വാര്‍ത്തകള്‍ തെറ്റോ ശരിയോ അത് കേന്ദ്രം തീരുമാനിക്കും
'മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന്റെ ആവശ്യമാണ്. ജനാധിപത്യ സമൂഹത്തില്‍ അതിനുള്ള പങ്ക് വളരെ നിര്‍ണായകമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വ്യവസ്ഥിതിയ്‌ക്കെതിരാണെന്ന് പറയുന്നത് ശരിയല്ല'.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് നീക്കികൊണ്ട് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ സുപ്രധാന നിരീക്ഷണങ്ങളില്‍ ചിലാതാണിത്. വിധി വന്ന് തൊട്ട് പിന്നാലെ രാജ്യം ചര്‍ച്ച ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തെ കുറിച്ചാണ്. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തി വിവിധ ഓണ്‍ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവരുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കത്തെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ ഇതിനകം ചൂടുപിടിച്ച് കഴിഞ്ഞു.
പ്രത്യക്ഷത്തില്‍ 'വ്യാജവാര്‍ത്തകള്‍' പ്രചരിക്കുന്നത് തടയാനുള്ള നീക്കമായാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ കീഴില്‍ ഫാക്ട് ചെക്കിങ് ബോഡി രൂപീകരിക്കാനുള്ള നിര്‍ദേശത്തെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
ഫാക്ട് ചെക്കിങ് ബോഡി, തെറ്റാണെന്നോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നോ കണ്ടെത്തുന്ന എല്ലാ ഉള്ളടക്കങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് കഴിഞ്ഞ കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കിയത്.
ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്ന നീക്കം കേന്ദ്രത്തില്‍ നിന്നുണ്ടാകുന്നത് ഇതാദ്യമായല്ല. 2018 മുതല്‍ 29,154 യൂണീഫോം വാര്‍ത്താ ലിങ്കുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകള്‍ അടക്കം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. 2018, 2019,2020, 2021,2022, വര്‍ഷങ്ങളില്‍ യഥാക്രമം 2799, 3635, 9849, 6096, 6775 യുആര്‍എല്ലുകളാണ് പൊതുജനങ്ങളില്‍ നിന്ന് വിലക്കിയത്.