ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ
ആഗോളതലത്തില്‍ ഏറ്റവും ഉയർന്ന താപനില റിപ്പോര്‍ട്ട് ചെയ്ത മാസമായിരുന്നു ഏപ്രില്‍. ഇന്ത്യയിലും ജനങ്ങള്‍ ചുട്ടുപൊള്ളിയ മാസവും ഏപ്രില്‍ തന്നെ. ചൂട് കൂടുന്നതിനും ഉഷ്ണ തരംഗമുണ്ടാകുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെയാണ് വിദഗ്‍ധർ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കിഴക്കേ ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും ചില ഭാഗങ്ങളില്‍ കഠിനമായ ചൂടാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലം 45 മടങ്ങ് കൂടുതലായാണ് താപനില അനുഭവപ്പെട്ടതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അതായത് കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കില്‍ ഇത്തരത്തിലൊരു ഉയര്‍ന്ന താപനില അനുഭവപ്പെടില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഉയര്‍ന്ന താപനിലയെ അല്ല ഉഷ്ണതരംഗമെന്ന് വിളിക്കുന്നത്. മറിച്ച് താപനിലയിലുണ്ടാകുന്ന അസാധാരണത്വമാണ് ഉഷ്ണതരംഗം
കാലാവസ്ഥ വ്യതിയാനം കാരണമാണോ അസാധാരണമായ കാലാവസ്ഥാ പ്രതിഭാസം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ഗവേഷക ഗ്രൂപ്പായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനാണ് പഠനം നടത്തിയത്. എന്നാല്‍ ഈ വര്‍ഷം മാത്രമല്ല ഇത്തരമൊരു പ്രതിഭാസം ഇന്ത്യയില്‍ അനുഭവപ്പെടുന്നത്. മൂന്ന് വര്‍ഷങ്ങളിലായി വേനലിന്റെ ആദ്യ സമയത്ത് തന്നെ അനുഭവപ്പെടുന്ന ഉഷ്ണ തരംഗം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും 2023 ഏപ്രിലിലുമുണ്ടായ കഠിനമായ ചൂട് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ടെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വര്‍ധിക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്ന പുതിയ പഠനമേഖലയാണ് ആട്രിബ്യൂഷന്‍ സയന്‍സ്. കാലാവസ്ഥ വ്യതിയാനം ആഗോള പ്രതിഭാസമായതിനാല്‍ ഏതെങ്കിലും ഒറ്റപ്പെട്ട കാലാവസ്ഥാ സംഭവങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ ശാസ്ത്രജ്ഞര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതേസമയം, ഒരു പ്രത്യേക കാലാവസ്ഥാ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം മൂലമാണോ സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഉപകരണങ്ങളും രീതിശാസ്ത്രങ്ങളും ഇക്കാലയളവില്‍ കണ്ടെത്തിയിട്ടുമുണ്ട്.
ഇന്ത്യയിലെ ഉഷ്ണതരംഗം
ഉയര്‍ന്ന താപനിലയെയാണ് ഉഷ്ണതരംഗമെന്ന് വിളിക്കുന്നതെന്ന് തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഉയര്‍ന്ന താപനിലയല്ല ഉഷ്ണതരംഗം. മറിച്ച് താപനിലയിലുണ്ടാകുന്ന അസാധാരണത്വമാണ് ഉഷ്ണതരംഗം. ഉദാഹരണമായി, സാധാരണയായി 40 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തുന്ന ഒരു പ്രദേശത്ത് 42 അല്ലെങ്കില്‍ 43 ഡിഗ്രി വരെയുള്ള താപനിലയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ഉഷ്ണതരംഗമാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ 27അഥവാ 28ഡിഗ്രി കാലാവസ്ഥ രേഖപ്പെടുത്തുന്ന പ്രദേശങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ അത് ഉഷ്ണതരംഗമാണെന്ന് പറയാം.
വേനല്‍ക്കാലത്ത് വടക്കേ ഇന്ത്യയിലും മധ്യേന്ത്യയിലും കിഴക്കേ ഇന്ത്യയിലും ഉഷ്ണതരംഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ തീവ്രമുള്ളതാകുമെന്നും നീണ്ടുനില്‍ക്കുമെന്നും തെളിവുകള്‍ സഹിതം പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ശൈത്യകാലമെന്ന് അറിയപ്പെടുന്ന ഫെബ്രുവരിയിലാണ് കഴിഞ്ഞ വര്‍ഷം പല ഭാഗങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെട്ടത്. ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തതില്‍നിന്ന് ഈയൊരു മാറ്റം ഇന്ത്യൻ കാലാവസ്ഥ വകുപ്പിനെ (ഐഎംഡി) പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ താപനില സാധാരണയുള്ളതിനേക്കാള്‍ 1.36 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട രണ്ടാമത്തെ ഫെബ്രുവരിയായിരുന്നു അത്. കൂടാതെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ വര്‍ഷം കൂടിയായിരുന്നു 2023.
