'സ്മാർട്ട് ആൻഡ് ടഫ്', വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകുന്ന ആദ്യ വനിത; ആരാണ് സൂസി വൈല്‍സ്?
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പയിൻ മാനേജറായിരുന്ന സൂസി വൈല്‍സിനെ നിയമിച്ച് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് നടത്തിയ നിർണായക പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്ന ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് വൈല്‍സ്.
"എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സൂസിയുടേത്. അമേരിക്കയുടെ ഉന്നമനത്തിനായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്നത് സൂസി ഇനിയും തുടരും. ഇത് സൂസിക്ക് അർഹമായ ബഹുമതിയാണ്," നിയമനം സംബന്ധിച്ചുള്ള പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.
തന്റെ ഭരണകൂടത്തില്‍ ആർക്കൊക്കെയാണ് സ്ഥാനമെന്നകാര്യത്തില്‍ ട്രംപ് വരും ദിവസങ്ങളില്‍ തന്നെ വ്യക്തത വരുത്തുമെന്ന സൂചനകൂടിയാണ് ഈ നിയമനം നല്‍കുന്നത്.
ആരാണ് സൂസി വൈല്‍സ്, ട്രംപിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം?
ഫ്ലോറിഡ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഉയർന്നുവന്ന വ്യക്തിയാണ് സൂസി വൈല്‍സ്. 1970കളില്‍ ന്യുയോർക്കിന്റെ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന ജാക്ക് കെമ്പിന്റെ വാഷിങ്‌ടണ്‍ ഓഫിസില്‍ പ്രവർത്തിച്ചാണ് കരിയറിന്റെ തുടക്കം. പിന്നീട് അമേരിക്കയുടെ 40-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡ് റീഗന്റെ പ്രചാരണത്തിലും ഭാഗമായി. വൈറ്റ് ഹൗസില്‍ റീഗന്റെ ഷെഡ്യൂളറായും പ്രവർത്തിച്ചു വൈല്‍സ്.
പിന്നീട് ഫ്ലോറിഡ രാഷ്ട്രീയത്തിലായിരുന്നു വൈല്‍സിന്റെ സാന്നിധ്യം കണ്ടത്. നിരവധി തിരഞ്ഞെടുപ്പുകളില്‍ വിവിധ സ്ഥാനാർഥികള്‍ക്കായി പ്രചാരണത്തിന് നേതൃത്വം കൊടുത്തു. 2011ല്‍ റിക് സ്കോട്ട് ഫ്ലോറിഡയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വൈല്‍സ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
2012ല്‍ യുറ്റാ ഗവർണർ ജോൻ ഹണ്ട്‌സ്മാന്റെ പ്രസിഡന്റ് പ്രചാരണത്തിലും വൈല്‍സ് ഭാഗമായി. എന്നാല്‍, ഹണ്ട്‌സ്മാന്റെ പ്രചാരണത്തിന്റെ പൂർണ ഉത്തരവാദിത്തം വൈല്‍സിന്റെ കൈകളിലായിരുന്നില്ല. ശേഷമാണ് വൈല്‍സ് ട്രംപുമായി ചേർന്ന് പ്രവർത്തിക്കുന്നത്. 2016ല്‍ ട്രംപിനായി ഫ്ലോറിഡയില്‍ പ്രചാരണം കൈകാര്യം ചെയ്തത് വൈല്‍സായിരുന്നു. ഫ്ലോറിഡയിലെ വിജയം ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്ര എളുപ്പമാക്കി.
രണ്ട് വർഷത്തിന് ശേഷം റോൻ ഡി സാന്റിസ് ഫ്ലോറിഡയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈല്‍സിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു പിന്നില്‍. എന്നാല്‍, ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2020ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി സാന്റിസും ട്രംപും നേർക്കുനേർ വന്നു. അന്ന് ട്രംപിനായി പ്രവർത്തിച്ച് സാന്റിസിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത് വൈല്‍സായിരുന്നു.
മൂന്നാം തവണ ട്രംപ് പ്രസിഡന്റ് കുപ്പായം ഉന്നമിട്ടപ്പോഴും പ്രചാരണത്തിന്റെ ഉത്തരവാദിത്തം വൈല്‍സിന് തന്നെ ലഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ട്രംപുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വൈല്‍സ്. ട്രംപിന്റെ വിവിധ ക്രിമിനല്‍, സിവില്‍ കേസുകളില്‍ അഭിഭാഷകരുമായി നിർണായക തീരുമാനങ്ങള്‍ സ്വീകരിച്ചതും വൈല്‍സായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടാൻ തന്നെ സഹായിച്ചത് വൈല്‍സാണെന്നായിരുന്നു ട്രംപ് പറഞ്ഞതും.
രാഷ്ട്രീയ സമീപനങ്ങളില്‍ കൂടുതല്‍ അച്ചടക്കത്തോടെ ട്രംപ് ഇന്ന് പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വൈല്‍സിന്റെ ഇടപെടലാണെന്ന് പരക്കെ വിലയിരുത്തലുണ്ട്. ട്രംപിന്റെ കൂട്ടാളികള്‍ക്കിടയില്‍ മാത്രമല്ല എതിരാളികളും ഇതേകാര്യം അഭിപ്രായപ്പെടുന്നു.
എന്താണ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഉത്തരവാദിത്തം?
പ്രസിഡന്റിന്റെ ഏറ്റവും വിശ്വസ്തനായി നിലനില്‍ക്കുന്ന വ്യക്തിയാണ് ചീഫ് ഓഫ് സ്റ്റാഫ്. പ്രസിഡന്റിന്റെ അജണ്ടകള്‍ നടപ്പിലാക്കാൻ സഹായിക്കുക, രാഷ്ട്രീയവും നയപരവുമായുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍. പ്രസിഡന്റ് ആരോടൊക്കെ സംസാരിണം, കൂടിക്കാഴ്ച നടത്തണം എന്നതെല്ലാം നിയന്ത്രിക്കുന്നതും ചീഫ് ഓഫ് സ്റ്റാഫായിരിക്കും. തന്റെ ആദ്യ ടേമില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ട്രംപ് ഒഴിവാക്കിയിരുന്നു.