കർണിസേന മേധാവിയുടെ കൊലപാതകത്തിനു പിന്നിലും ബിഷ്ണോയി സംഘം; ആരാണ് ഗോഗമേദി, എന്താണ് കർണി സേന ?
അജ്ഞാതരുടെ വെടിയേറ്റ് കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദി കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തിൽ വലിയ വാർത്ത സൃഷ്ടിച്ചിരിക്കുകയാണ്. ജയ്‌പൂരിലെ വീട്ടിൽ എത്തിയ നാൽവർ സംഘമാണ് ഗോഗമേദിക്ക് നേരെ വെടിയുതിർത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗോഗമേദിയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്.
സുഖ്‌ദേവ് സിങ് ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ രോഹിത് ഗോദാര ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ കർണി സേന നേതാവാണ് സുഖ്‌ദേവ് സിങ് ഗോഗമേദി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിനെതിരെ വധ ഭീഷണികളും നില നിന്നിരുന്നു.
എന്താണ് കർണിസേന ?
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് കർണി സേന. രജപുത്ര നേതാവായിരുന്ന ലോകേന്ദ്ര സിങ് കൽവി 2005-ലാണ് സംഘടന രുപീകരിക്കുന്നത്. രജപുത്ര സമുദായത്തെ ഒരു സംഘടനക്ക് കീഴിൽ അണി നിരത്തുക എന്ന ലക്ഷ്യത്തോടെ മഹിപാൽ സിംഗ് മക്രാന, വിശ്വബന്ധു സിംഗ് റാത്തോഡ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കർണി സേന രൂപീകരിക്കുന്നത്. സംഘടനയുടെ പ്രാഥമിക ലക്ഷ്യം രജപുത്രർക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും ജാതി അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യപ്പെടുക എന്നതായിരുന്നു. രജപുത്ര വിഭാഗത്തിൽ പെട്ട യുവാക്കളായിരുന്നു സംഘടനക്ക് പിന്നിലെ പ്രധാന പ്രവർത്തകർ. പാഠപുസ്തകങ്ങളിലെ രജപുത്ര വ്യക്തിത്വങ്ങളെ മാറ്റിനിർത്തുന്നത് അവസാനിപ്പിക്കുക സർക്കാരിൽ രജപുത്ര നിയമസഭാംഗങ്ങളെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളും സംഘടനക്കുണ്ടായിരുന്നു.
സംഘടനയുടെ ആദ്യ പ്രസിഡന്റ് അജീത് സിങ് മാംദോലി ആയിരുന്നു. 2008-ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ , രജപുത്ര സ്ഥാനാർത്ഥികൾക്ക് പാർട്ടി ഒരു നിശ്ചിത എണ്ണം ടിക്കറ്റ് നൽകുമെന്ന വ്യവസ്ഥയിൽ ഗ്രൂപ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. ഈ സമയം അജീത് സിങ് മാംദോലിയും ലോകേന്ദ്ര സിങ് കൽവിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഗ്രൂപ്പ് പിളർന്നു. മംദോലി ഗ്രൂപ്പ് വിട്ട് ഒരു പുതിയ വിഭാഗം രൂപീകരിച്ചു. ശ്രി രജ്പുത് കർണി സേന എന്ന പേരിനെ ചൊല്ലി ഇരു വിഭാഗങ്ങളും നിയമയുദ്ധത്തിൽ ഏർപ്പെട്ടിരുന്നു.
മാംദോലിയുമായി പിരിഞ്ഞതിന് ശേഷം കൽവി സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ തന്റെ വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചു. എന്നാൽ സംവരണം സംബന്ധിച്ച ചില അഭിപ്രായവ്യത്യാസങ്ങൾ ഇരു നേതാക്കളും തമ്മിൽ ഉടലെടുത്തു. 2015-ൽ, ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ഗോഗമേദിയെ സംഘടനയിൽ നിന്ന് പുറത്താക്കി. ശേഷം സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ നേതൃത്വത്തിൽ ശ്രീ രാഷ്ട്രീയ രജപുത്ര കർണി സേന എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
ആദ്യം സംഘടന സംവരണ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരുന്നെങ്കിലും പിന്നീട് നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാൻ തുടങ്ങിയിരുന്നു. 2008-ൽ, രജപുത്ര ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ജോധാ അക്ബർ എന്ന സിനിമയുടെ റിലീസിനെതിരെ പ്രതിഷേധം നടത്തിയിരുന്നു . 2012ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം രാജേന്ദ്ര സിംഗ് റാത്തോഡിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ശേഖാവതിയിലെ കർണി സേന അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. 2017ൽ, പദ്മാവത് സിനിമയുടെ റിലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് സംഘം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സമ്പത്ത് നെഹ്‌റയിൽ നിന്ന് നേരത്തെ സുഖ്‌ദേവ് സിംഗ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഭീഷണി നില നിൽക്കുന്നതായി ഗോഗമേദി നേരത്തെ ജയ്പൂർ പോലീസിനെ അറിയിച്ചിരുന്നു. ഈ വർഷം ജൂണിൽ മധ്യപ്രദേശിലെ ഇൻഡോറിൽ കർണി സേനയുടെ പ്രാദേശിക നേതാവിനെ കാറിൽ വെടിയേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നെഞ്ചിൽ വെടി വെച്ചതാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.