എന്താണ് ഖാപ് പഞ്ചായത്ത്? അവയുടെ പ്രവർത്തനം, നാൾവഴികൾ

എന്താണ് ഖാപ് പഞ്ചായത്ത്? അവയുടെ പ്രവർത്തനം, നാൾവഴികൾ

പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം
Updated on
2 min read

രാജ്യത്തെ പിടിച്ചു കുലുക്കിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ പേരാണ് ഖാപ് പഞ്ചായത്ത്. ഖാപ് പഞ്ചായത്ത് ചേര്‍ന്നാണ് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നതും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതും. കര്‍ഷക പ്രക്ഷോഭം ശക്തിപ്പെട്ട സമയങ്ങളിലും ഖാപ് പഞ്ചായത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്താണ് ഖാപ് പഞ്ചായത്ത്. എങ്ങനെയൊക്കെയാണ് ഖാപ് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് പരിശോധിക്കാം.

എന്താണ് ഖാപ് പഞ്ചായത്ത്? അവയുടെ പ്രവർത്തനം, നാൾവഴികൾ
ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇന്ന് ഖാപ് പഞ്ചായത്ത്; താരങ്ങൾക്ക് രാജ്യാന്തര ഒളിമ്പിക്‌ കമ്മറ്റിയുടെ പിന്തുണ

എന്താണ് ഖാപ് പഞ്ചായത്ത് ?

ഏതാനും ഗ്രാമങ്ങളുടെ യൂണിയനാണ് ഖാപ് പഞ്ചായത്ത്. ജാട്ട് സമുദായത്തില്‍ നിന്നുള്ള ഉയര്‍ന്ന ജാതിക്കാരും പ്രായമായ പുരുഷന്‍മാരും ഉള്‍പ്പെടുന്ന സാമൂഹിക-രാഷ്ട്രീയ ഗ്രൂപ്പുകളാണിവ. ചിലയിടങ്ങളില്‍ കാലാകാലങ്ങളായുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അടിസ്ഥാനമാക്കി കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിക്കുന്ന അര്‍ദ്ധ ജുഡീഷ്യല്‍ ബോഡികളായി അവ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സമീപകാലങ്ങളായി കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങളിലെല്ലാം ഖാപ് പഞ്ചായത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളിലും ഖാപ് പഞ്ചായത്തിന്റെ ഇടപെടലുണ്ടാകുന്നുണ്ട്.

ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഖാപ് പഞ്ചായത്തുകള്‍ കുടുതല്‍ ?

പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം. പടിഞ്ഞാറന്‍ യുപി, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഖാപ് പഞ്ചായത്തുകള്‍ നിലനില്‍ക്കുന്നത്. ഹരിയാനയിലെ റോഹ്തക്, ജജ്ജാര്‍, സോനെപത്, ഭിവാനി, കര്‍ണാല്‍, ജിന്ദ്, കൈതാല്‍, ഹിസാര്‍ എന്നീ ജില്ലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

വിവാദ കേന്ദ്രങ്ങളായ ഖാപ് പഞ്ചായത്തുകൾ

ചെറുപ്പക്കാരുടെ ജീവിതം നിയന്ത്രിക്കുന്നതിലും തീരുമാനമെടുക്കുന്നതിനും ഖാപ് പഞ്ചായത്ത് പങ്കു വഹിക്കുന്നുണ്ട്. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ ഖാപ് പഞ്ചായത്ത് എതിര്‍ക്കുന്നു. ഒരേ ഗോത്രത്തില്‍പ്പെട്ട ആണ്‍കുട്ടിയും പെണ്‍കുട്ടിയും സഹോദരി സഹോദരന്‍മാര്‍ ആണെന്നാണ് ഇര്‍ക്കിടയിലെ നിയമം. ഖാപ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളിലെല്ലാം പ്രണയ വിവാഹങ്ങള്‍ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്കെതിരെ ഒറ്റ സിറ്റിങ്ങില്‍ വിധി പ്രസ്താവിക്കുന്നത് ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ ഖാപ് പഞ്ചായത്തിന്റെ അനുകൂലിക്കാന്‍ കാരണമാകുന്നുണ്ട്.

ഖാപ് പഞ്ചായത്തിന്റെ ശിക്ഷാ വിധികളിലൂടെ നിരവധി പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഖാപ് പഞ്ചായത്ത് ഭരിക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംക്ഷിക്കപ്പെടുന്നില്ല. ഗ്രാമത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാുള്ള ബാധ്യത പെണ്‍കുട്ടികള്‍ക്കാണെന്നാണ് ഇവര്‍ക്കിടയിലെ വിശ്വാസം. ഇതില്‍ എന്തെങ്കിലും പിഴവ് വരുത്തുന്ന പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ ശിക്ഷാ വിധികളാണ് ഖാപ് പഞ്ചായത്ത് നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാനയില്‍ ഒരു ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഖാപ് പഞ്ചായത്ത് നടത്തിയ പ്രതികരണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സംഭവത്തെ അപലപിക്കുന്നതിന് പകരം പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കണമെന്നായിരുന്നു ഖാപ് പഞ്ചായത്തിന്റെ പ്രതികരണം.

ഖാപ് പഞ്ചായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം

ജനാധിപത്യപരമായി തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളുടെ ദൗര്‍ബല്യമാണ് ഖാപ് പഞ്ചായത്തുകള്‍ ശക്തിയാര്‍ജ്ജിക്കാനുള്ള കാരണം. മാത്രമല്ല ഹരിയാനയിലെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന ജാട്ടുകള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജാതി വിഭാഗമാണ്. പലയിടങ്ങളിലും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഖാപ് പഞ്ചായത്തുകള്‍ നടത്തുമ്പോള്‍ ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല.

എന്തുകൊണ്ട് അവരെ നിരോധിക്കാന്‍ കഴിയില്ല ?

ഖാപ് പഞ്ചായത്തുകള്‍ നിയമവിരുദ്ധമാണെന്നും അവര്‍ നടപ്പാക്കുന്ന ദുരഭിമാനക്കൊലകള്‍ ക്രൂരവും ലജ്ജാകരവുമാണെന്ന് 2011 ല്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് രൂപീകരിക്കുകയും ഭരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും സുപ്രീംകോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്ക് ശേഷവും പഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചു വന്നു. ഭരിക്കുന്നവര്‍ പോലും ഖാപ് പഞ്ചായത്തിനെ എതിര്‍ക്കുകയോ നിരോധിക്കുകയോ ചെയ്യാത്തതിന്റെ പ്രധാന കാരണം വോട്ട് ബാങ്കാണ്. സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ജാട്ട് സമുദായത്തെ പിണക്കാതിരിക്കാനുള്ള നീക്കമാണ് ഇവിടങ്ങളില്‍ സര്‍ക്കാരുകള്‍ നടത്തി വരുന്നത്.

logo
The Fourth
www.thefourthnews.in