ഉത്തരേന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന അധോലോക ശൃംഖല, 700 ഷൂട്ടർമാർ; എന്താണ് ലോറൻസ് ബിഷ്‌ണോയ്‌യും സംഘവും?
മുതിർന്ന എൻസിപി (അജിത് പവാർ) നേതാവി ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തോടെ വാർത്തകളിൽ വീണ്ടും നിറയുകയാണ് ലോറൻസ് ബിഷ്‌ണോയ് എന്ന ഗ്യാങ്സ്റ്റർ. മുംബൈയിലെ ബാന്ദ്ര മേഖലയിൽ, പോലീസിന്റെ മൂക്കിനു തുമ്പത്തുവെച്ചാണ് ബാബ സിദ്ദിഖ് വെടിയേറ്റുമരിച്ചത്. പിന്നാലെ തന്നെ ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുകയാണ് ലോറൻസ് എന്ന് പല ദേശീയ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. ആരാണ് യഥാർത്ഥത്തിൽ ലോറൻസ് ബിഷ്ണോയ്? എത്രയാണ് അയാളുടെ സ്വാധീനശക്തി?
2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡൽഹിയിലും ഇപ്പോൾ ഡൽഹിയിലും കൊലപാതകങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘത്തിന്റെ തലവൻ ജയിലിൽ കഴിയുകയാണെന്നതാണ് ശ്രദ്ധേയം. വ്യക്തമാക്കി പറഞ്ഞാൽ ജയിലിനുള്ളിൽനിന്നാണ് ലോറൻസ് ബിഷ്‌ണോയ് എന്ന ക്രിമിനൽ ഈ കുറ്റകൃത്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതൽ ബിഷ്‌ണോയ് ജയിലിലാണ്.
2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവലെ വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡൽഹിയിലും ഇപ്പോൾ ഡൽഹിയിലും കൊലപാതകങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘത്തിന്റെ തലവൻ ജയിലിൽ കഴിയുകയാണെന്നതാണ് ശ്രദ്ധേയം
ആരാണ് ലോറൻസ് ബിഷ്‌ണോയ്?
പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ധട്ടാരൻവാലി ഗ്രാമത്തിലെ കാർഷിക കുടുംബത്തിൽപ്പെട്ടയാളായാണ് ലോറൻസ് ബിഷ്‌ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന ബിഷ്‌ണോയ് സമുദായത്തിൽപ്പെട്ടയാളാണ് ലോറൻസ്. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു ലോറൻസിന്റേത്.
12-ാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് 2010-ൽ ഉന്നത വിദ്യാഭ്യാസത്തിനായി ചണ്ഡിഗഡിലേക്കു മാറി. പഞ്ചാബ് സർവകലാശാലയിലെ ഡിഎവി കോളേജിൽവെച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി. 2011 നും 2012 നും ഇടയിൽ സ്റ്റുഡൻ്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി(എസ് ഒ പി യു)യുടെ പ്രസിഡൻ്റായി.
അധികം വൈകാതെ ലോറൻസ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു വഴിമാറി. വിദ്യാർഥിരാഷ്ട്രീയ പ്രവർത്തനങ്ങൾ മറയാക്കിയാണ് ആദ്യകാലത്ത് കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. അന്ന് പത്തൊൻപതുകാരനായിരുന്നു ലോറൻസ്. ലോറൻസ് ബിഷ്‌ണോയ്ക്കെതിരായ ആദ്യ എഫ്ഐആർ വധശ്രമത്തിനായിരുന്നു. തുടർന്ന് 2010 ഏപ്രിലിൽ അതിക്രമിച്ച് കയറിയതിന് മറ്റൊരു എഫ്ഐആർ. 2011 ഫെബ്രുവരിയിൽ, ആക്രമണത്തിനും മൊബൈൽ ഫോൺ കവർച്ചയ്ക്കും കേസെടുത്തു. മൂന്ന് കേസും വിദ്യാർഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗുണ്ടാസംഘങ്ങളിൽ ഒന്നിന്റെ നേതാവായി മാറുന്നതിനുള്ള ലോറൻസിന്റെ യാത്ര ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
പിന്നാലെ പഞ്ചാബിലെ ഫാസിൽക സ്വദേശിയായ ഗുണ്ടയും രാഷ്ട്രീയക്കാരനുമായ റോക്കി എന്ന ജസ്‌വീന്ദർ സിങ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭാഗമായി. വിദ്യാർഥിരാഷ്ട്രീയത്തിന്റെ മറവിൽ രാജസ്ഥാൻ്റെ ചില ഭാഗങ്ങളിലും രാജസ്ഥാൻ-പഞ്ചാബ് അതിർത്തിയിലുള്ള ശ്രീ ഗംഗാനഗർ, ഭരത്പൂർ തുടങ്ങിയ നഗരങ്ങളിലും സംഘം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് എൽഎൽബി ബിരുദം ലോറൻസ് നേടി.
