ലെബനനിൽ യുഎൻ സമാധാനസേനയെ തുടർച്ചയായി ലക്ഷ്യമിട്ട് ഇസ്രയേൽ; എന്താണ് യൂണിഫിൽ? പ്രവർത്തനം എപ്രകാരം?

ലെബനനിൽ യുഎൻ സമാധാനസേനയെ തുടർച്ചയായി ലക്ഷ്യമിട്ട് ഇസ്രയേൽ; എന്താണ് യൂണിഫിൽ? പ്രവർത്തനം എപ്രകാരം?

ലെബനാനും ഹിസ്ബുള്ളക്കും ഇടയിലുള്ള കേന്ദ്രങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഏജൻസിയുടെ ദൗത്യം
Updated on
2 min read

ഗാസക്കൊപ്പം ലെബനനിലും ശക്തമായ ആക്രമങ്ങൾ തുടരുകയാണ് ഇസ്രയേൽ. അന്താരാഷ്ട്ര നിയമങ്ങളെല്ലാം തന്നെ കാറ്റിൽ പറത്തികൊണ്ടാണ് ഇസ്രയേലിന്റെ നരനായാട്ടെന്നാണ് ഉയരുന്ന വിമർശനം. ഒപ്പം യുഎൻ ദൗത്യസംഘമായ യുണൈറ്റഡ് നേഷൻസ് ഇന്റെരിം ഫോഴ്‌സ് ഇൻ ലെബനൻ (യൂണിഫില്‍) ഇസ്രയേൽ അതിക്രമങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകള്‍. യൂണിഫില്ലിന്റെ അംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയും അവരുടെ കേന്ദ്രങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുകയും അവശ്യ സാധനങ്ങളുടെ കൈമാറ്റം തടസപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം.

എന്താണ് യഥാർത്ഥത്തിൽ യൂണിഫിൽ ?

45 വർഷത്തിലേറെയായി ലെബനനിൽ പ്രവർത്തിക്കുന്ന സമാധാന സേനയാണ് യൂണിഫിൽ. 1978ൽ ഇസ്രയേൽ അധിനിവേശം നടത്തിയതിന് ശേഷമാണ് ലെബനന്റെ തെക്കൻ അതിർത്തിയിൽ നിരീക്ഷണം നടത്തുന്നതിനായി സ്ഥാപിക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ ഉന്നത തീരുമാനമെടുക്കുന്ന ബോഡിയായ സെക്യൂരിറ്റി കൗൺസിൽ യുണിഫിലിന്റെ ചുമതല നിരവധി തവണ പുതുക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും 1982-നും 2000-നും ഇടയിൽ തെക്കൻ ലെബനനിൽ നടന്ന ഇസ്രയേലിൻ്റെ 18 വർഷത്തെ അധിനിവേശകാലത്ത്.

ലെബനനിൽ യുഎൻ സമാധാനസേനയെ തുടർച്ചയായി ലക്ഷ്യമിട്ട് ഇസ്രയേൽ; എന്താണ് യൂണിഫിൽ? പ്രവർത്തനം എപ്രകാരം?
ലെബനനിലെ 25 ശതമാനം ജനങ്ങളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ സൈന്യത്തിന്റെ നിർദേശം; ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുന്നതായി സൂചന

ലെബനനും ഇസ്രയേലിനും ഇടയിലുള്ള കേന്ദ്രങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഏജൻസിയുടെ ദൗത്യം. അതിനായി ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന യുഎൻ മാപ്പ് ചെയ്ത 120 കിലോമീറ്റർ മേഖലക്ക് കുറുകെയുള്ള ഇസ്രായേല്‍, ലെബനീസ് സേനകളുടെ എല്ലാ നീക്കങ്ങളേയും സംഘടന നിരീക്ഷിക്കുന്നു. പ്രദേശം സായുധസംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും മുക്തമാക്കാൻ ലെബനൻ സൈന്യത്തെ സഹായിക്കാനും യൂണിഫിലിന് ചുമതലയുണ്ട്. എന്നാൽ, ലെബനനിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ സൈനിക ശക്തിയായ ഹിസ്ബുള്ള രാജ്യത്തിൻ്റെ തെക്ക് ഭാഗം നിയന്ത്രിക്കുന്നതിനാൽ ഇത് സാധ്യമായിട്ടില്ല.

ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ടതാണ് യൂണിഫിൽ. 800 സിവിലിയൻ ജീവനക്കാരും സംഘത്തിലുണ്ട്. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ സംഘത്തിൽ ജോലി ചെയ്യുന്നത്. ഏകദേശം 1,200ലധികം ജീവനക്കാരാണ് ഇവിടെ നിന്നുള്ളത്. ഇന്ത്യ, ഘാന, നേപ്പാൾ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും അംഗങ്ങൾ ഉണ്ട്.

സ്പെയിൻ, ഫ്രാൻസ്, അയർലൻഡ് എന്നീ രാജ്യങ്ങളും സൈനികരെ സംഭാവന ചെയ്യുകയും അവരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുഎൻ സമാധാന സേനയുടെ പ്രവർത്തന മേഖല വടക്ക് ലിറ്റാനി നദി മുതൽ തെക്കുള്ള ബ്ലൂ ലൈൻ വരെയാണ്. തെക്കൻ ലെബനനിലുടനീളം 29 കേന്ദ്രങ്ങളില്‍ നിന്നാണ് ഏകീകൃത സേന പ്രവർത്തിക്കുന്നത്.

ഒക്ടോബർ ഒന്നിന് ലെബനനിൽ ഇസ്രയേൽ അധിനിവേശം ആരംഭിച്ചത് മുതൽ യൂണിഫിൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാണ്. കേന്ദ്രങ്ങൾ അതിക്രമിച്ച് കയറിയത് ഉൾപ്പടെ നിരവധി ആക്രമണങ്ങൾ ഐഡിഎഫ് നടത്തിയതായി യൂണിഫിൽ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഏറെക്കാലമായി യുഎന്നിനോട് ശത്രുതാപരമായ സമീപനമാണ് ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്. യുഎന്നിന് കീഴിലുള്ള സ്കൂളുകളേയും ആശുപത്രി സംവിധാനങ്ങളേയും ഇസ്രേയല്‍ ആക്രമിച്ചിട്ടുണ്ട്. പലസ്തീനികളെ സംരക്ഷിക്കുന്നതിലും ഇസ്രയേലിന്റെ ക്രൂരതകളെ പുറത്തുകൊണ്ടുവരുന്നതിലും നിർണായക പങ്കാണ് യുഎന്നും ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളും വഹിച്ചിട്ടുള്ളത്.

ആക്രമണം നേരിടുകയാണെങ്കില്‍ യൂണിഫിലിന് തിരിച്ചടിക്കാൻ സാങ്കേതികമായി സാധിക്കും. എന്നാല്‍, പ്രയോഗികമായി അത് നടപ്പാക്കാൻ തയാറായിട്ടില്ല ഇതുവരെ. സേനയുടെ ഭാഗമായവർക്ക് സ്വയരക്ഷയ്ക്കായുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നാണ് യൂണിഫില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in