി പ്രത്യേകിച്ച് അമേരിക്ക എതിർത്താൽ ഇസ്രയേലിന് കാര്യങ്ങൾ കൂടുതൽ കടുക്കും.
ഇസ്രയേലി ആക്രമണത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് നാല്പത്തിനായിരത്തിലധികം മനുഷ്യരാണ്. അതിൽ ആഗോള തലത്തിൽ പ്രതിഷേധം തുടരുമ്പോഴാണ് വീണ്ടുമൊരു രാജ്യത്തേക്ക് കടന്നുകയറാൻ, കേവലം അധികാരമോഹത്തിന്റെ പേരിൽ നെതന്യാഹു കടന്നുകയറാൻ തുനിയുന്നത്. പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി യുദ്ധക്കെടുതികളിൽ ഉലയുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. സമാധാനവാദികളെന്ന പേരിൽ ലോകപോലീസ് ചമയുന്ന അമേരിക്ക ഉൾപ്പെടെയുള്ളവർ അങ്ങെനയൊരു ദുരന്തം തടയാൻ ശ്രമിക്കുമോ എന്നതും പ്രസക്തമായ ചോദ്യമാണ്