'സേഫ് ആൻഡ് സ്ട്രോങ്' തട്ടിപ്പ്

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷം 36,000 രൂപ വരെ പലിശയായി നൽകുമെന്നായിരുന്നു റാണയുടെ വാഗ്ദാനം

മോൺസൺ മാവുങ്കലും അയാളുടെ പുരാവസ്തു തട്ടിപ്പും പുറത്തുവന്നപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയിച്ചവരാണ് നമ്മൾ. എന്നാൽ തട്ടിപ്പ് വീരന്മാർക്ക് ഇന്നും നല്ല വിളനിലമാണ് കേരളമെന്ന് വീണ്ടും തെളിയുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പിലെ വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്.
കെ പി പ്രവീൺ എന്ന പ്രവീൺ റാണ. വലിയ പലിശ വാഗ്ദാനം ചെയ്ത് സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനി പറ്റിച്ചെന്ന പരാതിയുമായി പീച്ചി സ്വദേശി രംഗത്തെത്തിയതോടെയാണ് പ്രവീൺ റാണ എന്ന തട്ടിപ്പ് വീരനെ കുറിച്ച് പുറംലോകമറിഞ്ഞത്.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷം 36,000 രൂപ വരെ പലിശയായി നൽകുമെന്നായിരുന്നു വാഗ്ദാനം

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷം 36,000 രൂപ വരെ പലിശയായി നൽകുമെന്നായിരുന്നു വാഗ്ദാനം. സേഫ് ആൻഡ് സ്‌ട്രോങ് നിധി കമ്പനിയിൽ 12 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്തതെങ്കിൽ സേഫ് ആൻഡ് സ്‌ട്രോങ് കൺസൾട്ടൻസിയിൽ പണം നിക്ഷേപിച്ചാൽ 40 ശതമാനമാണ് പലിശ ഉറപ്പ് നൽകിയത്. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. അതിനായി ഉന്നത വ്യക്തികളുമായുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചത് വിശ്വാസ്യത വർധിപ്പിച്ചു.

നിധി സ്ഥാപനത്തിന്‌റെ അംഗീകാരം സർക്കാർ റദ്ദാക്കിയതിന് പിന്നാലെ പരാതികൾ ഉയരാൻ തുടങ്ങി. നിക്ഷേപകരുടെ യോഗം വിളിച്ച് പണം നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും പ്രവീൺ കമ്പനി വിട്ട് മുങ്ങി. ഇതോടെയാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി റാണയ്‌ക്കെതിരെ കേസുകളുടെ പ്രവാഹമായിരുന്നു.

ഡിസണേയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞൻ എന്നാണ് റാണ സ്വയം അവകാശപ്പെട്ടിരുന്നത്

സ്വന്തം നേട്ടങ്ങൾക്കായി ഏതു വേഷവും കെട്ടിയാടാൻ മടിയില്ലാത്ത റാണയുടെ ജീവിതം ഒരു സിനിമാ കഥയെ വെല്ലുന്നതാണ്. എഡിസണേയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞൻ എന്നാണ് റാണ സ്വയം അവകാശപ്പെട്ടിരുന്നത്. ജീവിത വിജയത്തിനായുള്ള ഉപദേശങ്ങളടങ്ങിയ പ്രഭാഷങ്ങളാണ് ഇയാളെ പ്രശസ്തനാക്കിയത്. സ്വകാര്യ ടെലിവിഷൻ ചാനലിലടക്കം സ്‌പോൺസേർഡ് പ്രോഗ്രാം സംപ്രേഷണം ചെയ്തു.

നിക്ഷേപകരിൽ നിന്ന് തട്ടിച്ച പണം ആഡംബര ജീവിതത്തിനാണ് റാണ ഉപയോഗിച്ചത്. ദിവസങ്ങൾ നീണ്ട വിവാഹ ചടങ്ങും, പ്രമുഖരുടെ സാന്നിധ്യത്തിലുള്ള വിവാഹ ആൽബം പുറത്തിറക്കലുമെല്ലാം ഇതിൽ ചിലത് മാത്രം. സ്വയം പണം മുടക്കി രണ്ട് സിനിമകളിലും പ്രവീൺ അഭിനയിച്ചു. ഇങ്ങനെ ടീസ്‌റ്റോട് ട്വിസ്റ്റാണ് പ്രവീൺ റാണയുടെ ജീവിതം. സിനിമയ്ക്ക് പുറമേ പോലീസിലുള്ളവരുമായും രാഷ്ട്രീയത്തിലുള്ളവരുമായും പ്രവീൺ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുള്ള  ഉത്തരമാകും റാണയുടെ വെളിപ്പെടുത്തലുകൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in