ശോഭ കരന്തലജെയെ ബിഷപ്പ് പാംപ്ലാനിക്കറിയില്ലേ?
'നമുക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കോട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ടുചെയ്ത് ജയിപ്പിക്കാം. നിങ്ങള്‍ റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച് ആ റബര്‍ കര്‍ഷകനില്‍ നിന്നെടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലായെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'. ഇത് പറയുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ അധികാര പരിധിയില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം എന്തായാലും ബിജെപിക്ക് ഉണ്ടാകില്ല. കാരണം ബിഷപ്പിന് അറിയില്ലെങ്കിലും 3 എംപിമാരുള്ള കാര്യം ബിജെപിക്ക് നന്നായറിയാം.
തലശ്ശേരി അതിരൂപതയുടെ പരിധിയില്‍ വരുന്ന ലോക്‌സഭാ മണ്ഡലങ്ങളാണ് കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ, ചിക്കമംഗളൂരു, കുടക് എന്നിവ. ഉഡുപ്പി-ചിക്കമംഗളൂരുവില്‍ നിന്ന് വിജയിച്ച ശോഭ കരന്തലജെയാണ് കേന്ദ്ര കാര്‍ഷിക സഹമന്ത്രി. അതായത് റബ്ബറിന്റെ വിലയുടെ കാര്യത്തില്‍ നയപരമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന ആളുകൂടിയാണ് ഇവർ എന്നര്‍ത്ഥം.
ദക്ഷിണ കന്നഡ എംപി നളിന്‍ കുമാര്‍ കട്ടീലാണെങ്കില്‍ ബിജെപിയുടെ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റാണ്. റബ്ബര്‍ കൃഷിക്ക് പേരുകേട്ട കുടക് ജില്ല ഉള്‍പ്പെടുന്ന മൈസൂരു മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് പ്രതാപ് സിംഹയെന്ന ബിജെപി നേതാവും. അതായത് 3 എംപിമാര്‍ ഉണ്ടെന്ന് മാത്രമല്ല അവരാരും ചില്ലറക്കാരല്ലെന്നതും ഓർക്കണം.
അപ്പോൾ പിന്നെ ബിജെപിക്ക് എംപി ഇല്ലാത്തതുകൊണ്ടല്ല റബ്ബറിന് വില കൂടാത്തതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാകും. വസ്തുത ഇങ്ങനെയൊക്കെയായിട്ടും ബിഷപ്പ് കേരളത്തിലെ ബിജെപിയുടെ മോഹഭംഗം തീര്‍ക്കാന്‍ ഇറങ്ങി തിരിച്ചതിന് ചില രാഷ്ട്രീയ അന്തരാർത്ഥങ്ങളുണ്ട്. ഈ കേരള നാട്ടിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളുടെയും രാഷ്ട്രീയം തീരുമാനിക്കുന്നത് സഭാ നേതൃത്വമാണെന്ന് നടിച്ച് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ആശ നല്‍കുന്നത് നല്ലതാണോ? പിതാവും സഭയും തന്നെ ഇതേക്കുറിച്ച് ആലോചിക്കണം.