ഓപ്പണ്‍ഹൈമറും ഭഗവദ് ഗീതയും തമ്മിലെന്ത്?

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ഓപ്പണ്‍ ഹൈമര്‍' പുറത്തിറങ്ങിയതോടെ വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്

ആറ്റംബോബിന്റെ പിതാവ് ഓപ്പണ്‍ ഹൈമറാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ക്രിസ്റ്റഫര്‍ നോളന്റെ സിനിമ ലോകവ്യാപമായി ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഓപ്പണ്‍ഹൈമറും ഭഗവദ് ഗീതയും തമ്മിലെന്താണ് ബന്ധം? അതിലൊരു കഥയുണ്ട്. അതും സിനിമ പുറത്തുവന്നതോടെ വിവാദമായിരിക്കുകയാണ്.

'ഞാന്‍ മരണമാകുന്നു. ഈ ലോകത്തിന്റെ അന്തകന്‍' ആറ്റം ബോംബിന്റെ പിതാവ് ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വാക്കുകളാണിത്. ഹൈമറിന്റെ അസാധാരണവും നാടകീയവുമായ ജീവിതകഥ പറയുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ഓപ്പണ്‍ ഹൈമര്‍' പുറത്തിറങ്ങിയതോടെ വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ആരാണ് ഓപ്പണ്‍ ഹൈമര്‍? എന്താണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തില്‍ പറയുന്നത്?

1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച ഓപ്പണ്‍ഹൈമറുണ്ട്. തന്റെ കണ്ടുപിടിത്തം ജപ്പാന്‍ നഗരങ്ങളെ ചാരമാക്കിയപ്പോള്‍ ഓപ്പണ്‍ ഹൈമറുടെ ഏക ദുഃഖം അത് ജര്‍മനിയില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. പിന്നീട് രണ്ടാം ലോകയുദ്ധം അവസാനിച്ചതിന് ശേഷം 'എന്റെ കൈകളില്‍ രക്തമാണെന്ന്' കണ്ണീരോടെ വിലപിച്ച ഓപ്പണ്‍ ഹൈമറെയും ചിത്രത്തില്‍ കാണാം. പ്രഗത്ഭനായ ഭൗതിക ശാസ്ത്രജ്ഞനും ദാര്‍ശനികനുമായിരുന്ന ഓപ്പണ്‍ ഹൈമറിന്റെ ആറ്റം ബോംബ് കണ്ടുപിടുത്തത്തിന് ഒരു ജനതയുടെ തീരാത്ത ദുഖത്തിന്റെ ആഴമുണ്ട്.

എന്നാല്‍ മനുഷ്യരാശിയെ തുടച്ചു നീക്കാനുള്ള കണ്ടുപിടിത്തമായ ആറ്റംബോംബിന്റെ ഉപയോഗത്തെ ഇന്നേവരെ അമേരിക്ക തള്ളിപ്പറഞ്ഞിട്ടില്ല. അമേരിക്കന്‍ ഭരണകൂട രാഷ്ട്രീയത്തിന്റെ ഈ നിലപാട് എങ്ങനെയാണ് നോളന്‍ ചിത്രത്തില്‍ പറയുന്നത് എന്നതായിരുന്നു ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു കാര്യം. എന്നാല്‍ ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് അയാളുടെ വൈകാരിക തലത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയുള്ള സിനിമ ഒരുക്കാനാണ് ക്രിസ്റ്റഫര്‍ നോളന്‍ ശ്രമിച്ചത്. അമേരിക്കയുടെ ഈ നിലപാട് തെറ്റാണെന്ന് പറയാനുള്ള അവസരത്തെ സിനിമാറ്റിക്ക് അനുഭൂതി മാത്രം സൃഷ്ടിച്ച് മറികടക്കുകയെന്ന ഗിമ്മിക്കാണ് നോളന്‍ ചിത്രത്തില്‍ ചെയ്തതെന്നും ചില വിലയിരുത്തലുകളുണ്ട്. 2005 ല്‍ കൈ ബേര്‍ഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും ചേര്‍ന്ന് എഴുതിയ ഓപ്പണ്‍ ഹൈമറിന്റെ ജീവചരിത്രമാണ് 'അമേരിക്കന്‍ പ്രോമിത്യൂസ്'. ഈ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ക്രിസ്റ്റഫര്‍ നോളന്റെ ചിത്രം.