വിദ്യാർഥിരാഷ്ട്രീയ പ്രവർത്തനങ്ങൾ മറയാക്കിയാണ് ആദ്യകാലത്ത് കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. അന്ന് പത്തൊൻപതുകാരനായിരുന്നു ലോറൻസ്.
ക്രിമിനൽ പശ്ചാത്തലമുള്ള റോക്കി 2016 മേയിൽ ഹിമാചൽ പ്രദേശിലെ പർവാനോയ്ക്കു സമീപം കൊല്ലപ്പെട്ടു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാസംഘം ജയ്പാൽ ഭുള്ളർ ഏറ്റെടുത്തിരുന്നു. ഭുള്ളർ പിന്നീട് 2020 ജൂണിൽ കൊൽക്കത്തയിൽ വെടിയേറ്റു മരിച്ചു. അങ്ങനെ പ്രതികാര കൊലപാതകങ്ങളും മറ്റു ഗുണ്ടടസംഘങ്ങളുമായുള്ള മത്സരങ്ങളും മയക്കുമരുന്ന്-മദ്യക്കടത്ത്, ആയുധക്കടത്ത് ഉൾപ്പടെയുള്ള കള്ളക്കടത്തുകളും കൊണ്ട് അടുത്ത വർഷങ്ങളിൽ ബിഷ്‌ണോയ് സംഘം വളർന്നു.
മാഫിയകളിൽനിന്നും പ്രശസ്തരിൽനിന്നു പണം തട്ടിയതായും സംഘത്തിനെതിരെ ആരോപണങ്ങളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും അല്ലാത്ത കൊലപാതകങ്ങളും നടത്താൻ സംഘം കരാർ സ്വീകരിക്കാറുണ്ട്.
ഏതാനും വർഷങ്ങൾക്കുള്ളിൽ സംഘത്തിൻ്റെ കാൽപ്പാടുകൾ പഞ്ചാബിന് പുറത്തേക്കും വ്യാപിച്ചു. ഇന്ന് പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലുടനീളം വ്യാപിച്ച് കിടക്കുന്ന വലിയ ശൃംഖലയാണ് ലോറൻസ് ബിഷ്‌ണോയ് സംഘം. 2020 - 21 കാലയളവിൽ കൊള്ളകൾ നടത്തിയാണ് സംഘം കോടിക്കണക്കിനു രൂപ സ്വന്തമാക്കിയത്.
ബിഷ്ണോയ് സംഘത്തിനുകീഴിൽ 700 ഷൂട്ടർമാരുണ്ട്. ഇവരിൽ 300 പേരും പഞ്ചാബിൽനിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റിപ്പോർട്ട്. ഒപ്പം പ്രാദേശിക ഗുണ്ടാസംഘങ്ങളുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോൾഡി ബ്രാർ എന്ന സത്വിന്ദർ സിങ്ങാണ് ലോറൻസ് ബിഷ്ണോയി സംഘത്തെ നയിക്കുന്നതെന്നാണ് റിപ്പോർട്ട്.
കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ, മറ്റു കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ഇരുപത്തി അഞ്ചോളം കേസുകളാണ് ലോറൻസ് ബിഷ്‌ണോയ് നേരിടുന്നത്. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ ജയിലിനുള്ളിൽനിന്നാണ് സംഘത്തെ പ്രവർത്തിപ്പിക്കുന്നതെന്നാണ് കരുതുന്നത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ ടി എസ്) ബിഷ്‌ണോയ്‌യെ ജയിലിലടച്ചത്. അതിർത്തികടന്നുള്ള കള്ളക്കടത്ത് സുഗമമാക്കാൻ സംഘം തങ്ങളുടെ ശൃംഖലകൾ ഉപയോഗിക്കുന്നുണ്ടെന്ന് എടിഎസ് ആരോപിച്ചിരുന്നു.
