എണ്ണപ്പാടം മുതൽ ആണവകേന്ദ്രം വരെ; ഇറാനെ തിരിച്ചടിക്കാൻ ഇസ്രയേൽ തിരഞ്ഞെടുക്കുക ഏത് മാർഗം?

എണ്ണപ്പാടം മുതൽ ആണവകേന്ദ്രം വരെ; ഇറാനെ തിരിച്ചടിക്കാൻ ഇസ്രയേൽ തിരഞ്ഞെടുക്കുക ഏത് മാർഗം?

ഇസ്രയേലിന്റെ അതിർത്തികൾക്കുള്ളിലേക്ക് നൂറ്റി എൺപതിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം നടത്തിയത്
Updated on
3 min read

ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന് എങ്ങനെയാകും ഇസ്രയേൽ മറുപടി നൽകുക എന്നതാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. നിരവധി ചർച്ചകളാണ് അതിന്മേൽ നടക്കുന്നത്. ഇസ്രയേലിന്റെ തിരിച്ചടിയുടെ സ്വഭാവമായിരിക്കും പശ്ചിമേഷ്യയുടെ ഭാവി തീരുമാനിക്കുകയെന്നതുതന്നെയാണ് ഇക്കാര്യത്തെ ഏറെ നിർണായകമാക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധരുടെയും നിരീക്ഷകരുടെയും വിലയിരുത്തലുകൾ പ്രകാരം, തിരിച്ചടിക്കാൻ മൂന്ന് വഴികളാണ് ഇസ്രയേലി ഭരണകൂടത്തിനു മുന്നിലുള്ളത്.

ബെഞ്ചമിന്‍ നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രയേലിന്റെ അതിർത്തികൾക്കുള്ളിലേക്ക് നൂറ്റി എൺപതിധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ആളപായം ഉണ്ടാക്കിയിട്ടില്ലെങ്കിൽ പോലും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇത് ഇസ്രയേലിന് വലിയ നാണക്കേടുണ്ടാക്കിയതിനാൽ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷേ അതെങ്ങനെയാകും എന്നതുമാത്രമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ എംബസി ആക്രമിച്ച് മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് റെസ സഹേദിയെ കൊലപ്പെടുത്തിയതിന് പകരമായി ഏപ്രിൽ 14ന് ഇറാൻ ഇസ്രയേലിലേക്കു മുൻകൂട്ടി അറിയിച്ച ആക്രമണം നടത്തിയിരുന്നു. ഏപ്രിൽ 19ന് ഇസ്രയേൽ തിരിച്ചടിയും നൽകി. അന്നത്തെ ആക്രമണത്തോടെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പോരായ്മ ലോകത്തിന് മുന്നിൽ വെളിപ്പെട്ടിരുന്നു. താരതമ്യേന വളരെ ചെറിയ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെങ്കിലും അതിനെ പ്രതിരോധിക്കാൻ ഇറാന് കഴിഞ്ഞിരുന്നില്ല. ഇറാന്റെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്300 അന്ന് ഇസ്രയേൽ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 14ലെ ഇറാന്‍ ആക്രമണം
ഏപ്രില്‍ 14ലെ ഇറാന്‍ ആക്രമണം

അതുകൊണ്ടുതന്നെ വ്യോമാക്രമണത്തിനാകും ഇസ്രയേൽ ഇത്തവണയും തുനിയുകയെന്നാണ് കരുതപ്പെടുന്നത്. അതിൽ ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നത് അമേരിക്ക എതിർക്കുന്നതിനാൽ സൈനികമോ സാമ്പത്തികമോ ആയ മേഖലകളിലേക്കാകും ഇസ്രയേലിന്റെ ആക്രമണണമെന്നാണ് വിലയിരുത്തൽ.

എണ്ണപ്പാടം മുതൽ ആണവകേന്ദ്രം വരെ; ഇറാനെ തിരിച്ചടിക്കാൻ ഇസ്രയേൽ തിരഞ്ഞെടുക്കുക ഏത് മാർഗം?
ഇന്ത്യയെ ആശങ്കയിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്ത്?

