സാമ്പത്തിക സംവരണം: എന്താണ് 103ാം ഭേദഗതി? സുപ്രിം കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഏതൊക്കെ?
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിയുടെ സാധുത പരിശോധിക്കുകയാണ് സുപ്രിംകോടതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാലയ പ്രവേശനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്ന 103ാം ഭരണഘടനാ ഭേദഗതിയാണ് ചര്‍ച്ചയാവുന്നത്. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിനേഷ് മഹേശ്വരി, എസ് ബി പര്‍ദിവാല, ബെല്ലാ ത്രിവേദി എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. 2020ലാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്.
സുപ്രീംകോടതി പരിശോധിക്കുന്ന മൂന്ന് കാര്യങ്ങള്‍?
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നാല് വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. അതില്‍ മൂന്നെണ്ണം പരിഗണിക്കാനാണ് സെപ്റ്റംബര്‍ എട്ടിന് കോടതി തീരുമാനിച്ചത്. സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണം ഉള്‍പ്പെടെ പ്രത്യേക വ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നതിലൂടെ 103ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ? സ്വകാര്യ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകള്‍ അടിസ്ഥാന ഘടനയുടെ ലംഘനമാണെന്ന് പറയാനാകുമോ? സാമുഹിക-സാമ്പത്തിക പിന്നാക്ക വിഭാഗം, ഒബിസി, എസ്‌സി, എസ്ടി എന്നിവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സംവരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്നുണ്ടോ? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങള്‍ക്കാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരം തേടുന്നത്.
ഭേദഗതിയോടെ, പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കപ്പെട്ടു.
എന്താണ് 103ാം ഭേദഗതി?
2019 ജനുവരി 12നാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ക്ക് ഭേദഗതി കൊണ്ടുവരുന്നത്. അനുഛേദം 15 മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കുന്നു. പൊതു തൊഴില്‍ അവസരങ്ങളില്‍ തുല്യ അവസരം ഉറപ്പാക്കുന്നതാണ് അനുഛേദം 16. ഇത്തരത്തില്‍, തുല്യതയ്ക്കും സംവരണത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന അനുഛേദങ്ങളിലാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഭേദഗതിക്ക് മുന്‍പ്, വിദ്യാലയങ്ങളിലെ പ്രവേശനത്തിലും ജോലിയിലും സാമുഹിക-സാമ്പത്തിക പിന്നാക്ക വിഭാഗം, ഒബിസി, എസ്‌സി, എസ്ടി എന്നീ വിഭാഗങ്ങള്‍ക്കാണ് സംവരണത്തിന് വ്യവസ്ഥകളുണ്ടായിരുന്നത്. ഭേദഗതിയോടെ, പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കപ്പെട്ടു. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി കേന്ദ്രം നിര്‍വചിച്ചത്. സര്‍ക്കാര്‍ ജോലികള്‍, സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പുതിയ സംവരണ വ്യവസ്ഥയില്‍ ഉള്‍പ്പെടും. അതേസമയം, ന്യൂനപക്ഷ സമുദായം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
നടപ്പാക്കിയത് യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍
യഥാര്‍ത്ഥത്തില്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനം. 2005 മാര്‍ച്ചിലാണ് യുപിഎ സര്‍ക്കാര്‍ റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹോ തലവനായി കമ്മീഷനെ നിയോഗിച്ചത്. 2010ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുവിഭാഗത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും ആകെ വാര്‍ഷിക കുടുബ വരുമാനം നികുതി പരിധിയില്‍ താഴെയുള്ളവരുമായ കുടുംബങ്ങളെ സാമ്പത്തിക പിന്നാക്ക വിഭാഗമായി കണക്കാക്കണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സാമ്പത്തിക സംവരണം നടപ്പാക്കിയത്.
പിന്നാക്കാവസ്ഥയുടെ മാനദണ്ഡം, 103ാം ഭേദഗതിയെ അടിസ്ഥാനമാക്കി 2019 ജനുവരി 31ന് കേന്ദ്ര തൊഴില്‍-പരിശീലന വകുപ്പ് വിജ്ഞാപനം ചെയ്തിരുന്നു
എങ്ങനെയാണ് സാമ്പത്തിക പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നത്?
ജോലിക്കും വിദ്യാലയങ്ങളിലെ പ്രവേശത്തിനുമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡം, 103ാം ഭേദഗതിയെ അടിസ്ഥാനമാക്കി 2019 ജനുവരി 31ന് കേന്ദ്ര തൊഴില്‍-പരിശീലന വകുപ്പ് വിജ്ഞാപനം ചെയ്തിരുന്നു. വിജ്ഞാപന പ്രകാരം, എസ്‌സി, എസ്ടി, ഒബിസി എന്നിങ്ങനെ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവരും എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനവുമുള്ള കുടുംബങ്ങളുമാണ് പ്രത്യേക സാമ്പത്തിക സംവരണത്തിന് അര്‍ഹര്‍. കുടുംബ വാര്‍ഷിക വരുമാനം എങ്ങനെ കണക്കാക്കണം എന്നതുള്‍പ്പെടെ വ്യവസ്ഥകളും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നു.
