ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി

ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി

മുഴുവൻ സമയം ഒരു പ്രോസിക്യൂട്ടർ ഇല്ലാതിരുന്നു എന്നത് കേസിന് ഇത്രയും കാലതാമസമുണ്ടാകാൻ കാരണമായി
Updated on
3 min read

നീണ്ട ഒന്നരപ്പതിറ്റാണ്ട്. ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കുറ്റക്കാരാണെന്ന് കോടതി വിധി പ്രസ്താവിച്ചു.സൗമ്യയുടെ കൊലപാതകം നടന്ന് കൃത്യം 15 വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴാണ് പ്രതികള്‍ കുറ്റക്കാരാണെന്നു നീതിപീഠം കണ്ടെത്തുന്നത്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂറും, അമിത് ശുക്ലയും, അജയ് കുമാറും, ബൽജീത് മാലിക്കും കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തുകയായിരുന്നെന്നും അതേസമയം അഞ്ചാം പ്രതി അജയ് സേത്തിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും ഗൂഢാലോചനയുൾപ്പെടെ മറ്റു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.

ഐ പി സി 302, 34 വകുപ്പുകളും, മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ (മകോക) 3(1)(i) വകുപ്പുമാണ് ആദ്യ നാലുപേർക്കെതിരെ ചുമത്തിയത്. അജയ് സേത്തിക്കെതിരെ ഐ പി സി 411 വകുപ്പ് പ്രകാരവും മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ 3(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കുറ്റം ചുമത്തിയത്.

കേസിന്റെ നാൾവഴികൾ

2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഹൈഡ്‌ലൈന്‍സ് ടുഡെ ചാനലിലെ മധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം അപകടമരണമാണെന്നായിരുന്നു നിഗമനമെങ്കിലും മൃതദേഹ പരിശോധനയില്‍ തലയ്ക്കു വെടിയേറ്റതായി കണ്ടെത്തി.

ഇതോടെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. എന്നാല്‍ ആദ്യഘട്ട അന്വേഷണങ്ങളില്‍ കാര്യമായ തുമ്പൊന്നും കണ്ടെത്താനായില്ല. ഒടുവില്‍ കൃത്യം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടുന്നത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍ അമിത് ശുക്ല എന്നിവര്‍ മറ്റൊരു പോലീസ് സംഘത്തിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഒരു വര്‍ഷം മുമ്പ് സൗമ്യയെ വെടിവച്ചു കൊന്നതും തങ്ങളാണെന്ന് അവര്‍ വെളിപ്പെടുത്തുകയായിരുന്നു.

ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി
ചൈനീസ് താത്പര്യങ്ങളുടെ മുഖപത്രമല്ല, നിയമനടപടിയുടെ പവിത്രതയെ മാനിക്കും; നിലപാട് നേരത്തേ വ്യക്തമാക്കി ന്യൂസ്‌ക്ലിക്ക്

സംഭവദിവസം മെറൂണ്‍ നിറത്തിലുള്ള ഒരു കാര്‍ സൗമ്യയുടെ കാറിനെ പിന്തുടര്‍ന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ജിഗിഷയുടെ കൊലക്കേസിലും ഇതേ വാഹനത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഓടുന്ന കാറില്‍ നിന്നാണ് സൗമ്യയ്ക്കു നേരെ വെടിയുതിര്‍ത്തതെന്നും കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

തുടര്‍ അന്വേഷണത്തില്‍ കൂട്ടുപ്രതികളായ ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. 2010 ജൂണില്‍ ഇവരെ പ്രതിചേര്‍ത്ത് ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ മകോക നിയമവും ചുമത്തിയിരുന്നു. 2010 നവംബര്‍ 16-ന് സാകേത് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2016 ജൂലൈ 19-നാണ് വാദം പൂര്‍ത്തിയായത്.

