മേയര്‍ പിടിച്ച പുലിവാല്
തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ വാര്‍ത്തയായിരുന്നു. ഏറ്റവും ചെറുപ്പക്കാരിയായ മേയര്‍. അങ്ങനെ ഒരാളെ മേയാറായി നിയമിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും. എന്നിങ്ങനെ വളരെ പോസിറ്റിവായ പ്രതികരണങ്ങള്‍. ചെറുപ്പക്കാരിയായ മേയര്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് സാധാരണ ജനങ്ങളും കരുതി. എന്നാല്‍ സംഗതി പിന്നീട് അത്ര പോസിറ്റീവായിരുന്നില്ല.
നഗരസഭയിലെ നികുതി വെട്ടിപ്പിലായിരുന്നു തുടക്കം. ഉദ്യോഗസ്ഥര്‍ നികുതി തുക വെട്ടിച്ചുവെന്ന ആരോപണം മേയറെ ഉലച്ചു. അതില്‍നിന്ന് ഒരു വിധം കയറി വരുമ്പോഴാണ് പാര്‍ക്കിങ് വിവാദം. എം ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച നടപടിയും വിവാദത്തിലായി. അതിനിടെയായിരുന്നു പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക കായിക ടീമുകളുണ്ടാക്കാന്‍ നടത്തിയ നീക്കം . വിവാദത്തെ തുടര്‍ന്ന് അതില്‍നിന്ന് പിന്‍വാങ്ങി. ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെയുണ്ടായത് വലിയ വിമര്‍ശനമായിരുന്നു . അതോടെ മേയര്‍ക്ക് അതില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.
അതെല്ലാം കഴിഞ്ഞാണ് പുതിയ വിവാദം. ജോലിയുണ്ട്. പട്ടിക തരൂ എന്ന് പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതായാണ് ആരോപണം. എല്ലാ ജോലികളും പാര്‍ട്ടിക്കാര്‍ക്ക് എന്നൊരു സമീപനം നഗരസഭ യ്ക്കുണ്ടോ എന്നറിയില്ല. എന്തായാലും സംഗതി പുലിവാലായിരിക്കുകയാണ്. കത്ത് അയച്ചില്ലെങ്കില്‍ വ്യാജ കത്ത് ആര് തയ്യാറാക്കി എന്നതില്‍ അന്വേഷണം നടത്തുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുന്നു
എന്തായാലും സംഗതി അത്ര സിംപിളല്ല. സ്വജനപക്ഷപാതം സത്യപ്രതിജ്ഞ ലംഘനമാണെന്ന് സ്ഥാപിച്ചാല്‍ കളി മാറും. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ എയറിലാണ് മേയര്‍ .
പ്രതിപക്ഷം വിഷയം ഏറ്റെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസിലെ യുവജന നേതാക്കളെല്ലാം പരിഹാസ പോസ്റ്റുകളും ഗൗരവകരമായ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ സജീവമാണ്. ഡല്‍ഹിയില്‍ തൊഴിലില്ലായ്മയക്കെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മേയറുടെ ഇരട്ടത്താപ്പാണ് കത്തിലൂടെ പുറത്തുവന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേള നടത്തുകയാണ് ആര്യ രാജേന്ദ്രനെന്ന് കെ എസ് ശബരിനാഥന്‍ പറയുന്നു. എകെജി സെന്ററിലേക്ക് ആളെ എടുക്കുന്ന പോലെ പാര്‍ട്ടിക്കാരെ തിരുകി കയറ്റാനാണ് മേയറുടെ ശ്രമമെന്ന് ഷാഫി പറമ്പിലിന്റെ വിമര്‍ശനം. സത്യപ്രതിജ്ഞാ ലംഘനമാണ് മേയറുടേതെന്ന് വി ടി ബല്‍റാം. പരിഹാസരൂപേണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിരിച്ചുവിട്ട് പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ രൂപീകരിക്കുമോ എന്ന് ചോദിക്കുന്നത് അഡ്വ. എ ജയശങ്കറാണ്. ജന വഞ്ചനയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറയുമ്പോള്‍,കേരളത്തിലെ യുവാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നില്ലേ ഇതിലും ഭേദമെന്ന് ചോദിക്കുന്നു എംഎഎസ്എഫ് മുന്‍ നേതാവ് ഫാത്തിമ തഹ്ലിയ. സന്ദീപ് വാര്യര്‍ ഇഎംഎസിന്റെ പ്രശസ്തമായ കത്താണ് പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്. സാധാരണക്കാരുടെ രോഷപ്രകടനവും കുറവല്ല.
മുന്‍ വിഷയങ്ങളെല്ലാം മറക്കാം, പക്ഷെ ഇത് പറ്റില്ലെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. തെളിവായി കത്ത് പുറത്തുവന്നതോടെ ഇടത് പ്രൊഫൈുകളെല്ലാം നിശബ്ദമാണ്.
കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റുന്നുവെന്ന ആരോപണത്തിന് ഈ സര്‍ക്കാരിന്റെ കാലത്തോളം പഴക്കമുണ്ട്. ആ ആരോപണങ്ങളില്‍ ചിലത് കോടതി കയറി. മറ്റ് ചില ആരോപണങ്ങള്‍ കാര്യമായി ക്ലച്ച് പിടിച്ചില്ല. എന്നാല്‍ ഇതാദ്യമായാണ് പാര്‍ട്ടിക്കാരുടെ പട്ടിക തരൂ വെന്ന് പറഞ്ഞുള്ള ഇടപെടല്‍ പുറത്തുവരുന്നത്. വിശ്വാസ്യതയുടെ പ്രശ്‌നമാണ് ഇത്. സ്വന്തം സഹകരണ സ്ഥാപനങ്ങളില്‍ പാര്‍ട്ടികാരെ നിയമിക്കുന്നത് പോലെ കോര്‍പ്പറേഷനില്‍ ആവാമോ എന്ന ചോദ്യത്തോട് സിപിഎം നേതൃത്വത്തിന് പ്രതികരിക്കാതെ നിര്‍വാഹമില്ല. അവര്‍ എന്ത് പറയുമെന്ന് പ്രധാനവുമാണ്.