അതിരൂക്ഷമായ ഉഷ്ണതരംഗമാണ് ഇത്തവണ കാണപ്പെടുന്നത്. വേനലിന്റെ തുടക്കത്തില്‍ സാധാരണയുള്ള നാല് മുതല്‍ എട്ട് ദിവസം വരെയുള്ള ദിവസങ്ങളില്‍ നിന്നും 10 മുതല്‍ 20 ദിവസം വരെ ഉഷ്ണതരംഗം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഒഡിഷയില്‍ 18 ദിവസമാണ് ഉഷ്ണതരംഗം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ ഉഷ്ണതരംഗമാണ്.
15 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഉഷ്ണതരംഗം രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കിഴക്കന്‍ ഇന്ത്യയിലും എക്കാലത്തെയും ചൂട് കൂടിയ ഏപ്രില്‍ തന്നെയായിരുന്നു ഇത്തവണത്തേത്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യാഴാഴ്ച മുതല്‍ പുതിയ ഉഷ്ണതരംഗം അനുഭവപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഡി നൽകിയ സൂചന.
ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതങ്ങള്‍
ഉഷ്ണതരംഗവും കൂടിയ താപനിലയും ആരോഗ്യപരമായ പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ചൂടുമായി അധികനേരം സമ്പര്‍ക്കത്തിലിരിക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കാനും ഹൃദയസംബന്ധമായ രോഗങ്ങളും ശ്വാസകോശ രോഗങ്ങളും വരാന്‍ കാരണമാകുകയും ചെയ്യുന്നു. കഠിനമായ ക്ഷീണവും അനുഭവപ്പെടാം. ഒരുപക്ഷേ അകാല മരണത്തിനു പോലും ഉഷ്ണതരംഗം കാരണമാകുന്നുണ്ട്.
അതേസമയം, കനത്ത ചൂട് കാരണമുള്ള രോഗങ്ങളുടെയും മരണത്തിന്റെയും വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നില്ല. ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതുപോലും 10 വര്‍ഷം മുമ്പാണ്. എന്നിരുന്നാലും വിശ്വസനീയമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. മാത്രവുമല്ല, ഐഎംഡി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ), ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വീലിയന്‍സ് പ്രോഗ്രാം, ദേശീയ ക്രൈം റിപ്പോര്‍ട്ട് ബ്രൂറോ (എന്‍സിആര്‍ബി) തുടങ്ങിയ വ്യത്യസ്തമായ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യത്യാസം കാണിക്കുന്നുണ്ട്.
ഉദാഹരണത്തിന് 2022ല്‍ ചൂട് കാരണമുണ്ടായ ആകെ മരണം 33 ആണെന്നാണ് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ 730 മരണമാണ് എന്‍സിആര്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ല്‍ ആദ്യ ആറ് മാസം കൊണ്ട് 264 പേരാണ് ചൂട് കാരണം മരിച്ചതെന്നും അതേ പാര്‍ലമെന്റ് സെഷനില്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
മുൻകരുതലുകള്‍
ഉഷ്ണതരംഗം കുറയ്ക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പല മാര്‍ഗങ്ങളും സംസ്ഥാന തലത്തില്‍ കൊണ്ടുവരുന്നു. ഉഷ്ണതരംഗം ബാധിക്കുമെന്ന് കണക്കാക്കുന്ന 23 സംസ്ഥാനങ്ങളില്‍ പ്രതിവിധി കണ്ടെത്തുന്നതിനായി ആക്ഷന്‍ പ്ലാനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ തണുത്ത വെള്ളം ലഭ്യമാക്കുക, നിര്‍ജലീകരണം പ്രതിരോധിക്കാനുള്ള ലായനികള്‍ സൗജന്യമായി വിതരണം ചെയ്യുക, ചൂട് അനുഭവപ്പെടുന്ന ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടുക, പാര്‍ക്കുകളും തണലുകളുള്ള സ്ഥലങ്ങളും ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
എന്നിരുന്നാലും ഇപ്പോഴത്തെ ഉഷ്ണതരംഗം നീണ്ടുനില്‍ക്കുന്നതിനാല്‍ ഇനിയും മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. നിര്‍മാണം പോലുള്ള അസംഘടിത തൊഴിലുകളില്‍ നിയന്ത്രണം കൊണ്ടുവരണം. തുറസായ സ്ഥലത്തുള്ള അപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ സമയങ്ങളില്‍ നിര്‍ത്തിവെക്കുന്നുണ്ടെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണം. സ്‌കൂളുകളും കോളേജുകളും പോലെ ഓഫീസ് സമയങ്ങളിലും മാറ്റം വരുത്താവുന്നതാണ്. കായിക പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ഇത്തരം കാര്യങ്ങള്‍ ചെയ്ത് തീരേണ്ടതുണ്ടെങ്കിലും ആക്ഷന്‍ പ്ലാനുകള്‍ക്ക് മതിയായ ഫണ്ടിന്റെ അഭാവം കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.