രാമനവമി ആഘോഷത്തിനിടെ രാജ്യത്ത് തുടർച്ചയായി നടക്കുന്ന അക്രമ പരമ്പരകൾക്ക്‌ പിന്നിലെ രാഷ്ട്രീയം എന്ത്?

രാമനവമിക്കാലത്ത് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാകുന്നതില്‍ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട് രാജ്യത്തിന്

രാമനവമി ആഘോഷം വിദ്വേഷ പ്രചാരണത്തിനും അന്യമത വെറുപ്പിനുമുളള വേദിയാക്കുന്ന ഒരു വിഭാഗത്തിന്റെ പതിവ് ഇത്തവണയും വടക്കെ ഇന്ത്യയില്‍ നിരവധി ആക്രമ സംഭവങ്ങളിലാണ് കലാശിച്ചത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ക്ക് ഇനിയും  പൂര്‍ണമായും അറുതയായിട്ടില്ല. പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എട്ട് ദിവസത്തിനുശേഷവും അക്രമം തുടരുകയാണ്.

ബിഹാറിലും ബംഗാളിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങളുണ്ടായത്. ബിഹാറില്‍ 110 വര്‍ഷം പഴക്കമുള്ള മദ്രസ ആള്‍ക്കൂട്ടം കൈയേറി തകര്‍ത്തു. മദ്രസയോട് ചേര്‍ന്നുള്ള ലൈബ്രറിയിലുണ്ടായിരുന്ന 4500 അപൂര്‍വ ഗ്രന്ഥങ്ങള്‍ അക്രമികള്‍ കത്തിച്ചു. സംഘര്‍ഷത്തില്‍ ബംഗാളിലും മഹാരാഷ്ട്രയിലുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. ബംഗാളില്‍ ഹൂഗ്ലി ജില്ലയിലെ റിഷ്ര, ശ്രീരാംപൂര്‍ എന്നിവിടങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ഹൗറയില്‍ അക്രമികള്‍ കടകളും വാഹനങ്ങളും കത്തിച്ചു.

1979 ലെ ജംഷഡ്പൂര്‍ കലാപമാണ് രാമനവമി ദിനത്തില്‍ നടന്ന ആദ്യത്തെ വലിയ കലാപം.

രാമനവമിക്കാലത്ത് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാകുന്നതില്‍ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട് രാജ്യത്തിന്. 1979 ലെ ജംഷഡ്പൂര്‍ കലാപമാണ് രാമനവമി ദിനത്തില്‍ നടന്ന ആദ്യത്തെ വലിയ കലാപം. അന്നുണ്ടായ സംഘര്‍ഷത്തില്‍ 108 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മതന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന തെരുവുകളിലൂടെ ഘോഷയാത്ര നടത്തുകയും മുസ്ലിം പളളികള്‍ക്ക് മുൻപിലെത്തുമ്പോള്‍ മതവിദ്വേഷം ഉയര്‍ത്തുന്ന തരത്തിലുളള മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തുകൊണ്ടാണ് ഒരു വിഭാഗം ഇത്തവണയും ആക്രമം നടത്തിയത്. മറുഭാഗം പ്രകോപിതരാകുന്നതോടെ സംഘര്‍ഷവും കല്ലേറും ഉടലെടുക്കുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അറിയാവുന്ന ഭരണകൂടങ്ങള്‍ കലാപങ്ങളൊഴിവാക്കാന്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാറില്ലെന്നതാണ് വസ്തുത. ഇത് ഫലത്തില്‍ അക്രമകാരികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത്തവണ ബംഗാളിലും ബിഹാറിലും ഇത് തന്നെയാണ് സംഭവിച്ചത്. അക്രമം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും ഭരണകൂടം മുന്‍കൂട്ടി നടപടികളെടുത്തില്ല.

ബ്രിട്ടീഷ് കാലം മുതല്‍ മതാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഘോഷയാത്രകള്‍ വംശവിദ്വേഷത്തിനും സംഘര്‍ഷത്തിനുമുള്ള ഉപാധിയാക്കി മാറ്റുന്ന പ്രവണതയുണ്ട്.

രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങള്‍ അവസാനിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തെ ദുരുപയോഗപ്പെടുത്തുന്നത് അവസാനിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയാണ് ഇത്തവണ രാമനവമിക്കാലത്ത് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കുനേരെ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് അക്രമങ്ങള്‍ തുടരുന്നതെന്ന് സര്‍ക്കാരുകള്‍ കണക്കിലെടുക്കുന്നില്ല.

ബ്രിട്ടീഷ് കാലം മുതല്‍ മതാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഘോഷയാത്രകള്‍ വംശവിദ്വേഷത്തിനും സംഘര്‍ഷത്തിനുമുള്ള ഉപാധിയാക്കി മാറ്റുന്ന പ്രവണതയുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരാകട്ടെ തങ്ങള്‍ക്ക് സ്വീകാര്യതയില്ലാത്തയിടങ്ങളില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വര്‍ഗീയസംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം ശക്തവുമാണ്. ഇതാണ് ഇത്തവണയും കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതെന്നതു ശ്രദ്ധേയമാണ്. ബീഹാറും ബംഗാളും ബിജെപിയുടെ ദേശീയ കണക്കുകൂട്ടലുകളില്‍ പ്രധാനവുമാണ്. 

 പശ്ചിമ ബംഗാളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ രാമനവമി റാലി നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്. രാജ്യത്ത് വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാനുളള സംഘപരിവാറിന്റെ ബോധപൂര്‍വമുളള ശ്രമമാണ് രാമനവമി ആഘോഷങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ക്കു പിന്നലെന്ന്  ബംഗാള്‍ മുഖ്യമന്ത്രി മമതയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആരോപിച്ചിരിക്കുന്നത്.

ബിഹാറില്‍ നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കാനുളള സംഘപരിവാറിന്റെ ശ്രമമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവും പറയുന്നു. എന്നാല്‍ ബംഗാളിലെ ഹിന്ദുക്കളെ മമത സര്‍ക്കാര്‍ ആക്രമിക്കുകയാണെന്നും ഇത് എത്രകാലം തുടരുമെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ചോദ്യം. രാമന്റെ ഭക്തര്‍ ആക്രമിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ വിമര്‍ശനം. അക്രമപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റിനെ മമത സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമേ ഉള്ളൂ. വിഭാഗീയതയും മത ശത്രുതയും വളര്‍ത്തിയെടുത്താല്‍ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ച് ജനങ്ങളെ തങ്ങളുടെ വഴിയെ കൊണ്ടുവരാമെന്ന് വര്‍ഗീയവാദികളുടെ നൂറ്റാണ്ടുകള്‍ പഴക്കമുളള തന്ത്രം തന്നെയാണ് ഇപ്പോഴും പയറ്റപ്പെടുന്നത്.

ഏഴ് പതിറ്റാണ്ടിന്റെ ജനാധിപത്യം ഇത്തരം നീക്കങ്ങളെക്കുറിച്ചുളള തിരിച്ചറിവ് ദൈവങ്ങളുടെ പേരില്‍ ആയുധം എടുക്കുന്ന പാവപ്പെട്ടവര്‍ക്ക് മനസ്സിലാക്കാനാവുന്നുമില്ല. ഇതു തന്നെയാണ് ഈ രാമ നവമി ആഘോഷങ്ങളിളുടെ പശ്ചാത്തലത്തിലുണ്ടായ ആക്രമണങ്ങളും തെളിയിക്കുന്നത്. അടുത്ത തിരിഞ്ഞെടുപ്പില്‍ ഫലം കൊയ്യാന്‍ കാത്തിരിക്കുന്ന ചിലര്‍ക്ക് വേണ്ടി, ദൈവത്തിന്റെ പേരില്‍ ചിലര്‍ ആയുധമേന്തി മരിക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in