ആദ്യം പുറത്താക്കപ്പെട്ടത് മൊറാർജി ദേശായി;  അവിശ്വാസ പ്രമേയത്തില്‍ അധികാരം നഷ്ടപ്പെട്ടവർ, അതിജീവിച്ചവർ

ആദ്യം പുറത്താക്കപ്പെട്ടത് മൊറാർജി ദേശായി; അവിശ്വാസ പ്രമേയത്തില്‍ അധികാരം നഷ്ടപ്പെട്ടവർ, അതിജീവിച്ചവർ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവതരിപ്പിക്കുന്ന 28ാമത്തെ അവിശ്വാസ പ്രമേയമാണിത്
Updated on
2 min read

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കറുടെ അനുമതി ലഭിച്ചിരിക്കുകയാണ്. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് പ്രമേയത്തിന് അനുമതി നേടിയത്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ നീക്കം.

എന്താണ് അവിശ്വാസ പ്രമേയം?

നിയമനിര്‍മാണ സഭയ്ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനെയാണ് അവിശ്വാസ പ്രമേയമെന്ന് പറയുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സര്‍ക്കാരിനെതിരേ അവതരിപ്പിക്കുന്ന 28ാമത്തെ അവിശ്വാസ പ്രമേയമാണിത്. ഒരു തവണമാത്രമാണ് അവിശ്വാസ പ്രമേയം വിജയിച്ച് പ്രധാനമന്ത്രിയുടെ പതനത്തിലേക്ക് നയിച്ചത്. 1979 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് താഴെവീണത്.

1963 ല്‍ മൂന്നാമത്തെ ലോക്‌സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആണ് സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്

1952-ല്‍ പാസാക്കിയ ലോക്‌സഭാ ചട്ടങ്ങള്‍ പ്രകാരം 30 എംപിമാരുടെ പിന്തുണയായിരുന്നു(ഇപ്പോള്‍ 50 പേരുടെ പിന്തുണ വേണം) അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് ലോക്‌സഭാ കാലയളവില്‍ ഒരു അവിശ്വാസ പ്രമേയം പോലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. 1963-ല്‍ മൂന്നാമത്തെ ലോക്‌സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരിനെതിരേയാണ്‌ ആദ്യ അവിശ്വാസ പ്രമേയം വരുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായി മാറിയ സ്വതന്ത്ര അംഗം ആചാര്യ ജെ ബി കൃപലാനിയാണ് സര്‍ക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചത്. നാല് ദിവസം ചേര്‍ന്ന സമ്മേളനത്തില്‍ 21 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടന്നത്. ഒടുവില്‍ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. 62 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 347 പേരാണ് എതിര്‍ത്തു വോട്ട് ചെയ്തത്.

''അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയെ പുറത്താക്കുക എന്നതാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന് അത് കഴിഞ്ഞില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പക്ഷേ സംവാദം ഏറെ രസകരവും പ്രയോജനമുള്ളതുമായിരുന്നു. ഈ പ്രമേയത്തെയും സംവാദത്തെയും സ്വാഗതം ചെയ്യുന്നു''- അന്ന് അവിശ്വാസ പ്രമേയത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്.

ആദ്യം പുറത്താക്കപ്പെട്ടത് മൊറാർജി ദേശായി;  അവിശ്വാസ പ്രമേയത്തില്‍ അധികാരം നഷ്ടപ്പെട്ടവർ, അതിജീവിച്ചവർ
മണിപ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുമതി, ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കും

ആദ്യത്തെ അവിശ്വാസം അവതരിപ്പിക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം 1964 ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് നേരെ സ്വതന്ത്ര എംപിയായ എന്‍.സി ചാറ്റര്‍ജി പ്രമേയം കൊണ്ടുവന്നു. ''രാജ്യത്തിന്റെ എല്ലാ മേഖലയിലും ഇപ്പോള്‍ ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക തുടങ്ങി എല്ലാ മേഖലകളിലുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്തവും സര്‍ക്കാരിനാണ്'' -പ്രമേയം അവതരിപ്പിച്ചു കൊണ്ട് ചാറ്റര്‍ജി പറഞ്ഞു. 1964 സെപ്റ്റംബര്‍ 17-ന് അവതരിപ്പിച്ച ഈ പ്രമേയത്തിന്മേല്‍ 24 മണിക്കൂറാണ് ചര്‍ച്ച നടന്നത്. ഒടുവില്‍ 18-ന് വോട്ടിനിട്ട് തള്ളി. 307 എംപിമാര്‍ എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ 50 പേരാണ് പിന്തുണച്ചത്.

