ഭരണഘടനയിലെ മതേതരത്വവും സോഷ്യലിസവും: എതിർപ്പ് ആമുഖത്തിലെ ആ വാക്കുകളോട് മാത്രമോ

ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന തത്വങ്ങളും മൂല്യങ്ങളുമാണ് 'ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍' എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്

പുതിയ പാര്‍ലമെന്റില്‍ നമ്മുടെ ജനപ്രതിനിധികള്‍ സമ്മേളിച്ച് തുടങ്ങി. ആദ്യ ദിനം എല്ലാ അംഗങ്ങള്‍ക്കും ഭരണഘടനയുടെ പകര്‍പ്പും നല്‍കി. എന്നാല്‍ അത് തന്നെ വിവാദമായിരിക്കുകയാണ്. എംപി മാര്‍ക്ക് നല്‍കിയ ഭരണഘടന പകര്‍പ്പുകളില്‍ സോഷ്യലിസവും മതേതരത്വവും ഇല്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിന്റെ ആവശ്യമില്ലെന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണം. ഭരണഘടനയുടെ ആമുഖം, പ്രീയാംമ്പിളില്‍ മതേതരത്വവും സോഷ്യലിസവും ആദ്യം ഉണ്ടായിരുന്നില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ആമുഖത്തില്‍നിന്ന് മാറ്റിയത് കൊണ്ട് മാത്രം മതേതരത്വം ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് ഇല്ലാതാകുമോ? ഭരണഘടനയില്‍ അന്തര്‍ലീനമാണ് മതേതരത്വം എന്ന ആശയം. അതിനെ ഇല്ലാതാക്കുന്നതിന്റെ തുടക്കമാകുമോ ബിജെപിയുടെ ആമുഖം തിരുത്തിയ നടപടി

ഭരണഘടനയിലെ മതേതരത്വവും സോഷ്യലിസവും: എതിർപ്പ് ആമുഖത്തിലെ ആ വാക്കുകളോട് മാത്രമോ
ഭരണഘടനയിൽനിന്ന് 'മതേതരത്വം' പുറത്ത്: വിതരണം ചെയ്ത പുതിയ പതിപ്പിൽ സെക്യുലറും സോഷ്യലിസ്റ്റും ഇല്ലെന്ന് കോണ്‍ഗ്രസ്‌

ആമുഖത്തിലെ മതേതരത്വവും സോഷ്യലിസവും

ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന തത്വങ്ങളും മൂല്യങ്ങളുമാണ് 'ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍' എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്. പരമാധികാരം, മതേതരത്വം, സോഷ്യലിസ്റ്റ്, ജനാധിപത്യം, റിപ്പബ്ലിക്, സ്വാതന്ത്ര്യം, നീതി, സാഹോദര്യം, സമത്വം എന്നീ ആശയങ്ങള്‍ ഇത് മുന്നോട്ട് വെക്കുന്നു. ബിജെപി പറയുന്നത് പോലെ മതേതരത്വവും സോഷ്യലിസവും ആദ്യത്തെ ഭരണഘടനയില്‍ ഉണ്ടായിരുന്നില്ല. അത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ കാലത്ത് ഭരണഘടന ഭേദഗതിയിലൂടെ കൂട്ടി ചേര്‍ത്തതാണ്.

1976 ഡിസംബര്‍ 18-ന് ഒരിക്കല്‍ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ളത്. അടിയന്തരവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭരണഘടനയുടെ നാല്‍പ്പത്തിരണ്ടാം ഭേദഗതി നടത്തി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ ഭേദഗതിയിലൂടെ, പരമാധികാരം, ജനാധിപത്യം (Sovereign and democratic) എന്നീ വാക്കുകള്‍ക്കിടയില്‍ സോഷ്യലിസ്റ്റ്, മതേതര (socialist & secular) എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തിന്റെ ഐക്യം (unity of the Nation ) എന്നത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും( unity and integrity of the Nation) എന്നാക്കി മാറ്റുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ തന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ദിര ഗാന്ധി ഇത്തരമൊരു നീക്കം നടത്തിയത്. ഇന്ദിരാഗാന്ധി അന്ന് ഒരു സോഷ്യലിസ്റ്റ് നേതാവിന്റെ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഗരീബി ഹഠാവോ, എന്ന മുദ്രവാക്യത്തിലൂടെ മാത്രമല്ല, ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെയും മറ്റും അവര്‍ സോഷ്യലിസ്റ്റ് ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു അടിയന്തരാവസ്ഥ കാലത്തെ ഈ ഭേദഗതി.

