'ലക്ഷ്യം ജെയ്ഷ്‌ അല്‍ അദ്ല്‍'; ചര്‍ച്ചാമേശയില്‍ നിന്ന് പാകിസ്താനെതിരേ ഇറാന്‍ സൈനിക നടപടിയിലേക്ക് നീങ്ങിയതിനു പിന്നില്‍

'ലക്ഷ്യം ജെയ്ഷ്‌ അല്‍ അദ്ല്‍'; ചര്‍ച്ചാമേശയില്‍ നിന്ന് പാകിസ്താനെതിരേ ഇറാന്‍ സൈനിക നടപടിയിലേക്ക് നീങ്ങിയതിനു പിന്നില്‍

മേഖലയെ പുതിയ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ചത് എന്താണ്?
Updated on
2 min read

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറും ഇറാന്‍ വിദേശകാര്യമന്ത്രി ആമിര്‍ അബ്ദുല്ലാഹിയനും തമ്മില്‍ ചര്‍ച്ച നടത്തിയ അതേ ദിവസം തന്നെയാണ് പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയത്.

ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുന്നി ഭീകര സംഘടന 'ജെയ്ഷ്‌ അല്‍ അദ്ല്‍' ഗ്രൂപ്പിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തങ്ങള്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു എന്ന പാകിസ്താന്റെ വെളിപ്പെടുത്തല്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. യാതൊരു പ്രകോപനവുമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

'പാകിസ്താനും ഇറാനും തമ്മില്‍ നിരവധി ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് അതിലും ആശങ്കാജനകമാണ്'- പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്താന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഇറാനായിരിക്കും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ലക്ഷ്യം ജെയ്ഷ്‌ അല്‍ അദ്ല്‍'; ചര്‍ച്ചാമേശയില്‍ നിന്ന് പാകിസ്താനെതിരേ ഇറാന്‍ സൈനിക നടപടിയിലേക്ക് നീങ്ങിയതിനു പിന്നില്‍
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം: എന്താണ് നിർണായകമായ കോക്കസുകളും പ്രൈമറികളും?

ജെയ്ഷിന്റെ പ്രധാനപ്പെട്ട രണ്ട് കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത ആക്രമണമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് പാകിസ്താന്റെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മേഖലയെ പുതിയ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആക്രമണത്തിന് ഇറാനെ പ്രേരിപ്പിച്ചത് എന്താണ്?

എന്താണ് ജെയ്ഷ് അല്‍ അദ്ല്‍?

2012-ല്‍ സ്ഥാപിതമായ സുന്നി ഭീകര സംഘടനയാണ് ജെയ്ഷ്‌ അല്‍-അദ്ല്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഈ സംഘടനയുടെ പ്രവര്‍ത്തന മേഖല. 909 കിലോമീറ്ററാണ് പാകിസ്താനുമായി ഇറാന്‍ ഈ മേഖലയില്‍ അതിര്‍ത്തി പങ്കിടുന്നത്. വര്‍ഷങ്ങളായി പാകിസ്താനും ഇറാനും തമ്മില്‍ ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ്, ജെയ്ഷ് അല്‍-അദ്ല്‍ അക്രമങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത്. ജുന്‍ദല്ല എന്ന വിഘടനവാദ സംഘനയുടെ നേതാവ് അബ്ദോല്‍മാലിക് റിജിയെ ഇറാന്‍ കൊലപ്പടുത്തിയതോടെയാണ് അല്‍-അദ്ല്‍ ഇറാനെതിരെ 'പ്രതികാര നടപടികള്‍' ആരംഭിക്കുന്നത്.

ബലൂച് ഗോത്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച സംഘടന, ഇറാനെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തി. അമേരിക്കയും ഇസ്രയേലും സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളാണ്. പാകിസ്താന്‍ അതിര്‍ത്തിയില്‍ 2013-ല്‍ അല്‍ അദ്ല്‍ നടത്തിയ ആക്രമണത്തില്‍ 13 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സിറിയന്‍ അധിനിവേശത്തിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു സംഘടനയുടെ വാദം. 2014-ല്‍ ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയ അല്‍ അദ്‌ലിന്റെ നടപടി, ഇറാനെ പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിന് പ്രേരിപ്പിച്ചു.

ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ കഴിഞ്ഞമാസം ഇവര്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണമണത്തില്‍ 11 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇതാണ്‌ ഇറാന്റെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍.

ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ മേഖലയില്‍ സുന്നി വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരെ പാകിസ്താന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഭീകരവാദികളെ പാകിസ്താന്‍ സംരക്ഷിക്കുകയാണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും വ്യാപാര, ഊര്‍ജ, സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ട്.

ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കലങ്ങിമറിഞ്ഞിരിക്കുന്ന ലോകരാഷ്ട്രീയത്തില്‍ പുതിയ സംഭവ വികാസങ്ങളും കാര്യമായ ചലനങ്ങള്‍ക്ക് വഴിതുറക്കും. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നത്. പാകിസ്താന്‍ ആക്രമണം ഇറാനെതിരെ ആയുധമാക്കാന്‍ അമേരിക്കയും ഇസ്രയേലും മുന്‍കൈയെടുക്കും. പാകിസ്താനുമായുള്ള അതിര്‍ത്തി പ്രശ്‌നം പോലെതന്നെ, അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി ഇറാന്‍ അതിര്‍ത്തി പ്രശ്‌നത്തിലാണ്. ഇതും മേഖലയിലെ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്നതിന് കാരണമാകും.

logo
The Fourth
www.thefourthnews.in