ഗ്യാന്‍വാപി കേസ്: മതേതര വിശ്വാസികളെ ആശങ്കയിലാക്കുന്ന എന്താണ് കോടതി ഉത്തരവിലുള്ളത്?

1991ലാണ് ഗ്യാന്‍വാപി കേസ് കോടതിയിലെത്തുന്നത്

ഗ്യാന്‍വാപി മസ്ജിദ് കേസിലെ ഏറ്റവും സുപ്രധാന ഉത്തരവായിരുന്നു കഴിഞ്ഞ ദിവസം വാരാണസി കോടതി നടത്തിയത്. കേസില്‍ വാദം കേള്‍ക്കുന്നത് തുടരുന്നതില്‍ തടസമില്ല എന്നതായിരുന്നു കോടതി ഉത്തരവ്. ഗ്യാന്‍വപി മസ്ജിദുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ മുന്‍പ് തന്നെ കോടതികളിലുണ്ട്. രാജ്യം ഏറെ ചര്‍ച്ച ചെയുന്ന ഗ്യാന്‍വാപി കേസ് ശരിക്കും എന്താണ്? മതേതര വിശ്വാസികളെ ആശങ്കയിലാക്കുന്ന എന്താണ് കോടതി ഉത്തരവിലുള്ളത്? പരിശോധിക്കാം!

യു പി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പള്ളിയാണ് ഗ്യാന്‍വാപി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് പള്ളി നിര്‍മിച്ചത്.കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുകളഞ്ഞാണ് നിര്‍മാണം നടത്തിയത് എന്നായിരുന്നു പള്ളിക്കെതിരെ ഹൈന്ദവ സംഘടനകള്‍ പ്രധാനമായും വാദിച്ചിരുന്നത്. 1991ലാണ് ഗ്യാന്‍വാപി കേസ് കോടതിയിലെത്തുന്നത്. പള്ളി പൊളിക്കണമെന്നും ഭൂമി ക്ഷേത്രത്തിന് കൈമാറണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ കേസ് എങ്ങുമെത്തിയില്ല എന്ന് മാത്രമല്ല വലിയ സ്വീകാര്യതയും ലഭിച്ചില്ല. ആ കാലത്താണ് place of worship ആക്ട് നിലവില്‍ വരുന്നത്.

എന്താണ് place of worship ആക്ട് 1991?

നരസിംഹ റാവു സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവരുന്നത്. അയോദ്ധ്യ കേസിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം ആവിഷ്‌കരിക്കുന്നത്. ആരാധനാലയങ്ങള്‍ സംബന്ധിച്ച അവകാശ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. 1947 ഓഗസ്റ്റ് 15 അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ആരാധനാലയങ്ങള്‍ എങ്ങനെയാണോ നിലനിന്നത് തല്‍സ്ഥിതി തുടരണമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ അയോദ്ധ്യ കേസ് നിലനിന്നതിനാല്‍ ബാബ്റി മസ്ജിദിനെ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ ആരാധനലയങ്ങള്‍ സംബന്ധിച്ചു നിലവിലുണ്ടായിരുന്ന കേസുകള്‍ അവസാനിപ്പിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്തിരുന്നു.

2019 ലെ അയോദ്ധ്യ കേസിലെ വിധിയോടെയാണ് ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം വീണ്ടും ചര്‍ച്ചയായത്. 2019 ഡിസംബറില്‍ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ബാബ്റി മസ്ജിദ് കേസിലെ അഭിഭാഷാകന്‍ വിജയ് ശങ്കര്‍ കോടതിയെ സമീപിച്ചു. ഇതിനെതിരായ പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ സര്‍വേ നടത്തുന്നത് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. places of worship ആക്ട് ചൂണ്ടിക്കാട്ടിയാണ് പള്ളി കമ്മിറ്റി കോടതിയെ സമീപിച്ചത്. അഖില ലോക് സനാഥന്‍ സംഘിന്റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന അഞ്ചു സ്ത്രീകള്‍ ചേര്‍ന്ന് 2022 ല്‍ നല്‍കിയ ഹര്‍ജിയോടെയാണ് ഗ്യാന്‍വാപി വിഷയം വീണ്ടും സജീവമായത് . പള്ളിയില്‍ ഹിന്ദു ദൈവങ്ങളുടെ നിത്യാരാധനയ്ക്കുള്ള അനുവാദം വേണമെന്നായിരുന്നു ഹര്‍ജി. തുടര്‍ന്ന് സര്‍വ്വേ നടത്താന്‍ വാരാണസി കോടതി കമ്മീഷനെ നിയോഗിച്ചു. ഇതിനെതിരെ പള്ളി കമ്മിറ്റി മേല്‍ കോടതികളെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

വീഡിയോ സര്‍വേയില്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ വരുന്നവര്‍ അംഗ ശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കുളത്തില്‍ നിന്ന് ശിവലിംഗത്തിന് സമാനമായ കല്ല് കണ്ടെടുത്തതായി കമ്മീഷന്‍ കോടതിയെ അറിയിച്ചു. രഹസ്യ റിപ്പോര്‍ട്ട് പരസ്യമായത് എങ്ങനെയെന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങളും ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് അഞ്ച് സ്ത്രീകളുടെ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കാമെന്ന നിര്‍ണായക ഉത്തരവ് വാരാണസി കോടതി പുറപ്പെടുവിച്ചത്. 1991ലെ place of worship ആക്ട് പ്രകാരം തുടര്‍വാദം അനുവദിക്കരുതെന്ന അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി കോടതി തള്ളി.

1947 ഓഗസ്റ്റ് 15 ന് ശേഷവും പള്ളി സമുച്ചയത്തിനുള്ളിലെ ഹിന്ദു ദൈവങ്ങളെ ആരാധിച്ചിരുന്നതായി നിത്യാരാധന ആവശ്യപ്പെട്ട് ഹര്‍ജി നല്കിയര്‍ അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ places of worship ആക്ട് ഇവിടെ ബാധകമാകില്ല എന്നതായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in