ഗവര്‍ണര്‍- മുഖ്യന്‍ പോരിലെ പ്രധാനി 'പിപ്പിടി', ആള് ചില്ലറക്കാരനല്ല
രണ്ടു മൂന്നു ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാക്കാണ് പിപ്പിടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പിപ്പിടി പ്രയോഗം ആദ്യം നടത്തുന്നത്. ഉന്നം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും വാര്‍ത്താ സമ്മേളനങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടൂതല്‍ ചര്‍ച്ച ചെയ്തതും പിപ്പിടി തന്നെ. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ മുഖ്യമന്ത്രി വീണ്ടും പിപ്പിടി പ്രയോഗം ആവര്‍ത്തിച്ചു. ''മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്ണുതയോടെ കാണുന്നവര്‍ പലവിധ പിപ്പിടി വിദ്യകളുമായി കടന്നുവരും.
മാക്‌സിം ഗോര്‍ക്കിയുടെ മദര്‍ എന്ന വിഖ്യാത നോവലിന്റെ ആദ്യത്തെ മലയാള പരിഭാഷയില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്
അത്തരം ശ്രമങ്ങള്‍ കണ്ടാല്‍ ഭയന്ന് പിന്മാറുകയോ തിരിഞ്ഞോടുകയോ ചെയ്യില്ല,'' എന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. എന്താണ് പിപ്പിടി? ഈ വാക്കിന്റെ അര്‍ഥം എന്താണ്?മലയാള സാഹിത്യ ചരിത്രം പരതിയാല്‍ വളരെ അപൂര്‍വമായി പണ്ടെപ്പോഴോ ഉപയോഗിച്ച വാക്കുകളില്‍ ഒന്നാണിതെന്നു കാണാം.വാക്കുകളുടെ കാര്യത്തില്‍ അവസാന വാക്കായ ശബ്ദതാരാവലിയില്‍ പക്ഷേ, പിപ്പിടി എന്നൊരു പദം തന്നെയില്ല. പക്ഷെ, മാക്‌സിം ഗോര്‍ക്കിയുടെ മദര്‍ എന്ന വിഖ്യാത നോവലിന്റെ ആദ്യത്തെ മലയാള പരിഭാഷയില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ''നിക്കി ഫോറിച്ചിന്റെ പിപ്പിടിക്ക് വീറേറുകയും ചെയ്തു'' എന്നതാണ് ''അമ്മ' യിലെ പ്രയോഗം.