സൈനിക കേന്ദ്രങ്ങൾ

ഭൂമിക്കടിയിലും ചില പർവതങ്ങൾക്ക് താഴെ ആഴത്തിലും സ്ഥിതി ചെയ്യുന്ന ഇറാൻ്റെ മിസൈൽ, ഡ്രോൺ ബേസുകളുടെ ക്ലസ്റ്റർ ഇസ്രയേൽ ആക്രമിച്ചേക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ടെഹ്‌റാൻ, ഇസ്ഫഹാൻ, പേർഷ്യൻ ഉൾക്കടലിലെ തുറമുഖങ്ങൾ എന്നിവിടങ്ങളിലെ ഇറാനിയൻ വ്യോമ പ്രതിരോധ താവളങ്ങളിൽ ഏപ്രിൽ 19 നേക്കാൾ കടുത്ത ആക്രമണം ഉണ്ടാകാനും സാധ്യതയുണ്ട്. അല്ലെങ്കിൽ ഇറാന്റെ പ്രതിരോധ വ്യാവസായിക മേഖലകളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇറാൻ്റെ ഭൂഗർഭ സൈനിക വ്യോമതാവളം
ഇറാൻ്റെ ഭൂഗർഭ സൈനിക വ്യോമതാവളം

എണ്ണപ്പാടങ്ങൾ, റിഫൈനറികൾ

ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചേക്കുമോയെന്ന ആശങ്ക ആഗോളതലത്തിൽ ഉയരുന്നുണ്ട്. അതിന്റെ ഭാഗമായി ക്രൂഡ് ഓയിലിന്റെ വിലയിലും വർധനവ് ഉണ്ടായിരുന്നു. എണ്ണ ഉത്പാദന മേഖലകൾ ലക്ഷ്യമായേക്കുമെന്നു വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് എണ്ണ ടെർമിനലാണ് ഹോട്സ്പോട്ടിലുള്ളത്‌. ദീർഘകാലാടിസ്ഥാനത്തിൽ ഇറാനെ പ്രതിസന്ധിയിലാക്കാൻ എണ്ണ ഉത്പാദനത്തെ ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ.

മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുക

ഇസ്രയേലിന് മുൻപിലുള്ള മറ്റൊരു വഴി, ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെയോ തന്ത്രപ്രധാന സ്ഥാനം വഹിക്കുന്നവരെയോ കൊലപ്പെടുത്തുകയെന്നതാണ്. നേരിട്ടുള്ള ആക്രമണത്തിലൂടെയോ രഹസ്യനീക്കങ്ങളിലൂടെയോ അവർക്കത് സാധ്യമാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വച്ച് കൊലപ്പെടുത്തിയത് അതിന്റെ ഉദാഹരണമായിരുന്നു. 2020 നവംബറിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ച് മൊഹ്‌സെൻ ഫക്രിസാദെ ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു.

മൊഹ്സിന്‍ ഫക്രിസാദെ
മൊഹ്സിന്‍ ഫക്രിസാദെ

ആണവകേന്ദ്രങ്ങൾ

യുഎസിൻ്റെ നേരിട്ടുള്ള സൈനിക സഹായമില്ലാതെ ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെ ശൃംഖലയിൽ വിനാശകരമായ ആക്രമണം നടത്തുകയെന്നത് ഇസ്രയേലിന് അസാധ്യമാണെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുറേനിയം സമ്പുഷ്ടമാക്കുന്ന പ്രധാന സൈറ്റുകളായ നതാൻസും ഫോർഡോയും ഭൂമിക്കടിയിലാണെന്നതാണ് അങ്ങനെയൊരു നീക്കത്തിൽനിന്ന് ഇസ്രയേലിനെ തടയുന്നത്. അമേരിക്ക അതിനോട് സഹകരിക്കാത്തതിനാൽ ഇസ്രയേൽ ശ്രമിക്കാനുള്ള സാധ്യതയും വിരളമാണ്.

logo
The Fourth
www.thefourthnews.in