എന്താണ് ഐസിഐസിഐ വായ്പാ തട്ടിപ്പ്?

ചന്ദാ കൊച്ചാര്‍ ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചു എന്ന കേസിലാണ് സിബിഐ നടപടി

ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ധൂതും സിബിഐ അറസ്റ്റിലായി. ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എംഡിയുമായ ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും സിബിഐ അറസ്റ്റിലായി മൂന്ന് ദിവസത്തിനുശേഷമാണ് വേണുഗോപാലിന്റെ അറസ്റ്റ്. ചന്ദാ കൊച്ചാര്‍ ഐസിഐസിഐ മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി 3,250 കോടി രൂപ വായ്പ അനുവദിച്ചു എന്ന കേസിലാണ് സിബിഐ നടപടി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചന്ദ നിഷേധിക്കുമ്പോഴും അന്വേഷണ നടപടികളുമായി സിബിഐ മുന്നോട്ടുപോകുകയാണ്.

2009നും 2011നും ഇടയിലാണ് വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡിന് ഐസിഐസിഐ വായ്പ അനുവദിച്ചത്. ചന്ദയുടെ ഇടപെടലില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയാണ് ഐസിഐസിഐ വായ്പ അനുവദിച്ചത്. ബാങ്കിങ് നിയമങ്ങള്‍, ആര്‍ബിഐ ചട്ടങ്ങള്‍, ക്രെഡിറ്റ് പോളിസി എന്നിവ ലംഘിച്ചായിരുന്നു വായ്പ നല്‍കിയത്. മാത്രമല്ല, വായ്പ ലഭിച്ചതിന് പകരമായി, വേണുഗോപാല്‍ 64 കോടി രൂപ ദീപക്കിന്റെ കമ്പനിയായ ന്യൂപവര്‍ റിന്യൂവബിള്‍സില്‍ നിക്ഷേപിച്ചതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ചന്ദയുടെ ഇടപെടലുകള്‍

1984ലാണ് ഐസിഐസിഐ ബാങ്കും ചന്ദാ കൊച്ചാറും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. മാനേജ്മന്റ് ട്രെയിനിയായിട്ടായിരുന്നു തുടക്കം. ബാങ്കിനൊപ്പം വളര്‍ന്ന ചന്ദാ 25 വര്‍ഷത്തെ സര്‍വീസിനൊടുവില്‍ 48ാം വയസില്‍ സിഇഒയായി നിയമിക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവിയായിരുന്നു ചന്ദാ. സര്‍വീസ് സീനിയോറിറ്റി പോലും മാനിക്കാതെ നടത്തിയ നിയമനം അന്ന് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതു തലമുറ ബാങ്കുകള്‍ക്കിടെ ഐസിഐസിഐയുടെ വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ത്തിയ ചന്ദായ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചു. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള നാളുകള്‍, അവര്‍ക്ക് കയ്പേറിയതായി.

പിടി വീഴുന്നു

ഐസിഐസിഐ തലപ്പത്തെത്തിയതോടെ കാര്യങ്ങള്‍ കൊച്ചാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിക്കുന്നതിലും ചന്ദായുടെ ഇടപെടലുണ്ടെന്ന് ആരോപണം ഉയര്‍ന്നു. വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ചന്ദായാണെന്ന് ബാങ്ക് ചെയര്‍മാനായിരുന്ന എം.കെ. ശര്‍മ വെളിപ്പെടുത്തുകയും ചെയ്തു. വീഡിയോകോണ്‍ ഗ്രൂപ്പുമായുളള ബന്ധം മനപൂര്‍വ്വം മറച്ചുവെച്ച ചന്ദാ അവര്‍ക്ക് പണം നല്‍കുന്ന സമിതിയില്‍ അംഗമായി. സ്വകാര്യ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നായിരുന്നു ആക്ഷേപം. വെളിപ്പെടുത്തലും അഴിമതി ആരോപണങ്ങളും ഉയര്‍ന്നെങ്കിലും ഐസിഐസിഐ ബോര്‍ഡ് തുടക്കത്തില്‍ ചന്ദായുടെ രക്ഷയ്ക്കെത്തി.വിവാദം മുറുകിയതോടെ, അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും നില്‍ക്കക്കള്ളിയില്ലാതായതോടെ, 2018 ഒക്ടോബറില്‍ ചന്ദാ സിഇഒ സ്ഥാനം രാജിവെച്ചു.

പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. ചന്ദായുടെയും ദീപകിന്റെയും വീടും ഓഫീസുമൊക്കെ ഇഡി റെയ്ഡ് ചെയ്തു. 78 കോടിയുടെ സ്വത്തും കണ്ടുകെട്ടിയതിന് പിന്നാലെ ഇരുവരെയും അറസ്റ്റും ചെയ്തിരുന്നു. 2019ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ചന്ദാ, ദീപക്, അദ്ദേഹത്തിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ്, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍,അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്,വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേര്‍ത്തു. അഴിമതി നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ചന്ദാ, ഭര്‍ത്താവിനെ ഉപയോഗിച്ച് വേണുഗോപാലില്‍ നിന്നും വായ്പയ്ക്കുള്ള അനുമതി വാങ്ങിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. അതിന്റെ തുടര്‍ച്ചയായാണ് മൂവരെയും സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍, അന്വേഷ ഏജന്‍സികള്‍ പലകുറി ചോദ്യം ചെയ്തിട്ടും ചന്ദായും ദീപക്കും ആരോപണങ്ങളൊന്നും സമ്മതിച്ചിട്ടില്ല. ബാങ്കിലെ വായ്പാ തീരുമാനങ്ങളൊന്നും ഏകപക്ഷീയമല്ലെന്നായിരുന്നു ചന്ദായുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം.

logo
The Fourth
www.thefourthnews.in