2021 ഒക്ടോബറില്‍, പിജി മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യ ക്വാട്ടയില്‍ പ്രത്യേക സാമ്പത്തിക സംവരണ പ്രകാരമുള്ള സംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ, എട്ട് ലക്ഷം വരുമാന പരിധി സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്നും അതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രം നിയോഗിച്ച സമിതി ഈ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിലവിലെ സാഹചര്യത്തില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണക്കാക്കുന്നതിനുള്ള വാര്‍ഷിക കുടുംബ വരുമാനത്തിന് എട്ട് ലക്ഷമെന്ന പരിധി യുക്തിസഹമാണെന്നും നിലനിര്‍ത്താമെന്നുമായിരുന്നു സമിതി റിപ്പോര്‍ട്ട്. എന്നിരുന്നാലും, അഞ്ച് ഏക്കറോ അതില്‍ കൂടുതലോ കാര്‍ഷിക ഭൂമി സ്വന്തമായുള്ള അംഗമുള്ള കുടുംബത്തെ സംവരണ പരിധിയില്‍ നിന്നൊഴിവാക്കാമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഭേദഗതിയെ എതിര്‍ക്കാനുള്ള കാരണങ്ങള്‍?
ഒരു നിയമത്തെ വെല്ലുവിളിക്കുമ്പോള്‍, അത് ഭരണഘടനാ വിരുദ്ധമാണെന്ന് തെളിയിക്കാനുള്ള ചുമതല പരാതിക്കാരനാണ്. 103ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നു എന്നതാണ് കേസിലെ പ്രധാന ആരോപണം. എന്താണ് ഭരണഘടനയുടെ അടിസ്ഥാന ഘടന എന്നതിന് കൃത്യമായ നിര്‍വചനം ഇല്ലെങ്കിലും, ഏതെങ്കിലും നിയമം ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ ഭരണഘടനാ വിരുദ്ധമെന്നാണ് വിലയിരുത്തുന്നത്. സാമുഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടന ഉറപ്പാക്കുന്നു. എന്നാല്‍, എല്ലാത്തിനും സാമ്പത്തികാവസ്ഥ മാത്രം അടിസ്ഥാനമാക്കുന്ന 103ാം ഭേദഗതി അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മണ്ഡല്‍ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഭേദഗതിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വാദം.
സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭേദഗതിയെ ചോദ്യം ചെയ്യുന്നുണ്ട്. സംവരണ നയം നടപ്പാക്കാന്‍ സംസ്ഥാനം നിര്‍ബന്ധിക്കുന്നതും മെറിറ്റില്‍നിന്ന് വിഭിന്നമായി മറ്റു മാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടപ്പാക്കുന്നതും വ്യവസായം അല്ലെങ്കില്‍ തൊഴില്‍ നടത്താനുള്ള മൗലികാവകാശത്തെ ഹനിക്കുന്നു എന്ന വാദമാണ് സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്.
സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയെന്ന് സര്‍ക്കാര്‍
എന്താണ് സര്‍ക്കാര്‍ നിലപാട്?
ഭരണഘടനയുടെ 46ാം അനുഛേദ പ്രകാരം, മാര്‍ഗ നിര്‍ദേശക തത്വങ്ങളുടെ ഭാഗമായി സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയാണ് എന്നാണ് സാമുഹിക നീതി, ശാക്തീകരണ മന്ത്രാലയം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് കോട്ടം വരുത്തെന്ന വാദത്തിനും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഭരണഘടനാ ഭേദഗതിക്കെതിരെ ഒരു തര്‍ക്കം നിലനില്‍ക്കണമെങ്കില്‍, ഭരണഘടനയുടെ സ്വത്വം മാറ്റപ്പെട്ടുവെന്ന് ചൂണ്ടിക്കാണിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഇന്ദ്ര സാഹ്നി കേസിനെ പരാമര്‍ശിച്ചുള്ള വാദങ്ങളില്‍, 2008ല്‍ അശോക് കുമാര്‍ താക്കൂര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ ആശ്രയിച്ചത്. അന്ന് ഒബിസിക്ക് 27 ശതമാനം സംവരണം ശരിവെക്കുകയായിരുന്നു കോടതി ചെയ്തത്. ഒബിസിയെ നിര്‍വചിക്കുന്നതിന് ജാതി മാത്രമല്ല മാനദണ്ഡമായി കോടതി അംഗീകരിച്ചത്. ജാതിയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് ഒബിസിയെ നിര്‍വചിച്ചതെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്.