സൗമ്യ വിശ്വനാഥൻ
സൗമ്യ വിശ്വനാഥൻ

എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് കേസിന്റെ നടപടിക്രമങ്ങള്‍ വീണ്ടും നീണ്ടു. കോടതി നടപടിക്രമങ്ങളുടെ ഓൺലൈൻ രേഖകൾ പരിശോധിക്കുമ്പോൾ വലിയ കാലതാമസം കേസിന്റെ പലഘട്ടത്തിലും സംഭവിച്ചതായി കാണാം. മകോക കാരണമുള്ള നിയമപ്രശ്‌നങ്ങളായിരുന്നു ഏറെയും. ഇതുകാരണം കേസില്‍ വിധിപറയുന്നത് പലതവണ മാറ്റിവച്ചു. സാക്ഷികൾക്ക് സമൻസ് എത്തിച്ച് നൽകാത്തതും, സാക്ഷികൾ ഹാജരാകാത്തതും, വ്യത്യസ്ത കോടതികളിൽ നിന്നും പോലീസ് സ്റ്റേഷനുകളിൽ നിന്നും ഫോറൻസിക് രേഖകൾ ലഭികാത്തിരുന്നതുമൊക്കെ വിചാരണ വൈകിപ്പിച്ചു. ഇതിനിടെ കോവിഡും ലോക്ഡൗണും വിധിപ്രസ്താവം നീളാന്‍ കാരണമായി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതു മുതല്‍ ഇതുവരെ 320 ഹിയറിങ്ങുകളാണ് നടന്നത്. ഒടുവില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷം ഇപ്പോള്‍ വിധി പ്രസ്താവിച്ചിരിക്കുകയാണ്. പ്രതികളുടെ ശിക്ഷാ വിധി അധികം വൈകാതെ വന്നേക്കും.

മകോക എങ്ങനെ വിചാരണയെ ബാധിച്ചു?

പ്രതികൾക്കുമേൽ മകോക ചാർത്തുന്നതിലൂടെ നിയമപരമായി കേസ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ചെയ്തത്. മകോക ചുമത്തപ്പെട്ടാല്‍ പ്രതികള്‍ ആ കേസില്‍ മാത്രം ഉള്‍പ്പെട്ടവരാണെന്ന് തെളിയിച്ചാല്‍ മാത്രം പോരാ പ്രോസിക്യൂഷന്. മറിച്ച്, ഇത് സംഘടിതമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നും, ഇതിനുമുമ്പും നിരവധി കൊലപാതകങ്ങൾ ഈ പ്രതികൾ ചെയ്തിട്ടുണ്ടെന്നും തെളിയിക്കേണ്ടതായിട്ടുണ്ട്.

ജിഗിഷ ഘോഷിന്റെയും മറ്റൊരു കൊലപാതകത്തിലും കുറ്റക്കാരാണെന്ന് 2018ൽ തെളിയിക്കപ്പെട്ടെങ്കിലും, ഇതെല്ലാം ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങളാണെന്ന് തെളിയിക്കാൻ വേറെയും തെളിവുകൾ ആവശ്യമായി വന്നു. അതിനൊക്കെ കാലതാമസം നേരിടുകയും ചെയ്തു. 2002 മുതല്‍ 2009 വരെ പ്രതികള്‍ നടത്തിയെന്നു പറയുന്ന കുറ്റകൃത്യങ്ങളുടെ എല്ലാ വിവരങ്ങളും കണ്ടെത്തി കോടതിയെ ബോധ്യപ്പെടുത്താന്‍ ഏറെ കാലതാമസം നേരിട്ടതാണ് വിചാരണ വൈകിപ്പിച്ചത്. 2007ലെ രണ്ട് കേസുകളുടെ ചാർജ്ഷീറ്റ് വിവരങ്ങൾ ലഭിക്കാൻ നിരവധി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വന്നു. ഇവർക്കെതിരെയുള്ള എട്ട്‌ എഫ് ഐ ആറുകളിൽ മൂന്ന്‌ എണ്ണങ്ങളുടെ വിവരങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു എന്നാണ് പോലീസ് ഈ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചത്.

ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി
ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് വീണ്ടും മോദി സർക്കാർ

സ്ഥിരമായി ഒരു പ്രോസിക്യൂട്ടർ ഇല്ലാത്തതും തിരിച്ചടിയായി

മുഴുവൻ സമയം ഈ കേസിൽ തന്നെ ഇടപെട്ടുകൊണ്ട് ഒരു പ്രോസിക്യൂട്ടർ ഇല്ലായിരുന്നു എന്നതും കാലതാമസമുണ്ടാകാൻ കാരണമായി. സീനിയർ പ്രോസിക്യൂട്ടർ രാജീവ് മോഹൻ ആയിരുന്നു കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. എന്നാൽ 2016 ആകുമ്പഴേക്കും പല ഹിയറിങ്ങുകളിലും അദ്ദേഹം പങ്കെടുക്കാതെയായി. പിന്നീട് രാജിവച്ചു. 2017 ഫെബ്രുവരിയോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ ആവശ്യമായ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കോടതി പ്രോസിക്യൂഷൻ ഡിപാർട്മെന്റിന് ഉത്തരവ് നൽകി. ഹിയറിങ്ങുകൾ നിരവധി നാൾ നീണ്ടു പോയി. കോടതി വളപ്പിൽ കാത്തിരുന്ന സാക്ഷികൾ മടുത്ത് ഹാജരാകാതെ തിരിച്ചുപോയി, നിരവധി പ്രോസിക്യൂട്ടർമാർ വീണ്ടും വന്നും പോയുമിരുന്നു.

2019 ഫെബ്രുവരിയിൽ പ്രതികളിലൊരാളായ ബൽജിത് സിംഗ്, വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അതേസമയത്ത് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യയുടെ അമ്മയും അച്ഛനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടു.

നിരവധി പ്രോസിക്യൂട്ടർമാർ മാറിവന്നതിനു ശേഷം, 2022 മാർച്ചിൽ എല്ലാ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. എന്നാൽ ഏറ്റവും കൗതുകകരമായ കാര്യം, പ്രതികൾ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഒരു സാക്ഷിയെ പോലും ഹാജരാക്കിയിരുന്നില്ല എന്നതാണ്. അഞ്ച് പ്രതികളുടെ ഭാഗം കേൾക്കാൻ മാത്രം കോടതി ഒരു വർഷം എടുത്തു. 2022 മാർച്ച് മുതൽ 2023 മെയ് വരെ പ്രതികളെ വിസ്തരിച്ചു. അതിനു ശേഷമാണ് കോടതി അന്തിമവാദം കേൾക്കുന്നത്. അഡിഷണൽ സെഷൻസ് ജഡ്ജിയായിരുന്ന സഞ്ജീവ് കുമാർ സിങ് ആണ് ആദ്യ സമയം കേസിന്റെ വിസ്താരം കേട്ടിരുന്നത്. പിന്നീട് അദ്ദേഹം മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. അതിനു ശേഷം രവീന്ദ്രകുമാർ പാണ്ടെ ജഡ്ജിയായി വന്നു. അദ്ദേഹം വാദം ആദ്യം മുതൽ തുടങ്ങി.

സൗമ്യ വിശ്വനാഥൻ
സൗമ്യ വിശ്വനാഥൻ

ഒടുവിൽ 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ സൗമ്യയുടെ മാതാപിതാക്കൾക്ക് നീതിലഭിക്കുകയാണ്, അഥവാ പ്രതീക്ഷ തിരിച്ചു ലഭിക്കുകയാണ്. തങ്ങൾക്കനുകൂലമായ ഒരു വിധിയാവും വരിക എന്ന് സൗമ്യയുടെ അമ്മ മാധവി വിശ്വനാഥൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. അത് ഈ കോടതി വിധിയിലൂടെ സാധ്യമാവുകയാണ്. പ്രതികളായ മുഴുവൻപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്‌ കോടതി.

ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത റിമാന്‍ഡില്‍; ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍
logo
The Fourth
www.thefourthnews.in