ഓപ്പണ്‍ഹൈമറും ഭഗവദ് ഗീതയും തമ്മിലെന്ത്?
'ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗം'; നോളന്റെ ഓപ്പൺഹൈമർ വിവാദത്തിൽ

ഓപ്പണ്‍ഹൈമറും ഭഗവദ് ഗീതയും തമ്മിലെന്ത് ?

കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്‍പായി താരം പറഞ്ഞത്, ഓപ്പണ്‍ ഹൈമറാകാന്‍ താന്‍ ഭഗവദ് ഗീതയും സംസ്‌കൃതവും പഠിച്ചിരുന്നു എന്നാണ്. ഇവിടെയാണ് ഓപ്പണ്‍ ഹൈമറും ഭഗവദ് ഗീതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ചയാകുന്നത്. അദ്ദേഹം ഭഗവദ് ഗീതയുടെ ആരാധകനായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

'ഞാന്‍ മരണമാകുന്നു, ലോകത്തിന്റെ അന്തകന്‍' എന്ന ഓപ്പണ്‍ ഹൈമറിന്റെ വാക്കുകള്‍ ഭഗവദ് ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് കഥ. ആദ്യത്തെ ആണവ സ്ഫോടനമെന്ന് വിശേഷിപ്പാവുന്ന ട്രിനിറ്റി പരീക്ഷണത്തിന് ശേഷം ഓപ്പണ്‍ ഹൈമര്‍ ഈ വാചകം മനസ്സില്‍ ഉരുവിട്ടെന്നും പറയുന്നു. ചില വൈകുന്നേരങ്ങളില്‍ വ്യക്തിപരമായ സന്തോഷം ലഭിക്കുന്നതിനും മറ്റ് ചിലപ്പോള്‍ തന്റെ സുഹൃത്തുക്കളെ രസിപ്പിക്കുവാനും ഓപ്പണ്‍ ഹൈമര്‍ ഭഗവത് ഗീത വായിച്ചിരുന്നുവെന്നാണ് 1948 ലെ ടൈം മാഗസിനില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത്. അങ്ങനെ അദ്ദേഹം സംസ്‌കൃതവും പഠിച്ചിരുന്നു.

എന്നാല്‍ ഭഗവദ് ഗീതയും ഓപ്പണ്‍ ഹൈമറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ക്രിസ്റ്റഫര്‍ നോളന്റെ ചിത്രം ഇന്ത്യയ്ക്കകത്ത് ചില വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിടുന്ന കിലിയന്‍ മര്‍ഫി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് കാരണം. ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും അത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നുമാണ് സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പറയുന്നത്.

എന്തായാലും ഓപ്പണ്‍ഹൈമര്‍ ചിത്രത്തിലൂടെ അണുബോബും യുദ്ധവുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്. അമേരിക്കയുടെ ഇപ്പോഴും തീരാത്ത യുദ്ധക്കൊതിയ്ക്ക് സമകാലിക ലോകത്തും ഉദാഹരണങ്ങളുണ്ട്. ഓപ്പണ്‍ ഹൈമറിന്റെ വ്യക്തിജീവിതത്തെക്കുറിച്ചാണെങ്കിലും യുദ്ധവും ആധിപത്യത്തിനായുള്ള കിടമത്സരവും ഇതിന്റെ ഭാഗമായി ചര്‍ച്ചയാവുന്നുവെന്നതും നല്ലത് തന്നെ. ഓപ്പണ്‍ഹൈമറെക്കുറിച്ചുളള ഏത് പരാമര്‍ശവും യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചുള്ള ചിന്തകള്‍ മനുഷ്യ മനസ്സില്‍ ഉയര്‍ത്തും. അത് ആക്രമണത്തിനെതിരായ, അണുബോബിനെതിരായ ഒരു അവബോധം സൃഷ്ടിക്കുമെങ്കില്‍ അത്രയും നല്ലത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in