1964 നും 1975 നും ഇടയില്‍ ലോക്‌സഭാ 15 അവിശ്വാസ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്നെണ്ണം ശാസ്ത്രിക്കെതിരെയും, 12 എണ്ണം ഇന്ദിരാഗാന്ധിക്കെതിരെയുമായിരുന്നു. 1981 നും 1982 നും ഇടയില്‍ അതായത് വെറും ഒരു കൊല്ലത്തിനിടയില്‍ ഇന്ദിരാഗാന്ധി മൂന്ന് അവിശ്വാസങ്ങളെയാണ് നേരിട്ടത്. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ പിരിച്ചു വിടാന്‍ പ്രാപ്തിയുള്ള പ്രമേയങ്ങളായിരുന്നില്ല. സിപിഎമ്മിലെ ജ്യോതി ബസു ഇന്ദിരാ ഗാന്ധിക്കെതിരെ തുടര്‍ച്ചയായി നാല് തവണയാണ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രിയും ഇന്ദിരയാണ്, 15 തവണ!.

1987 ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അവിശ്വാസ പ്രമേയത്തെ നേരിട്ടിട്ടുണ്ട്.

പുറത്താക്കപ്പെട്ട ആദ്യ സര്‍ക്കാര്‍

1979 ലാണ് ആദ്യമായൊരു അവിശ്വാസ പ്രമേയം പാസാകുന്നത്. വീണത് മൊറാര്‍ജി ദേശായി സര്‍ക്കാര്‍. കോണ്‍ഗ്രസ് എംപി വൈ ബി ചവാനാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ടു ദിവസത്തിലേറെ നീണ്ടു നിന്ന ചര്‍ച്ചയ്ക്കു ശേഷം പ്രമേയം വോട്ടിനിടും മുമ്പേ മൊറാര്‍ജി ദേശായി രാജി സമര്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷം എല്ലാ പ്രധാനമന്ത്രിമാര്‍ക്കും അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ട്. 1987 ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അവിശ്വാസ പ്രമേയത്തെ നേരിട്ടിട്ടുണ്ട്. പത്താം ലോക്‌സഭയില്‍ നരസിംഹ റാവു രണ്ട് അവിശ്വാസ പ്രമേയങ്ങളാണ് നേരിട്ടത്. ആദ്യ പ്രമേയം ജസ്വന്ത് സിങ്ങാണ് അദ്ദേഹത്തിനെതിരെ അവതരിപ്പിച്ചത്. 46 വോട്ടിനാണ് ആ പ്രമേയം അദ്ദേഹം പരാജയപ്പെടുത്തിയത്.

സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്ന ചന്ദ്രബാബു സഖ്യം വിടാന്‍ തീരുമാനിച്ചത്

2018 ലാണ് അവസാനമായി അവിശ്വാസ പ്രമേയ വോട്ട് നടന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം നടന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്ന ചന്ദ്രബാബു സഖ്യം വിടാന്‍ തീരുമാനിച്ചത്.

2018 ലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ 12 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ചയ്ക്ക് ശേഷം ജൂലൈ 20 ന് മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തെ 199 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 126 അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 325 പേര്‍ അതിനെ തള്ളി. നാടകീയ നിമിഷങ്ങളായിരുന്നു അന്നത്തെ അവിശ്വാസ പ്രമേയത്തിലുണ്ടായിരുന്നത്. അവിശ്വാസ പ്രമേയത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി പോയി കെട്ടിപ്പിടിച്ചതെല്ലാം വലിയ വിവാദമായിരുന്നു.

സര്‍ക്കാര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

ലോക്‌സഭയില്‍ 272 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന് 331 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ബിജെപിക്ക് മാത്രം 303 എംപിമാരുണ്ട്. അതായത് ഇതര കക്ഷികളെല്ലാം ഒരുമിച്ചാലും അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ട്. പുതിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് 144 എംപിമാരാണ് ഉള്ളത്. ബിആര്‍എസ്, വൈഎസ്ആര്‍സിപി, ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 70 അംഗങ്ങളുമുണ്ട്.

logo
The Fourth
www.thefourthnews.in