ആദായ നികുതി ഇളവ്, പ്രഖ്യാപനവും ഫലവും
ആദായ നികുതിയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി അടക്കേണ്ടതില്ലെന്ന പ്രഖ്യാപനം കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇന്നത്തെ പ്രഖ്യാപനത്തെ കുറിച്ച് അറിയും മുൻപ് രാജ്യത്ത് നിലവിലുള്ള ആദായ നികുതി സമ്പ്രദായത്തെ കുറിച്ച് അറിയേണ്ടതുണ്ട്. രാജ്യത്ത് രണ്ട് ആദായ നികുതി സ്‌കീമുകളാണ് പ്രാബല്യത്തിലുള്ളത്. നേരത്തെ ഉണ്ടായിരുന്ന പഴയ നികുതി വ്യവസ്ഥയും 2020 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയും. ഇതിൽ ഏത് വേണമെന്ന് നികുതിദായകന് തീരുമാനിക്കാം.
2020-21 സാമ്പത്തിക വർഷം മുതൽ പുതിയ സ്‌കീമാണ് നടപ്പാക്കിയത്. ഇതുവരെ പഴയ സ്‌കീമായിരുന്നു സ്വാഭാവികമായി ഉണ്ടായിരുന്നത്. അതായത് പുതിയ സ്‌കീമിലേക്ക് മാറണമെങ്കിൽ പ്രത്യേകം ഓപ്റ്റ് ചെയ്യണം. എന്നാൽ ഇനി മുതൽ പഴയ നികുതി സ്‌കീമിൽ നിലനിൽക്കാൻ ഓപ്ഷൻ കൊടുക്കാത്തവരെല്ലാം പുതിയ സ്‌കീമിന്‌റെ ഭാഗമാകും. ഇന്ന് പ്രഖ്യാപിച്ച ആദായ നികുതി പരിഷ്‌കരണങ്ങൾ പുതിയ നികുതി സംവിധാനത്തിൽ ഉള്ളവർക്ക് മാത്രമാണ് ബാധകം. ആദായ നികുതി പരിധിയിൽ മാറ്റം വരുത്തിയതാണ് ഇന്നത്തെ പ്രധാന പ്രഖ്യാപനം. നികുതി സ്ലാബുകളുടെ പരിഷ്‌ക്കരണവും ഉണ്ടായി. വരുമാനം 2.5 ലക്ഷം രൂപ വരെയുള്ളവരെയാണ് ഇതുവരെ ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ പരിധി മൂന്ന് ലക്ഷമായി ഉയർത്തി. 2.5 ലക്ഷം മുതൽ ആറ് സ്ലാബുകളാണ് നികുതി ദായകർക്ക് നിലവിൽ ഉണ്ടായിരുന്നത്. ഈ ഘടന പരിഷ്‌ക്കരിച്ച് മൂന്ന് ലക്ഷം രൂപ മുതലുള്ള അഞ്ച് സ്ലാബുകളാക്കി മാറ്റി.