സമസ്തയിലെ ഭിന്നതയുടെ കാരണങ്ങളെന്ത്? ആരാണ് പുറത്താക്കപ്പെട്ട അബ്ദുല്‍ ഹക്കീം ഫൈസി
എന്താണ് ഇകെ സമസ്തക്കുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നം. കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കിയിതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അണികള്‍ തമ്മില്‍ പോരാടുകയാണ്. 1989 ലെ പിളര്‍പ്പിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ തര്‍ക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഉമ്മര്‍കോയ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വാഫികള്‍ക്ക് അനുകൂലമായ പോസ്റ്റുകള്‍ വരുന്നത്. ട്രെഡീഷണല്‍ മുസ്ലീം കളക്ടീവ് എന്ന പേജ് വഴി മറുവിഭാഗവും പ്രതിരോധവും ആക്രമണവും തീര്‍ക്കുന്നത് കാണാം. സമസ്ത വേള്‍ഡ് വൈഡ് എന്ന പേജും പോരടിക്കാനായി ഇരുവര്‍ക്കുമിടയിലുണ്ട്.
ഹക്കീം ഫൈസിയെ പുറത്താക്കിയ തീരുമാനം എന്തിനാണെന്ന് സമസ്തയുടെ പരമോന്നത ബോഡിയായ മുശാവറ ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്. എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന് അറിയില്ലെന്നാണ് ഹക്കീം ഫൈസിയും പറയുന്നത്. ഫോണ്‍ കോളില്‍ പോലും വിശദീകരണം ചോദിക്കാതെയാണ് പുറത്താക്കലെന്നത് ഇരുകൂട്ടരും സമ്മതിക്കുന്നുണ്ട്.