ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?

ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയവാദ രാഷ്ട്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സോറോസ് വിമർശിച്ചിരുന്നു
Published on

ഈ വർഷമാദ്യം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതോടെയാണ് 2022ൽ ലോകസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ​ഗ്രൂപ്പ് പൊടുന്നനെ കൂപ്പുകുത്തിയത്. ഇതിനു പിന്നാലെ ഗൗതം അദാനിക്കെതിരേ നടത്തിയ ഒരു പ്രതികരണത്തിലൂടെയാണ് അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ് സോറോസിന്റെ പേര് ശ്രദ്ധപിടിച്ചു പറ്റുന്നത്. അദാനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു സോറോസ് അന്ന് പറഞ്ഞത്. ജര്‍മനിയിലെ മ്യൂണിക്കില്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം. ഇപ്പോഴിതാ, ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) അദാനി ​ഗ്രൂപ്പിനെതിരെ പുതിയ റിപ്പോർട്ടുമായി രം​ഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ഷെയറുകളുടെ മൂല്യം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചതായാണ് പുതിയ ആരോപണം.ഒരുകൂട്ടം അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയാണ് ഒആര്‍സിസിപി. സോറസും ഇതിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ആരാണീ ജോര്‍ജ് സോറോസ്? അദാനി ഗ്രൂപ്പില്‍ എന്താണ് അദ്ദേഹത്തിന്റെ താല്‍പര്യം?

ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?
'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

ആരാണ് ജോർജ് സോറോസ്?

ഹിറ്റ്‌ലറിന്റെ ജൂത വിദ്വേഷം ലോകത്ത് പടര്‍ന്നുപിടിച്ച കാലത്ത് നാസികളെ ഭയന്ന് ബ്രിട്ടനിലേക്ക് കുടികയറിയ ഹംഗറിക്കാരനാണ് ജോര്‍ജ് സോറോസ്. 1930 ആഗസ്റ്റ് 12ന് ജനിച്ച ജോർജ് സോറോസ് ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും കഷ്ടപ്പാടുകളെ അഭിമുഖീകരിച്ചാണ് ജീവിതത്തെ അതിജീവിച്ചത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച അദ്ദേഹം 1951-ൽ തത്ത്വശാസ്ത്രത്തിൽ ബിഎസ്‌സി ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1954-ൽ സയൻസിലും അദ്ദേഹം ബിരുദം നേടി. റെയിൽവേ പോർട്ടറായും വെയിറ്ററായും ജോലി നോക്കിയാണ് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിനുളള സാമ്പത്തികം കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് അദ്ദേഹം. 2021 മാർച്ച് വരെ സോറോസിന്റെ ആസ്തി 8.6 ബില്യൺ യുഎസ് ഡോളറായിരുന്നു.

ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?
രഹസ്യ നിക്ഷേപം, നിഴൽ കമ്പനികൾ, ഓഹരിവിലയിൽ കൃത്രിമം; ആരോപണ നിഴലിൽ അദാനി

ബിസിനസ് രംഗത്തിനു പുറമേ രാഷ്ട്രീയ രംഗത്തും സോറോസ് ഇപ്പോള്‍ മുതല്‍മുടക്ക് നടത്തുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ഓപ്പണ്‍ ഫൗണ്ടേഷനുകളും ഇദ്ദേഹത്തിനുണ്ട്. ജോർജ്ജ് സോറോസിനേയും അദ്ദേഹത്തിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകളേയും എതിരാളികളും മറ്റ് സർക്കാരുകളും "തകർച്ചയുടെ ഏജന്റുകൾ" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന, കൂട്ട കുടിയേറ്റത്തിലൂടെ യൂറോപ്യൻ യൂണിയനിൽ അസ്ഥിരത സൃഷ്ടിക്കുക, അറബ് വസന്ത പ്രക്ഷോഭ പ്രസ്ഥാനങ്ങൾക്കുള്ള ധനസഹായം തുടങ്ങിയ കുറ്റങ്ങളും സോറസിനെതിരെ ചുമത്തിയിട്ടുണ്ട്.

