അഗാധതയില്‍ മറഞ്ഞ ടൈറ്റന്‍; ടൈറ്റാനിക്ക് കാണാനുള്ള യാത്രയില്‍ സംഭവിച്ചതെന്ത്?

അഗാധതയില്‍ മറഞ്ഞ ടൈറ്റന്‍; ടൈറ്റാനിക്ക് കാണാനുള്ള യാത്രയില്‍ സംഭവിച്ചതെന്ത്?

വെള്ളത്തിനടിയിൽ ജിപിഎസ് ഇല്ലാത്തതിനാൽ സഹായ കപ്പലിൽ നിന്നുള്ള സന്ദേശങ്ങളാണ് ഇതിനെ മുന്നോട്ട് നയിക്കുക
Updated on
4 min read

അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ തകര്‍ന്നു കിടക്കുന്ന ടൈറ്റാനിക്ക്, ദുരൂഹതകളുടെ കൊട്ടാരം. പതിറ്റാണ്ടുകളായി വാര്‍ത്താ പ്രാധാന്യം നഷ്ടപ്പെടാത്ത ആ ഭീമന്‍ കപ്പലിന്റെ അവശേഷിപ്പുകള്‍ തേടിയിറങ്ങിയവരെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് അഞ്ച് മനുഷ്യരെയും വഹിച്ച് ഊളിയിട്ട ടൈറ്റന് എന്ന സമുദ്രപേടകം എവിടെയാണ് , ലോകം ഉറ്റുനോക്കുകയാണ്. മണിക്കൂറുകള്‍ കൂടി ചെലവഴിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ സമുദ്രവാഹിനിയില്‍ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇനിയുള്ള രക്ഷാപ്രവര്‍ത്തനവും അതിന്റെ പുരോഗതിയും ഈ അഞ്ച് പേരുടെ അതിജീവനത്തില്‍ വലിയ പങ്ക് വഹിക്കുന്നതാണ്.

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കടുത്തേത്ത് സഞ്ചാരികളുമായി പോവുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സമുദ്രപേടകം-ടൈറ്റനുമായുള്ള (titan tourist submersible) ആശയവിനിമയം ഞായറാഴ്ചയോടെയാണ് അതിന്റെ സഹായ കപ്പൽ പോളാർ പ്രിൻസിന് നഷ്ടമാവുന്നത്. സമുദ്രപേടകത്തിനായി യുഎസ്, കനേഡിയൻ നാവികസേനകളും വാണിജ്യ ആഴക്കടൽ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ആഴക്കടലിൽ നിന്ന് തിരച്ചിലിനിടെ മുഴക്കം കേൾക്കാനായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമുദ്രപേടകത്തിലെ ഓക്സിജൻ ശേഖരണം മണിക്കൂറുകൾക്കുള്ളിൽ തീരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം എങ്ങനെ പുരോഗമിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

ടൈറ്റൻ സമുദ്രപേടകം
ടൈറ്റൻ സമുദ്രപേടകംOceanGate Expeditions

ടൈറ്റൻ സമുദ്രപേടകം

സ്വകാര്യ മറൈൻ കമ്പനിയായ ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റൻ സമുദ്രപേടകം. ലോകത്തിലെ തന്നെ സ്വകാര്യ ഉടമസ്ഥതിയിലുള്ള ഏക സമുദ്രപേടകമാണിത്. ഒരു സഞ്ചാരിക്ക് 250000 ഡോളർ ( ഏകദേശം രണ്ടു കോടി രൂപ) എന്ന നിരക്കിൽ ഏകദേശം എട്ട് ദിവസത്തെ യാത്രയിലാണ് തകര്‍ന്ന ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ സഞ്ചാരികൾ സന്ദർശിക്കുക. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ താഴേക്ക് സഞ്ചരിക്കാൻ ടൈറ്റൻ സമുദ്ര പേടകത്തിന് സാധിക്കും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്ത് നിന്ന് വളരെ നേരം കാണാമെന്നതാണ് ഇതിന്റെ വലിയ ആകർഷണം. 2015 ൽ കമ്പനി ആദ്യമായി സൈക്ലോപ്സ് എന്ന സമുദ്രപേടകം പരീക്ഷിച്ചതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് ടൈറ്റാനിക്ക് കാണാൻ അവസരം നൽകുന്ന ടൂറിസം പദ്ധതി ആശയം ഉടലെടുത്തത്.

