ഭീഷണി നിഴലിൽ സൽമാൻ ഖാൻ; ഭീഷണിക്ക് കാരണമെന്ത് ? ഭീഷണി മുഴക്കുന്ന ലോറൻസ് ബിഷ്നോയി ആരാണ് ?
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരായ വധഭീഷണിയാണിപ്പോള്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച. സല്‍മാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ലോറന്‍സ് ബിഷ്നോയി ആരാണ്? കൃഷ്ണമൃഗത്തെ കൊന്നതിന് ഇത്രയും പക തോന്നുന്നതിനുള്ള കാരണം എന്തായിരിക്കും? ഇതിന്റെ എല്ലാം തുടക്കം എവിടെ നിന്നായിരുന്നു?
പഞ്ചാബിലെ ഒരു ഗുണ്ടാ സംഘത്തിന്റെ തലവനാണ് ലോറന്‍സ് ബിഷ്നോയി എന്ന മുപ്പതുകാരന്‍. കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഉത്തരേന്ത്യയിലെ പല ഇടങ്ങളിലും നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ലോറന്‍സ് ബിഷ്നോയിയുടെ ഗുണ്ടാ സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
പഞ്ചാബിലെ അബോഹര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ലോറന്‍സ് ബിഷ്നോയിയുടെ അച്ഛന്‍ ഹരിയാന പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. ലോറന്‍സ് 2011ല്‍ പഞ്ചാബ് സര്‍വകലാശാല സ്റ്റുഡന്‍സ് കൗണ്‍സിലിലിന്റെ ഭാഗമായി. അവിടെ വച്ച് ഗോള്‍ഡി ബ്രാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ സിങ് എന്ന ഗുണ്ടാ തലവനെ കണ്ടുമുട്ടുന്നു. വിദ്യാര്‍ഥി നേതാവ് എന്ന നിലയില്‍ അയാള്‍ ആദ്യം സര്‍വകലാശാലയിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. പിന്നീട് കുറ്റകൃത്യങ്ങളിലേക്ക് വഴിമാറി. ഈ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പഠിക്കാനും പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്ന് എല്‍എല്‍ബി നേടാനും ലോറന്‍സ് ബിഷ്നോയിക്ക് കഴിഞ്ഞു.
ലോറന്‍സ് ബിഷ്നോയി ജനശ്രദ്ധ നേടുന്നത് പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാലയുടെ കൊലപാതകത്തോടെയാണ്. 2022 മേയ് 29ന് പഞ്ചാബിലെ മാന്‍സയില്‍ മൂസെ വാലയുടെ വാഹനം ഒരു സംഘം ആക്രമിക്കുകയും അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്നോയിയുടെ സംഘം ഏറ്റെടുത്തു. ലോറന്‍സ് ബിഷ്നോയുമായി ചേര്‍ന്ന് സിദ്ധു മൂസെ വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് താനാണെന്ന് ഗോള്‍ഡി ബ്രാര്‍ അവകാശപ്പെട്ടു. കൊലപാതകം നടക്കുന്ന സമയം ലോറന്‍സ് ബിഷ്നോയി തിഹാര്‍ ജയിലിലായിരുന്നു. അതിനാല്‍ കൊലപാതകത്തില്‍ അയാള്‍ക്ക് നേരിട്ട് പങ്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സിദ്ധു മൂസെവാലയുടെ കൊലപാതകികള്‍ തന്നെയാണ് സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടിരിക്കുന്നത്. പഞ്ചാബി ഗായകന്റെ കൊലപാതകത്തിന് ശേഷം 2022 ജൂണില്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് മുന്നില്‍ നിന്ന് ഒരു ഭീഷണി കത്ത് ലഭിച്ചു. കത്ത് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമുള്ളതതായിരുന്നു. സിദ്ധു മൂസെ വാലയുടെ വിധിയായിരിക്കും നിങ്ങളുടേതുമെന്നായിരുന്നു കത്തിലെ ഭീഷണി. എന്നാല്‍ കത്തെഴുതിയത് തന്റെ ഗുണ്ടാ സംഘമാണെന്ന ആരോപണം ലോറന്‍സ് പിന്നീട് തള്ളിക്കളയുകയായിരുന്നു.
ഈ മാസം എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ലോറന്‍സ് ബിഷ്നോയി. സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതാണ് വിരോധത്തിന് കാരണം. ''സല്‍മാന്‍ ഖാനോട് ബിഷ്നോയ് സമുദായത്തിന് രോഷമുണ്ട്. കേസെടുത്തെങ്കിലും സല്‍മാന്‍ മാപ്പ് പറഞ്ഞില്ല. മാപ്പ് പറയില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം. അതിനായി മറ്റാരേയും ആശ്രയിക്കില്ല,'' ഇതായിരുന്നുലോറന്‍സ് ബിഷ്നോയ്യുടെ ഭീഷണി.
