ആരാണ് രമണ്‍ മഗ്‌സസെ? മഗ്‌സസെ പുരസ്കാരത്തോട് സിപിഎമ്മിന് എന്താണ് പ്രശ്നം?

ശീതയുദ്ധകാലത്ത് കമ്മ്യൂണിസത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളാണ് മഗ്‌സസെ

മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നു. സിപിഎം നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് ശൈലജ അത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആരാണ് മഗ്‌സസെ? ഏഷ്യന്‍ നോബേല്‍ പുരസ്കാരം എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്കാരം സിപിഎമ്മിന് എങ്ങനെയാണ് അസ്വീകാര്യമാകുന്നത്?

രണ്ടാം ലോക യുദ്ധത്തിനുശേഷം ഫിലിപ്പീന്‍സ് റിപ്പബ്ലിക്കിന്റെ ഏഴാമത്തെ പ്രസിഡന്റായ രമണ്‍ മഗ്‌സസെയുടെ പേരിലാണ് പുരസ്‌കാരം നല്‍കി തുടങ്ങിയത്. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ സമ്മതത്തോടെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്‌ഫെല്ലര്‍ ബ്രദേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലില്‍ പുരസ്‌കാരം സ്ഥാപിച്ചത്. രമണ്‍ മഗ്‌സസെ അവാര്‍ഡ് ഫൗണ്ടേഷന്‍, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ഏഷ്യന്‍ വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെയാണ് മഗ്‌സസെ അവാര്‍ഡിന് പരിഗണിക്കുക. എന്നിരുന്നാലും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുകയോ പ്രവര്‍ത്തിക്കുകയോ, എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിക്കുകയോ ചെയ്ത ഏഷ്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കളും ഉണ്ടായിട്ടുണ്ട്. 2021ലെ കണക്കനുസരിച്ച് അവാര്‍ഡ് ജേതാക്കളില്‍ 22 പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

1953 ഡിസംബര്‍ 30 മുതല്‍ 1957 മാര്‍ച്ച് 17ന് വിമാന ദുരന്തത്തില്‍ മരിക്കുന്നത് വരെ ഫിലിപ്പീന്‍സിന്റെ ഏഴാമത്തെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു രമണ്‍ ഡെല്‍ ഫിയറോ മാഗ്‌സസെ സീനിയര്‍. 1907 ഓഗസ്റ്റ് 31ന് സാംബലെസിലെ ഇബയില്‍ ആണ് ജനനം.തൊഴില്‍ പരമായി ഒരു ഓട്ടോ മൊബൈല്‍ മെക്കാനിക് ആയിരുന്നു അദ്ദേഹം. പസഫിക് യുദ്ധ സമയത്ത് ഗറില്ലാ നേതാവെന്ന നിലയിലുള്ള മികച്ച സേവനത്തിന് ശേഷമാണ് ഫിലിപ്പൈന്‍ നേതാവായിരുന്ന മഗ്‌സസെ സാംബലെസിന്റെ സൈനിക ഗവര്‍ണറായി നിയമിതനാവുന്നത്. പിന്നീട് പ്രസിഡന്റ് എല്‍പിഡിയോ ക്വിറിനോ അദ്ദേഹത്തെ ദേശീയ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. നാഷണിലിസ്റ്റ് പാര്‍ട്ടിയുടെ കീഴിലാണ് അദ്ദേഹം 1953ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. വിദേശനയത്തില്‍, മഗ്സസെ അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുകയും പിന്തുണക്കുകയും ചെയ്തിരുന്ന ആളായിരുന്നു. അദ്ദേഹം പ്രസിഡന്റായപ്പോള്‍ അമേരിക്കയുടെ വിജയം എന്നായിരുന്നു ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. ശീതയുദ്ധകാലത്ത് അദ്ദേഹം കമ്മ്യൂണിസത്തിനെതിരെ ശക്തമായ നിലപാടെടുത്തു.

കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഹുക്ബലഹാപ് (ഹുക്ക്) പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയത് രമണ്‍ മഗ്സസെയുടെ ഔദ്യോഗിക ജീവിതത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. 1946 മുതല്‍ 1954 വരെയുള്ള കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ ലുസോണില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന കര്‍ഷക പ്രക്ഷോഭമാണ് ഹുക്ബലാഹാപ് കലാപം, ഹക്ക് കലാപം എന്നെല്ലാം അറിയപ്പെടുന്നത്. 1950ല്‍ കലാപം വിജയത്തിനടുത്തെത്തിയെങ്കിലും ഫിലിപ്പൈന്‍സ്, അമേരിക്കന്‍ സഹായത്തോടെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തുകയായിരുന്നു

സിപിഎം നേതാക്കള്‍ അവാര്‍ഡ് നിരസിക്കുന്നത് ഇതാദ്യമല്ല. സ്റ്റേറ്റ് ഭരണകൂടം നല്‍കുന്ന അവാര്‍ഡുകളാണ് അവര്‍ നിരസിക്കാറുളളത്. ഇഎംഎസ് നമ്പൂതിരിപ്പാട് ഉൾപ്പടെയുള്ളവർ അത് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബുദ്ധദേബ് ഭട്ടാചാര്യയും പത്മഭൂഷണ്‍ പുരസ്‌ക്കാരം നിരസിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് അതെന്നാണ് സിപിഎം വാദം. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന അവാര്‍ഡുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വി എസ് അച്യുതാനന്ദനും പിണറായി വിജയനും മനോരമ ന്യൂസിന്റെ പുരസ്‌ക്കാരം സ്വീകരിച്ചിരുന്നു. കെ കെ ശൈലജയ്ക്കും നിരവധി അവാര്‍ഡുകള്‍ കിട്ടിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in