സമുദ്രവാഹിനിക്ക് എന്ത് സംഭവിച്ചുവെന്നോ , എന്തുകൊണ്ടാണ് ബന്ധം നഷ്ടപ്പെട്ടതെന്നോ ഇപ്പോഴും വ്യക്തമല്ല. ബന്ധം നഷ്ടമാവുമ്പോൾ സമുദ്രവാഹിനി ടൈറ്റാനിക്കിനോട് എത്ര അടുത്തായിരുന്നവെന്ന് കണ്ടെത്തുവാനും സാധിച്ചിട്ടില്ല. ടൈറ്റൻ നിലവിൽ എവിടെയാണുള്ളതെന്ന് പോലും സ്ഥിരീകരിച്ചിട്ടില്ല.

സഹായ കപ്പലിൽ ഒരു ചങ്ങാടത്തിലാണ് സമുദ്രപേടകം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൊണ്ടുപോവുക. സമുദ്രപേടകം വെള്ളത്തിൽ മുങ്ങുന്നതോടെ ചങ്ങാടത്തിൽ നിന്ന് വേർപ്പെടും. ഇത്തരത്തിൽ നാദിർ എന്ന ചങ്ങാടത്തിൽ നിന്ന് വേർപെട്ട് 2 മണിക്കൂറോളം കടലിൽ സഞ്ചരിച്ച ശേഷമാണ് ഞായറാഴ്ച ടൈറ്റൻ കാണാതാവുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ടൈറ്റൻ കാണാതായതായി പ്രഖ്യാപിച്ചു. സമുദ്രവാഹിനിക്ക് എന്ത് സംഭവിച്ചുവെന്നോ , എന്തുകൊണ്ടാണ് ബന്ധം നഷ്ടപ്പെട്ടതെന്നോ ഇപ്പോഴും വ്യക്തമല്ല. ബന്ധം നഷ്ടമാവുമ്പോൾ സമുദ്രവാഹിനി ടൈറ്റാനിക്കിനോട് എത്ര അടുത്തായിരുന്നവെന്ന് കണ്ടെത്തുവാനും സാധിച്ചിട്ടില്ല. ടൈറ്റൻ നിലവിൽ എവിടെയാണുള്ളതെന്ന് പോലും സ്ഥിരീകരിച്ചിട്ടില്ല.

സമുദ്രപേടകത്തിന്റെ ഘടന എന്താണ് ?

സമുദ്രവാഹിനി എന്നാൽ ഒരു അന്തർവാഹിനി അല്ല. അന്തർവാഹിനികളുടെ ഘടനയെ സംബന്ധിച്ച് സമുദ്രവാഹിനികൾക്ക് നിരവധി പരിമിതികളുണ്ട്. ഇത് വിന്യസിക്കാനും വീണ്ടെടുക്കാനും ഒരു സഹായ കപ്പൽ ആവശ്യമാണ്. സാധാരണ അന്തർവാഹിനിക്ക് മാസങ്ങളോളം കടലിൽ കഴിയാൻ സാധിക്കുമ്പോൾ ടൈറ്റൻ സാധാരണയായി 10 മുതൽ 11 മണിക്കൂർ വരെയാണ് കടലിൽചെലവഴിക്കുക. ഒ രു പര്യവേഷണയാത്രയ്ക്ക് എട്ട് മണിക്കൂറോളമാണ് ടൈറ്റന് ആവശ്യം. 2018 ലെ പ ആദ്യ പരീക്ഷണ ദൗത്യത്തിൽ പേടകവുമായുള്ള ബന്ധം കപ്പലിന് രണ്ട് മണിക്കൂറിലധികം വിച്ഛേദിക്കപ്പെട്ടിരുന്നു.

ടൈറ്റൻ മുങ്ങുന്ന ദൃശ്യങ്ങൾ
ടൈറ്റൻ മുങ്ങുന്ന ദൃശ്യങ്ങൾ OceanGate Expeditions

ലോഞ്ചിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാല് കിലോമീറ്ററോളം (3Knot) വേഗത്തിലാണ് ഇത് സഞ്ചരിക്കുക. 23000 പൗണ്ട് ഭാരമാണ് ടൈറ്റൻ സമുദ്രവാഹിനിക്കുള്ളത്. കാർബൺ, ഫൈബർ, ടൈറ്റാനിയം കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പേടകത്തിന്റെ ഇരുഭാഗത്തും ടൈറ്റാനിയം കവചങ്ങളും എയറോസ്പേസും ഉണ്ട്.