കൃഷ്ണമൃഗത്തെ കൊന്നുവെന്നത് ഒരാളോട് ഇത്രയും പക തോന്നാനുള്ള കാരണമാകുന്നത് എങ്ങനെ?
ബോളിവുഡ് ചിത്രം ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ 1998ല്‍ രാജസ്ഥാനില്‍ വച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. ആ വർഷം ഒക്ടോബര്‍ രണ്ടിന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ സല്‍മാന്‍ ഖാനും സഹതാരങ്ങളായ സെയ്ഫ് അലി ഖാന്‍, സൊനാലി ബേേ്രന്ദ, തബു, നീലം കൊതാരി എന്നിവര്‍ക്കെതിരെയും ബിഷ്‌നോയി സമുദായാംഗങ്ങളാണ് പരാതി നല്‍കിയത്. ഒക്ടോബര്‍ 12 ന് സല്‍മാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.
എന്താണ് ബിഷ്‌നോയി സമുദായവും കൃഷ്ണമൃഗവും തമ്മിലുള്ള ബന്ധം?
ബിഷ്‌നോയി എന്നത് ഉത്തരേന്ത്യയിലെ ഹിന്ദു മതത്തിലെ ഒരു സമുദായമാണ്. പൊതുവില്‍ പ്രകൃതിസ്നേഹികളും വന്യജീവി സംരക്ഷകരുമാണ് ബിഷ്നോയ്കള്‍. കൃഷ്ണമൃഗത്തെ പുണ്യമൃഗമായാണ് അവര്‍ കണക്കാക്കുന്നത്. ആത്മീയഗുരുവായ ഭഗ്വാന്‍ ജബേഷ്വറിന്റെ പുനര്‍ജന്മമാണ് കൃഷ്ണമൃഗങ്ങളെന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ അവയ കൊല്ലുക എന്നത് മൃഗത്തോട് മാത്രമല്ല, തങ്ങളുടെ സമുദായത്തിനും എതിരായ കുറ്റകൃത്യമായാണ് ബിഷ്നോയികള്‍ കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സല്‍മാന് സ്വയരക്ഷയ്ക്കായി മുംബൈ പോലീസ് തോക്കിന്റെ ലൈസന്‍സ് അനുവദിച്ചിരുന്നു. ഭീഷണിക്കത്തിനെ തുടര്‍ന്ന് നവംബറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സല്‍മാന് വൈ പ്ലസ് സുരക്ഷയും ഏര്‍പ്പെടുത്തി. സായുധരായ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ സല്‍മാനോടൊപ്പം എപ്പോഴും ഉണ്ടാകും.
മാര്‍ച്ച് 18 ന് ഗോള്‍ഡി ബ്രാര്‍-ലോറന്‍സ് ബിഷ്നോയി ഗുണ്ടാ സംഘത്തില്‍നിന്ന് സല്‍മാന്‍ ഖാന്റെ പേഴ്സണല്‍ അസിസ്റ്റന്റിന് വീണ്ടും ഒരു ഭീഷണി ഇ-മെയ്ല്‍ സന്ദേശം ലഭിച്ചു. ജയിലില്‍നിന്ന് ലോറന്‍സ് ബിഷ്നോയി എബിപിയ്ക്ക് നല്‍കിയ അഭിമുഖം കണ്ടിട്ടില്ലെങ്കില്‍ കാണണമെന്നും നേരിട്ടുകണ്ട് സംസാരിക്കണമെന്നുമാണ് ഭീഷണി. ഇതോടെ സല്‍മാന്‍ ഖാന് കനത്ത സുരക്ഷയാണ് പോലീസ് നല്‍കിയിരിക്കുന്നത്.
ലോറന്‍സ് ബിഷ്നോയി എന്ന ഗുണ്ട നേതാവ് പണം കൊണ്ടും രാഷ്ട്രീയ പിടിപാടുകള്‍ കൊണ്ടും ശക്തനാണ്. ജയിലില്‍നിന്ന് വധഭീഷണി മുഴക്കാന്‍ എന്തായാലും സാധാരണക്കാരന് കഴിയില്ല. എന്നാല്‍ ശരിക്കും സമുദായത്തോടുള്ള സ്നേഹമാണോ അതോ തന്റെ കുപ്രസിദ്ധി രാജ്യത്തെങ്ങും എത്തിക്കാനുള്ള നീക്കമാണോ ലോറന്‍സ് ബിഷ്നോയിയുടേത് എന്നാണ് ഉയരുന്ന സംശയം.