സിപിഎം പോരാട്ടം തുണച്ചു; മൂന്ന് പതിറ്റാണ്ടിനുശേഷം വച്ചാത്തിയില്‍ നീതി
'ഞങ്ങളുടെ സ്വത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളെ കൂട്ടബലാസംഘം ചെയ്തു. വീടുകള്‍ തകര്‍ത്തു. കിണറ്റില്‍ വിഷം കലര്‍ത്തി. കാലികളെ കൊന്നു തള്ളി. ഒരുപാട് പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ രേഖകള്‍ നഷ്ട്ടപ്പെട്ടു. ഞങ്ങള്‍ക്ക് എല്ലാം ആദ്യം മുതല്‍ തുടങ്ങണമായിരുന്നു,'
മുപ്പത് വര്‍ഷം മുന്‍പുള്ള ഒരു പകലിനെ വച്ചാത്തിയിലെ ജനങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. വീരപ്പന്‍ വേട്ടയുടെ മറവില്‍ പോലീസും വനംവകുപ്പും നടത്തിയ ക്രൂരമായ അതിക്രമങ്ങളുടെ ഒരു ദിവസത്തെ അവര്‍ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. അന്നവിടെ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായത് പതിനെട്ട് സ്ത്രീകളാണ്. ഒടുവിലിപ്പോള്‍ ഈ സ്ത്രീകളെ നീതി തേടിയെത്തിയിരുന്നു. നീതി നിഷേധം സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ തുടര്‍കഥയാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വച്ചാത്തിയിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത്. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ ഇവര്‍ നിയമയുദ്ധം നടത്തിയ പത്തൊന്‍പത് വര്‍ഷമാണ്.
1992 ജൂണ്‍ 20 : വച്ചാത്തിയിൽ സംഭവിച്ചതെന്ത് ?
ചന്ദനക്കള്ളക്കടത്തിലൂടെ കുപ്രസിദ്ധനായ കൊടും കുറ്റവാളി വീരപ്പനെ പിടികൂടാന്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ദൗത്യങ്ങളാണ് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ നടത്തിയത്. ഇക്കാലമത്രയും കാടിനുള്ളില്‍ മറഞ്ഞിരുന്ന വീരപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനും ദൗത്യ സംഘങ്ങള്‍ക്കും ലഭിച്ചിരുന്നത് വീരപ്പനും കൂട്ടാളികളുമായി ബന്ധപ്പെട്ട മലയോര ഗ്രാമങ്ങളില്‍ നിന്നായിരുന്നു. ഇതിനായി ദൗത്യസംഘങ്ങള്‍ ഈ ഗ്രാമങ്ങളില്‍ ക്യാമ്പ് ചെയ്യുകയും വീരപ്പനെ പിടികൂടാനായി നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഗ്രാമവാസികളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും വീരപ്പനിലേക്ക് എത്താമെന്നായിരുന്നു പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രതീക്ഷ.
ഇക്കാലയളവില്‍ നടന്നിരുന്ന അനവധി മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ ചിത്രമാണ് വച്ചാത്തിയും അവിടുത്തെ ഗ്രാമവാസികളും. എല്ലായിടത്തുമെന്ന പോലെ വീരപ്പനെ പിടിക്കൂടാനായി ഈ ഗ്രാമവാസികളെ പോലീസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ഉപയോഗപ്പെടുത്തിയിരുന്നു.
1992 ജൂണ്‍ 20ന് വനം ഉദ്യോഗസ്ഥരും വച്ചാത്തിയിലെ ഗ്രാമവാസികളും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ ബാക്കിയായാണ് ആ ക്രൂര കൃത്യം അരങ്ങേറിയത്. 155 വനം ഉദ്യോഗസ്ഥരും, 108 പോലീസുകാരും ആറ് റവന്യു ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം റെയ്ഡിനായി വച്ചാത്തിയിലെത്തി. വീരപ്പനെ സഹായിച്ചു, ചന്ദന കള്ളക്കടത്ത് നടത്തി തുടങ്ങിയവയായിരുന്നു ഗ്രാമവാസികള്‍തിരെയുള്ള ആരോപണങ്ങള്‍. റെയ്ഡിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ അന്ന് നടത്തിയ കൊടും ക്രൂരത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബഹളത്തിനിടയില്‍നിന്ന് 18 സ്ത്രീകളെ മാത്രം വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി. നൂറോളം പേര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. കന്നുകാലികള്‍ കൊലചെയ്യപ്പെട്ടു. വീടുകള്‍ കൊള്ളയടിച്ചു. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി. ഈ ക്രൂരതക്ക് ശേഷം മടങ്ങിയെത്തിയ വച്ചാത്തിയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ ഗ്രാമം അവിടെ കാണാനായില്ല. വച്ചാത്തിയെ അവര്‍ പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നു. പിന്നീടുള്ള കാലം ഗ്രാമവാസികള്‍ അടുത്തുള്ള കാട്ടില്‍ ഒളിച്ച് ജീവിച്ചു.
നീതിക്കായി സിപിഎമ്മിന്റെ പോരാട്ടം
പോലീസ് പ്രതികളായത് കൊണ്ട് തന്നെ ആദ്യകാലത്ത് വലിയ അന്വേഷണങ്ങളോ നീക്ക് പോക്കുകളോ ഇല്ലാതെ കേസ് നിന്നു. വച്ചാത്തിയിലെ ജനങളുടെ നീതിക്ക് വേണ്ടിയുള്ള നിയമയുദ്ധം പിന്നീട് ഏറ്റെടുത്ത് നടത്തുന്നത് സിപിഎമ്മാണ്. മദ്രാസ് ഹൈക്കോടതിയില്‍ സിപിഎം നല്‍കിയ ഹര്‍ജിയിന്മേലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. 19 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, 126 വനം ഉദ്യോഗസ്ഥരും 84 പോലീസ് ഉദ്യോഗസ്ഥരും അഞ്ച് റവന്യു ഉദ്യോഗസ്ഥരുമടക്കം 269 പേര്‍ കുറ്റക്കാരാണെന്ന് 2011 സെപ്തംബര് 29ന് ധര്‍മപുരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 7 പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കപ്പെടുകയും ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. വിധി വരുമ്പോള്‍ അതില്‍ 215 പേര്‍ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു. ഈ വിധിയാണ് ഇപ്പൊ മദ്രാസ് ഹൈക്കോടതി ശരി വെച്ചിരിക്കുന്നത്.
വീരപ്പനെ പിടിക്കാനായി മാറിമാറി വന്ന സംഘങ്ങള്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. വെടിവെപ്പുകളും കൂട്ട ബലാത്സംഗങ്ങളും നടത്തി നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ പോലീസ് അഴിച്ച് വിട്ട ക്രൂരതകള്‍ ഇന്നും ഉത്തരമില്ലാതെ ഇരുട്ടിന്റെ മറവില്‍ തുടരുകയാണ്. എങ്കിലും വാച്ചാത്തി ഒരാശ്വാസമാണ്. നീതി നിഷേധങ്ങളുടെ ആവര്‍ത്തിച്ചുള്ള കഥകള്‍ മാത്രം കേള്‍ക്കുന്ന സമകാലിക ഇന്ത്യയില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്ത. എല്ലാ സമ്മര്‍ദ്ദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് നീതിക്ക് വേണ്ടി നിലകൊണ്ട തമിഴ്‌നാട്ടിലെ സിപിഎമ്മിനും ഇക്കാര്യത്തില്‍ അഭിമാനിക്കാം.