5 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം മാത്രമാണ് സമുദ്രവാഹിനിക്കകത്ത് ഉണ്ടാവുക. ഒരു പൈലറ്റും നാല് യാത്രക്കാരും. ഒരു മിനിവാനിന്റെ അത്രയും സ്ഥലം. ഇരിപ്പിടങ്ങളോ ജനാലകളോ ഇല്ല. യാത്രക്കാർ തറയിൽ ഇരിക്കണം. ടൈറ്റാനിക് കാണായി ഒരു പോർട്ടൽ ഉണ്ട്. അതുവഴി മാത്രമാണ് പുറത്തേക്ക് കാണാനാവുക. മുൻഭാഗത്തായി ഒരു ടോയ്ലറ്റും സമുദ്രവാഹിനിക്കകത്ത് ഉണ്ടാകും. ഒരു കർട്ടൻ വലിച്ചിട്ട് ടോയ്‌ലെറ്റ് ഉപയോഗിക്കാം. എന്നിരുന്നാലും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത കുറക്കേണ്ടതിനാൽ ഡൈവിംഗിന് മുമ്പും സമയത്തും ഭക്ഷണക്രമം നിയന്ത്രിക്കണമെന്ന് കമ്പനി ശുപാർശ ചെയ്യും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി ശക്തമായ ലൈറ്റുകൾ പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. അകത്ത് സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ സ്ക്രീനിലും കപ്പലിന്റെ ആവശിഷ്ടങ്ങൾ സഞ്ചാരികൾക്ക് കാണാം.

ടൈറ്റൻ ചങ്ങാടത്തിൽ നിന്ന് വിച്ഛേദിക്കുന്നു
ടൈറ്റൻ ചങ്ങാടത്തിൽ നിന്ന് വിച്ഛേദിക്കുന്നു OceanGate Expeditions

സമുദ്രാന്തർഭാഗത്തേക്കു പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായി ഭിത്തികൾ ചൂടുള്ളതാണ്. ഈ ഭിത്തികളിൽ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഒരൂ യാത്രയിലും സമുദ്രവാഹിനിയിൽ ഉണ്ടാവുക. സഞ്ചാരികളുടെ ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് ഈ അളവിൽ വ്യത്യാസം വരും.

വെള്ളത്തിനടിയിൽ ജിപിഎസ് ഇല്ലാത്തതിനാൽ സഹായ കപ്പലിൽ നിന്നുള്ള സന്ദേശങ്ങളാണ് ഇതിനെ മുന്നോട്ട് നയിക്കുക. കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾക്കനുസരിച്ച് ഒരു വീഡിയോ കൺട്രോളർ ഉപയോഗിച്ച് പൈലറ്റ് പേടകത്തെ നിയന്ത്രിക്കുന്നു. പൈലറ്റിന് ഇതിന് പ്രത്യേക പരിശീലനം ആവശ്യമില്ല എന്നാണ് കമ്പനി സിഇഒ മുൻപ് വ്യക്തമാക്കിയത്.

OceanGate Expeditions

സമുദ്രത്തിലെ മർദം മനസിലാക്കാനുള്ള സെൻസറുകളുണ്ട്. പര്യവേക്ഷണത്തിന് മുൻപ് പുറത്ത് നിന്നാണ് സമുദ്രപേടകം പൂട്ടുക. 17 പൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഒരു കാരണവശാലും ഇത് അകത്ത് നിന്ന് തുറക്കാൻ പറ്റില്ല.

സമുദ്രപേടകത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ റിയൽ ടൈം ട്രാക്കിങ് സംവിധാനം , ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ 'സോണാർ' സാങ്കേതിക വിദ്യ, വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് എച്ച്ഡി ക്യാമറകൾ, യന്ത്രക്കൈ തുടങ്ങയവയാണ് മറ്റ് സവിശേഷതകൾ. 1000 ലിറ്റർ ഓക്സിജൻ ആണ് ഇതിൽ സംഭരിക്കാൻ സാധിക്കുക. 2018 ൽ പരീക്ഷണാത്മകമായി യാത്രകൾ ആരംഭിച്ചെങ്കിലും 2021ലാണ് ആഴക്കടൽ വിനോദസഞ്ചാരം ടൈറ്റൻ ആരംഭിച്ചത്.

സമുദ്രപേടകത്തിന്റെ ഉൾഭാഗം ,കമ്പനി വെബ്സൈറ്റിൽ നിന്ന്
സമുദ്രപേടകത്തിന്റെ ഉൾഭാഗം ,കമ്പനി വെബ്സൈറ്റിൽ നിന്ന്

യാത്രക്കാർ 18 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കുക എന്നത് മാത്രമാണ് വിനോദസഞ്ചാരത്തിനുള്ള വ്യവസ്ഥ. പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരുമാകണം. സുരക്ഷാ സംബന്ധിച്ച് ചെറിയൊരു വിവരണം നൽകും. മറ്റു സുരക്ഷാ സംവിധാനങ്ങൾ ആവശ്യമില്ല എന്നാണ് കമ്പനിയുടെ പക്ഷം.