ഒസിസിആർപിയും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനും

1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലും സോറോസിന്റെ പേര് ഉയർന്നു കേട്ടിരുന്നു. പ്രതിസന്ധിക്ക് തുടക്കമിട്ട മലേഷ്യയുടെയും തായ്‌ലൻഡിന്റെയും കറൻസികൾക്കെതിരെ വാതുവെപ്പ് നടത്തിയതിനും സോറോസ് വിമർശിക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ നേരിടുന്ന ജോർജ്ജ് സോറോസിന്റെ പേര് ഇന്ത്യയിൽ ഉയർന്നുവരുന്നത് എന്തുകൊണ്ടായിരിക്കും? ഇവിടെയാണ് അദാനിയുടെ പ്രതികരണത്തിന്റെ പ്രസക്തിയും. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമമായി ഉയര്‍ത്തിക്കാട്ടാന്‍ രണ്ട് പങ്കാളികളെയും അവരുടെ ഓഫ്‌ഷോര്‍ സ്ഥാപനങ്ങളെയും ഉപയോഗിച്ചെന്നായിരുന്നു ഒസിസിആർപി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ജോർജ് സോറോസും അദ്ദേഹത്തിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനും ഒസിസിആർപിയുടെ ഫണ്ട് ദാതാക്കളാണ്. ഈ ബന്ധം കണക്കിലെടുത്താണ് ജോർജ് സോറോസിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് വിദേശമാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന വാദം അദാനി ​ഗ്രൂപ്പ് നിലവിൽ ഉയർത്തിയിരിക്കുന്നത്.

ആരാണ് അദാനിയെ കുഴപ്പിക്കുന്ന ജോര്‍ജ് സോറോസ്?
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇടിച്ച്‌ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ അസ്ഥിരപ്പെടുത്തിയ മനുഷ്യൻ എന്ന വിശേഷണവും സോറോസിന് ലഭിച്ചിരുന്നു. ബ്രിട്ടീഷ് പൗണ്ടിനെതിരെ വാതുവെപ്പ് നടത്തി 1 ബില്യൺ ഡോളറാണ് അദ്ദേഹം സമ്പാദിച്ചത്.

ദേശീയവാദികളെ വിമർശിച്ച സോറോസ്

1984-ൽ ജോർജ്ജ് സോറോസ് സ്ഥാപിച്ച ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ, ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിൽ നീതി, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയുടെ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപനം നടത്തിയിരുന്നത്. 2017-ലെ റിപ്പോർട്ടുകൾ പ്രകാരം, സോറോസ് അടുത്തിടെ സംഘടനയ്ക്ക് ഏകദേശം 18 ബില്യൺ ഡോളർ സംഭാവന നൽകിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 2020-ൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ദേശീയതയുടെ വളർച്ചയെ ചെറുക്കുന്നതിന് ഒരു പുതിയ സർവ്വകലാശാല ശൃംഖല സൃഷ്ടിക്കുന്നതിന് 1 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും പറഞ്ഞിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ള നേതാക്കളെ പരോക്ഷമായി വിമർശിച്ചു കൊണ്ടുളളതായിരുന്നു സോറോസിന്റെ പ്രസം​ഗം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദു ദേശീയവാദ രാഷ്ട്രം സൃഷ്ടിക്കുകയാണെന്നും കശ്മീരിലെ അർദ്ധ സ്വയംഭരണ പ്രദേശമായ മുസ്ലീം മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നും ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ നാടുകടത്താൻ ശ്രമിക്കുകയാണെന്നും സോറസ് ഇന്ത്യയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവയ്ക്കവെ വിമര്‍ശിച്ചിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ ശ്രമിക്കുന്നുവെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് 2016-ൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, സോറോസ് അറബ് വസന്ത പ്രസ്ഥാനത്തെ പിന്തുണച്ചുവെന്ന ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. 2010 ലും 2011 ലും മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഉടനീളം ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അടയാളപ്പെടുത്തിയ അറബ് വസന്തകാലത്ത് ടുണീഷ്യയിലെയും ഈജിപ്തിലെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ വിജയകരമായി അട്ടിമറിക്കപ്പെട്ടിരുന്നു. 2011-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാൾസ്ട്രീറ്റ് വിരുദ്ധ പ്രകടനങ്ങളുടെ സാമ്പത്തിക സഹായിയായി ജോർജ്ജ് സോറോസിന്റെ പേര് ഉയർന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്.

logo
The Fourth
www.thefourthnews.in