പെരിയാറിലെ മത്സ്യക്കുരുതിയില്‍ മറയ്ക്കപ്പെടുന്നത്
പെരിയാര്‍ രാസമാലിന്യങ്ങളാല്‍ കാളിന്ദിയായി മാറിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പുഴയിലും അനുബന്ധതോടുകളിലും സ്വാഭാവികമായി വളരുന്നതും കൂടുകളിലും പാടങ്ങളിലുമൊക്കെയായി കര്‍ഷകര്‍ വളര്‍ത്തുന്നതുമായ കോടിക്കണക്കിനു രൂപയുടെ മല്‍സ്യസമ്പത്താണ് ചത്തുപൊങ്ങിയത്. അഞ്ചു കോടിയിലധികം രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് പുഴയില്‍ ചത്തുമലര്‍ന്നുകിടക്കുന്നത്.
ദുരന്തകാരണത്തിലേക്കു വഴിതുറക്കേണ്ട, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. അത് പുഴയിലെ ജലത്തിന്റെയും അടിത്തട്ടിലെ മണലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് നടത്തേണ്ട പരിശോധനയാണ്. ഇതിലാണ് ഒഴുക്കിയ രാസമാലിന്യമേതെന്നും അതിന്റെ കാഠിന്യമെത്രയെന്നും മനസിലാകേണ്ടത്. എന്നാല്‍ ഈ സാമ്പിള്‍ ശേഖരണത്തില്‍ പലപ്പോഴുമുണ്ടാകുന്ന ഗുരുതരവീഴ്ചകള്‍ പലരും ശ്രദ്ധിക്കാതെ പോകുന്നു. വിഷജലം ഒഴുക്കിയാലും പരിശോധന ഇത്തരത്തിലെ നടക്കൂ എന്നറിയാവുന്നതിനാല്‍ വീണ്ടും വിഷജലം ഒഴുക്കുന്നത് തുടരുന്നുവെന്നതാണ് വാസ്തവം. ഈ വര്‍ഷം ഒൻപതു തവണയാണ് ഇത്തരത്തില്‍ പെരിയാറിലേക്കു വിഷജലം വന്നതും മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതും എന്നത് ഇതിനുദാഹരണം. എന്താണ് പരിശോധനയിലെ പ്രശ്‌നം?
രാസമാലിന്യങ്ങളുള്ള ജലം പരിശോധനയ്‌ക്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മാലിന്യം ഒഴുകാന്‍ തുടങ്ങിയ സമയത്തുതന്നെ എടുത്താലാണ് പരിശോധനാ ഫലം കൃത്യമാകുക. ഓരോ മിനിട്ടു താമസിക്കുന്തോറും കലര്‍ന്ന രാസമാലിന്യത്തിന്റെ തീവ്രതയും വെള്ളത്തില്‍ കുറയും. ഇവിടെ നോക്കൂ, തിങ്കളാഴ്ച രാവിലെയാണ് പെരിയാറില്‍ പാതാളം റെഗുലേറ്ററിന്റെ മേല്‍ത്തട്ടില്‍ മീനുകള്‍ ശ്വാസം കിട്ടാതെ പിടയ്ക്കുന്നെന്നും വെള്ളത്തിനു ദുര്‍ഗന്ധമുണ്ടന്നുമുള്ള വിവരം മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിക്കുന്നത്.
ജലനിരപ്പുയര്‍ന്നതോടെ റെഗുലേറ്ററിന്റെ മൂന്നു ഷട്ടറുകള്‍ തിങ്കളാഴ്ച രാത്രി തുറക്കുന്നു. മലിനജലം പുഴയിലേക്കു വ്യാപിച്ചതോടെ മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങി. ഈ വിവരം രാത്രി തന്നെ മലിനീകരണ നിയന്ത്രണബോര്‍ഡിനെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നു ജനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുന്നത്. സംഭവം നടന്ന് ഒരു ദിവസത്തിനുശേഷം ശേഖരിച്ച സാമ്പിളിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇനി സാമ്പിള്‍ ശേഖരണത്തെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നതുകൂടി കേള്‍ക്കാം. ഉപരിതലത്തിലെ ജലം, അതിനുശേഷം താഴേക്കു ഓരോ അടിയിലേയും ജലം, അടിത്തട്ടിലെ മണ്ണ്, അടിത്തട്ടില്‍ പൈപ്പ് താഴ്ത്തി ഒരടി താഴെയുള്ള ചെളി എന്നിവയാണ് സാമ്പിളായി ശേഖരിക്കേണ്ടത്. ഈ ചെളി ഓരോ ഭാഗമാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. ഓക്‌സിജനാണോ വെള്ളത്തില്‍ കുറഞ്ഞതെന്നറിയണമെങ്കില്‍ ഓക്‌സിജന്‍ ഡിയോബോട്ടിലുകളില്‍ വെള്ളം ശേഖരിച്ച് വെള്ളത്തിനടിയില്‍ തന്നെ വച്ച് അടപ്പിട്ട് എടുക്കണമെന്നാണ്.
എന്നാല്‍ ബക്കറ്റില്‍ കോരി കുപ്പിയില്‍ മുക്കാല്‍ ഭാഗം നിറച്ചൊക്കെയാണ് പലപ്പോഴും സാമ്പിളുകള്‍ എത്തിക്കുന്നത്. അപ്പോള്‍ കുപ്പിയിലുള്ള ഓക്‌സിജന്‍ വെള്ളത്തില്‍ കലരുകയും റിസള്‍ട്ട് മാറുകയും ചെയ്യും. മലിനീകരണ നിയന്ത്രണബോര്‍ഡാണ് സാമ്പിളെടുത്ത് ഫിഷറീസിനു കൈമാറേണ്ടത്. സാമ്പിള്‍ ഇത്തരത്തില്‍ ശാസ്ത്രീയമായി ശേഖരിക്കാതെ ബക്കറ്റില്‍ വെള്ളം കോരി പരിശോധനയ്‌ക്കെത്തിക്കുന്നതാണു പലപ്പോഴും മലിനീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടാന്‍ കാരണമാകുന്നതും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നിലും. സാമ്പിള്‍ശേഖരണം ശാസ്ത്രീയമാണോയെന്നാണ് അധികൃതരും ജനങ്ങളും ആദ്യം നിരീക്ഷിക്കേണ്ടത്.