ബൈഡന്റെ അഭാവം, യുഎഇയുടെ ആതിഥേയത്വം: വിവാദങ്ങളോടെ കോപ് ഉച്ചകോടിക്ക് തുടക്കം, എന്തൊക്കെ പ്രതീക്ഷിക്കാം ?
ഒരു കാലവസ്ഥ ഉച്ചകോടി കൂടി ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ യുഎഇയിലാണ് ലോക രാഷ്ട്രങ്ങള്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേർന്നത്. 2015 ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യമായ ആഗോള താപനില വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളെക്കുറിച്ചുള്ള വിലയിരുത്തലാണ് COP28 ലെ പ്രധാന ദൗത്യം.
പാരീസ് ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം 2.5 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്ന ആശങ്കയും നിലനിൽക്കെയാണ് മറ്റൊരു കാലാവസ്ഥ ഉച്ചകോടിക്കായി ലോക രാജ്യങ്ങൾ ഒത്തു കൂടിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎന്‍ ഫ്രെയിം വര്‍ക്ക് കണ്‍വെന്‍ഷനില്‍ (UNFCCC) ഒപ്പുവച്ച ലോകമെമ്പാടുമുള്ള 197 രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 70,000 ത്തോളം പേരും ഇതില്‍ പങ്കെടുക്കും. 1992 ലെ യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെഞ്ചിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ രീതിയിലുള്ള കാലവസ്ഥ മാറ്റം ഒഴിവാക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ലോക രാജ്യങ്ങള്‍ മിക്ക വര്‍ഷങ്ങളിലും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗവും ചേരാറുണ്ട്.
2015 ലെ ചരിത്ര പ്രസിദ്ധമായ പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനത്തിന്റെ വര്‍ധന ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2 ഡിഗ്രി സെല്‍ഷ്യല്‍സായി നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. 1. 5 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില വര്‍ധനയുടെ തോത് നിയന്ത്രിക്കാനുള്ള ശ്രമം നടത്തുമെന്നുമായിരുന്നു ധാരണ. ഇതിനായി രാജ്യങ്ങള്‍ ഹരിത വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കാനുള്ള ശ്രമം നടത്താനും പാരീസില്‍ ധാരണയായിരുന്നു. എന്നാല്‍ ഇതിലൊക്കെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓരോ അഞ്ചു വര്‍ഷവും പുതിയ ലക്ഷ്യങ്ങളുമായി യോഗം ചേരാന്‍ ലോക രാജ്യങ്ങള്‍ തീരുമാനിച്ചത്.
പാരിസ് ഉച്ചകോടിയിലെ ലക്ഷ്യം നേടിയാല്‍ പോലും ഗുരുതരമായ കാലാവസ്ഥ പ്രശ്നങ്ങൾ ഉണ്ടാകുമെന്നായിരുന്നു 2021 ഉച്ചകോടിയില്‍ ഉണ്ടായ ധാരണ. 1.5 ഡിഗ്രി താപനില ഉയരുന്നത് പരിമിതപെടുത്തുന്നതിന് ഹരിത വാതകങ്ങളുടെ കാര്യത്തില്‍ വലിയ നിയന്ത്രണം ലോകത്തിന് സാധ്യമാകേണ്ടതുണ്ട്. ഇതിനായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികള്‍ വര്‍ഷാവര്‍ഷം പരിശോധിക്കുകയും തീരുമാനിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്‌ഗ്ലോ യോഗത്തിന് ശേഷമാണ് യുക്രെയ്ൻ അധിനിവേശവും, ഇന്ധന വിലയില്‍ കുതിച്ചു ചാട്ടമുണ്ടായതും.
പ്രതീക്ഷയോടെ കഴിഞ്ഞ വർഷങ്ങളിലും കാലാവസ്ഥ ഉച്ചകോടി നടന്നെങ്കിലും ഈ പ്രതീക്ഷക്കൊത്ത് ഉയരാൻ ഉച്ചകോടിക്ക് ആയിരുന്നില്ല. തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് ഉച്ചകോടി തുടർച്ചയായി പരാജയപ്പെട്ടു. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും ആഗോളതാപനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടിയാണ് ഇപ്പോൾ ആവശ്യം. ഇത് സംബന്ധിച്ച് കാര്യമായ ഉടമ്പടികൾ ഉണ്ടാക്കാനോ ഉണ്ടാക്കിയ ധാരണകൾ ഫലപ്രദമായി നടപ്പിൽ വരുത്താനോ കഴിഞ്ഞ വർഷങ്ങളിലെ കോപ്പ് ഉച്ചകോടിക്ക് സാധിച്ചിട്ടില്ല. ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലും ഏറ്റവും ദുർബലമായ രാജ്യങ്ങളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിലും കാര്യമായ പുരോഗതിയുണ്ടായില്ല.
കാലാവസ്ഥ ദുരന്തങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക ഘട്ടത്തിൽ കൂടിയാണ് COP28 യോഗം നടക്കുന്നത്. പ്രളയങ്ങൾ, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ വലിയ കാലാവസ്ഥ ദുരന്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു. ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനലാണ് കടന്ന് പോയത്. 2022-ല്‍ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം റെക്കോഡ് ഉയര്‍ന്നതായി യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ്.
കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്ന കല്‍ക്കരി, എണ്ണ, വാതകങ്ങള്‍ എന്നിവയുടെ ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ സജീവമാകും എന്ന് കരുതാം. കല്‍ക്കരി ഉപയോഗം നിര്‍ത്തലാക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാണെങ്കിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറല്ല. കാലാവസ്ഥ വ്യതിയാനങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല രാജ്യങ്ങള്‍ക്കുള്ള ധന സഹായമാണ് മറ്റൊരു പ്രധാന വിഷയം. കഴിഞ്ഞ വര്‍ഷം സജീവ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഷയത്തില്‍ ഒരു ധാരണയിലെത്താന്‍ ലോക രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഈ വര്‍ഷത്തെ കോപ്പ് ഉച്ചകോടിയിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുന്ന മറ്റ് ചില സംഗതികള്‍ കൂടിയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭാവമാണ് ഒന്ന്. ഒപ്പം യുഎഇ യുടെ ആതിഥേയത്വം. ഫോസില്‍ ഇന്ധനകളുടെ പ്രധാന ഉല്‍പ്പാദകരില്‍ പ്രധാനിയാണ് യുഎഇ. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ സിഇഒ സുല്‍ത്താന്‍ അല്‍ ജാബറിനെ COP28 പ്രസിഡന്റായി നിയമിച്ചതിലെ അപാകത പലരും എടുത്ത് കാണിക്കുന്നുണ്ട് താനും. യുഎന്‍ കാലാവസ്ഥാ ചര്‍ച്ചകളുടെ ആതിഥേയത്വം എണ്ണ, വാതക ഇടപാടുകള്‍ നടത്താനുള്ള അവസരമായി, യുഎഇ മാറ്റുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നു. എന്നുമാത്രമല്ല. ഇതൊക്കെയാണെങ്കിലും 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുമെന്നാണ് യുഎഇ ലോകത്തിന് നല്‍കുന്ന വാഗ്ദാനം. എന്തായാലും ലോകത്തിനോട് രാഷ്ട്ര നേതാക്കള്‍ക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കാനെങ്കിലും ഉതകുന്ന ചര്‍ച്ചകളായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ യുഎഇയില്‍ നടക്കുക.