ഭരണഘടനയിലെ മതേതരത്വവും സോഷ്യലിസവും: എതിർപ്പ് ആമുഖത്തിലെ ആ വാക്കുകളോട് മാത്രമോ
നിയമം 2029 ല്‍ നടപ്പിലാവട്ടെ, 2024ൽ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണോ?

ബിജെിപയുടെ എതിര്‍പ്പ് മതേതരത്വത്തോട്

ഇന്ദിരാഗാന്ധി കൊണ്ടുവന്നുവെന്നത് മാത്രമല്ല, ബിജെപിയുടെ എതിര്‍പ്പിന് കാരണം. ആ രണ്ട് വാക്കുകള്‍ പേറുന്ന അര്‍ത്ഥം തന്നെയാണ്. സോഷ്യലിസവും മതേതരത്വവും. രണ്ടിനെതിരയുമാണ് ബിജെപിയുടെ പോരാട്ടം. 2008 ല്‍ സോഷ്യലിസ്റ്റ് എന്ന വാക്ക് ആമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. സോഷ്യലിസ്റ്റ് എന്ന ആശയത്തെ കമ്മ്യൂണിസവുമായി മാത്രം ചേര്‍ത്ത് വായിക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

2015 ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഈ വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം ഉപയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അന്ന് ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖമാണ് പങ്കുവെച്ചതെന്നായിരുന്നു കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് വിശദീകരണം നല്‍കിയത്. അടിയന്തരാവസ്ഥക്ക് മുന്‍പ് നെഹ്റുവിന് മതേതരത്വത്തെക്കുറിച്ച് അറിവില്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 2020 ഇല്‍ ബിജെപി എംപി രാകേഷ് സിന്‍ഹ സോഷ്യലിസ്റ്റ് എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇതിനൊടുവിലാണ് ഇപ്പോള്‍ സോഷ്യലിസവും മതേതരത്വവുമില്ലാത്ത ഭരണഘടന പതിപ്പുകള്‍ നല്‍കിയത്.

ഭരണഘടനയിലെ മതേതരത്വവും സോഷ്യലിസവും: എതിർപ്പ് ആമുഖത്തിലെ ആ വാക്കുകളോട് മാത്രമോ
കൂടുതല്‍ സ്ത്രീകള്‍ സഭകളിലെത്തുമ്പോള്‍

ആദ്യം മതേതരത്വം ഉൾപ്പെടുത്താത്തത് എന്ത്കൊണ്ട് ?

സോഷ്യലിസമെന്ന വാക്ക് ഭരണഘടനയില്‍ വേണമെന്ന് ഭരണ ഘടന സഭയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അംബേദ്ക്കര്‍ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ നയം എന്തായിരിക്കണം, ജനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക വശങ്ങളില്‍ എങ്ങനെ സംഘടിപ്പിക്കപ്പെടണം എന്നത് അതാത് കാലഘട്ടങ്ങളില്‍ സാഹചര്യം അനുസരിച്ച് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അങ്ങനെ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ രണ്ട് വാക്കുകള്‍ ഇല്ലാതെ തന്നെയാണ് ഭരണഘടനയുടെ ആദ്യ ഡ്രാഫ്റ്റ് പുറത്തിറക്കിയത്.

അതേ സമയം എല്ലാവരെയും തുല്യരായി കാണുന്ന, എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉള്ള, എല്ലാ മതങ്ങളും തുല്യമായിരിക്കുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. ഈ ആശയങ്ങള്‍ ഭരണഘടയുടെ അടിസ്ഥാന തത്വങ്ങളായി നിലകൊള്ളുകയും ചെയ്യുന്നു. അതായത് സോഷ്യലിസവും മതേതരത്വവും ഭരണഘടനയില്‍ അന്തര്‍ലീനമാണ്. ആമുഖത്തില്‍ ഇല്ലെങ്കിലും ഭരണഘടനയില്‍ അതുണ്ട്. മതേതരത്വത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്ന ബിജെപിയുടെ യഥാര്‍ത്ഥ ശത്രു ആമുഖത്തില്‍ ഇന്ദിരാഗാന്ധി ഭേദഗതിയിലൂടെ എഴുതി ചേര്‍ത്ത വാക്കുകള്‍ അല്ല. ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന്റെയും തുല്യ പരിഗണനയുടെതുമായ ആശയങ്ങളാണ്. അതിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുമോ എന്ന ആശങ്ക ഉയരുന്നതും ഇതുകൊണ്ടാണ്. അടുത്ത തിരഞ്ഞെടുപ്പായിരിക്കും ഇതിലൊക്കെ നിര്‍ണായകമാകുക.

Related Stories

No stories found.
logo
The Fourth
www.thefourthnews.in