ജയിലിൽനിന്നുള്ള പ്രവർത്തനങ്ങൾ
നേരത്തെ സൂചിപ്പിച്ചതുപോലെ 2014 മുതൽ ജയിലിലാണ് ലോറൻസ്. ഗുജറാത്തിലെ സബർമതി ജയിലായാലും ഡൽഹിയിലെ തിഹാർ ജയിലായാലും ലോറൻസ് ബിഷ്‌ണോയ് ആശയവിനിമയം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഏകാന്ത തടവിലുള്ള ലോറൻസിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വിവിധ ജയിലുകളിലേക്കു മാറ്റിയിട്ടുണ്ട്. ഈ വർഷം ആദ്യം പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഷഹ്‌സാദ് ഭാട്ടിയുമായി ലോറൻസ് ബിഷ്‌ണോയ് സംഭാഷണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ളവരുമായി ആശയവിനിമയം നടത്താൻ സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളാണ് സംഘം ഉപയോഗിക്കുന്നത്. വടക്കേ അമേരിക്കയിലും ബിഷ്‌ണോയ് സംഘത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സഹോദരൻ അൻമോൽ, ഗോൾഡി ബ്രാർ, രോഹിത് ഗോദാര എന്നിവരുമായി ലോറൻസ് നിരന്തരം ആശയവിനിമയം നടത്താറുണ്ട്. വടക്കേ അമേരിക്ക ആസ്ഥാനമായുള്ള ഖാലിസ്ഥാൻ വിഘടനവാദ ഗ്രൂപ്പുകളുമായും സംഘം അടുത്ത ബന്ധം പങ്കിടുന്നു. ബിഷ്‌ണോയ്‌യുടെ മറ്റു സഹായികളും കാനഡയിലും അമേരിക്കയിലുമുണ്ടെന്നാണ് കരുതുന്നത്. തടവിലായിരുന്നിട്ടും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ ബിഷ്‌ണോയ് കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെടിയേറ്റു മരിച്ചപ്പോൾ ലോറൻസ് ബിഷ്‌ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. യുവ അകാലിദൾ നേതാവ് വിക്രംജിത് സിങ്ങിനെ വിക്കി മിദ്ദുഖേര കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് മൂസെവാലയെ കൊലപ്പെടുത്തിയതെന്ന് ഗോൾഡി ബ്രാർ അവകാശപ്പെട്ടിരുന്നു. ഈ വർഷം ആദ്യം ബ്രാറിനെ യുഎപിഎ പ്രകാരം തീവ്രവാദിയായി പ്രഖ്യാപിച്ചു.
ഏതാനും വർഷങ്ങൾക്കുള്ളിൽ സംഘത്തിൻ്റെ കാൽപ്പാടുകൾ പഞ്ചാബിനു പുറത്തേക്കും വ്യാപിച്ചു. ഇന്ന് പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന വലിയ ശൃംഖലയാണ് ലോറൻസ് ബിഷ്‌ണോയ് സംഘം
സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനുപിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. 1998-ൽ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ കൊന്നുവെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ ബിഷ്‌ണോയ് ഭീഷണി മുഴക്കിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി സമൂഹം പുണ്യമൃഗമായാണ് കണക്കാക്കുന്നത്. സമീപ വർഷങ്ങളിൽ സൽമാൻ ഖാനെതിരെ പലതവണ സംഘം പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ സൽമാൻ ഖാൻ്റെ മുംബൈ വസതിക്കുപുറത്ത് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങൾ ഒന്നിലധികം റൗണ്ട് വെടിയുതിർത്തിരുന്നു. സൽമാൻ ഖാന്റെ വീടിനു ചുറ്റും മുംബൈ പോലീസ് സുരക്ഷാ ഏർപ്പാടാക്കിയിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, രവി പൂജാരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുംബൈയിലെ അധോലോക സംഘങ്ങളുടെ പാതയാണ് ലോറൻസ് ബിഷ്‌ണോയ് സംഘവും പിന്തുടരുന്നതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.