രക്ഷാപ്രവർത്തനം :

യുഎസിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടതാണ് തിരച്ചിൽ സംവിധാനങ്ങൾ. ഉപരിതലത്തിലെ വെള്ളത്തിനടിയിലും വ്യാപകമായ തിരച്ചിലുകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച വരെ 10,000 ചതുരശ്ര മൈലിലധികം തിരച്ചിൽ നടത്തി. ബോട്ടുകൾ, വിമാനങ്ങൾ, റഡാർ ഉപകരണങ്ങൾ എന്നിവ വെള്ളത്തിന് മുകളിലൂടെ സ്കാൻ ചെയ്യുന്നുണ്ട്. സോണാർ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിനടിയിലെ ശബ്ദങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തിരച്ചിലിൽ പങ്കുചേരാൻ അണ്ടർവാട്ടർ റോബോട്ട് ഘടിപ്പിച്ച ഒരു ഗവേഷണ കപ്പൽ ഫ്രാൻസ് അയച്ചിട്ടുണ്ട്.

എന്നാൽ സമുദ്രാവാഹിനി കണ്ടെത്തുക എന്നത് ആദ്യപടി മാത്രമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതിനെ രക്ഷിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. സമുദ്ര പേടകം എവിടെ, എത്ര ആഴത്തിലാണ് ഉള്ളതെന്നത് പ്രധാനമാണ്. രക്ഷാപ്രവർത്തനത്തിന് ഏത് രീതി പ്രയോഗിക്കണമെന്ന് തീരുമാനിക്കണമെങ്കിൽ സമുദ്രപേടകം എവിടെയാണുള്ളതെന്ന് മനസിലാക്കണം.

സമുദ്രപേടകത്തിൽ നിന്നുള്ള ടൈറ്റാനിക്കിന്റെ ദൃശ്യങ്ങൾ
സമുദ്രപേടകത്തിൽ നിന്നുള്ള ടൈറ്റാനിക്കിന്റെ ദൃശ്യങ്ങൾ

കപ്പലിൽ ആരൊക്കെ ?

ആരൊക്കെയാണ് സമുദ്രവാഹിനിയിൽ ഉണ്ടായിരുന്നതെന്നത് സംബന്ധിച്ച് വിവരം അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജലെറ്റ്, പാകിസ്താൻ ശതകോടീശ്വരൻ ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ് എന്നിവർ ടൈറ്റാനിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചാമത്തെ വ്യക്തി ഓഷ്യൻഗേറ്റ് സിഇഒയും സ്ഥാപകനുമായ സ്റ്റോക്ക്ടൺ റഷാണ് എന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ.

 ഹാമിഷ് ഹാർഡിംഗ് പങ്കുവെച്ച സഹായ കപ്പൽ പോളാർ പ്രൈസിന്റെ ചിത്രം
ഹാമിഷ് ഹാർഡിംഗ് പങ്കുവെച്ച സഹായ കപ്പൽ പോളാർ പ്രൈസിന്റെ ചിത്രം

ഇതിൽ ഹാമിഷ് ഹാർഡിംഗ് യാത്രാ തിരിക്കുന്നതിന് മുൻപായി ടൈറ്റാലിനിക്കിലേക്ക് തിരിക്കുകയാണ് എന്നർത്ഥത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. നർജലെറ്റ് തന്നോടൊപ്പം മുങ്ങിക്കപ്പലിൽ ഉണ്ടാകുമെന്നും ശനിയാഴ്ച അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് നർജലെറ്റ്ന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക അവകാശമുള്ള കമ്പനിയായ ആർഎംഎസ് ടൈറ്റാനിക് ഇൻക്. എന്ന കമ്പനിയിൽ അണ്ടർവാട്ടർ റിസർച്ച് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ആളാണ് നർജലെറ്റ്. അദ്ദേഹം ടൈറ്റാനിക് കപ്പലിനടുത്തേക്ക് 35 തവണ യാത്രകൾ നടത്തുകയും 5,000 പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താൻ വ്യവസായിയും മകനും പേടകത്തില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ കുടുംബം ആണ് അറിയിച്ചത്.

logo
The Fourth
www.thefourthnews.in