യൂറോപ്യൻ യൂണിയനിലെ  തീവ്ര വലതുപക്ഷ മുന്നേറ്റം
ഫ്രാന്‍സിലും മാറ്റമുണ്ടാകുമോ,  പാര്‍ലമെന്റ് പിരിച്ചുവിട്ടത് എന്തിന്?

യൂറോപ്യൻ യൂണിയനിലെ തീവ്ര വലതുപക്ഷ മുന്നേറ്റം ഫ്രാന്‍സിലും മാറ്റമുണ്ടാകുമോ, പാര്‍ലമെന്റ് പിരിച്ചുവിട്ടത് എന്തിന്?

ഇ യു തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ഫ്രാന്‍സിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ വലതുപക്ഷത്തിന് കഴിയുമോ

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചു വിട്ട ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടിയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് മുന്‍ തൂക്കം ലഭിച്ചതിന് പിന്നാലെയാണ് മാക്രോണ്‍ കഴിഞ്ഞ ദിവസം രാത്രി ഫ്രഞ്ച് പാര്‍ലമെന്റ് പിരിച്ചു വിടുന്നത്. ഈ മാസം തന്നെ ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. എന്നാല്‍ ഇപ്പോഴുള്ള മേധാവിത്വം ഫ്രഞ്ച് തിരഞ്ഞെടുപ്പിലും തീവ്ര വലതുപക്ഷത്തിന് നേടാന്‍ സാധിക്കുമോയെന്ന ആശങ്ക ഒരു വശത്തും എന്നാല്‍ തനിക്ക് വിജയം നേടാന്‍ സാധിക്കുമെന്ന മാക്രോണിന്റെ ആത്മവിശ്വാസം മറുവശത്തും നില്‍ക്കുകയാണ്. ഫ്രാന്‍സില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് ഉറ്റു നോക്കുകയാണ് യൂറോപ്യന്‍ യൂണിയനും ആഗോള രാജ്യങ്ങളും.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പൊതുവായ സാമ്പത്തിക, സാമൂഹിക, സുരക്ഷാ നയങ്ങള്‍ നിയന്ത്രിക്കുന്ന 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് യൂറോപ്യന്‍ യൂണിയന്‍. 1957ല്‍ ആറ് രാജ്യങ്ങളുമായി തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് വിപുലീകരിച്ച് 27 രാജ്യങ്ങളടങ്ങിയ സംഘടനായി മാറിയിരിക്കുന്നത്. തുടക്കത്തില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ മാത്രം ഒതുങ്ങി നിന്ന യൂറോപ്യന്‍ യൂണിയന്‍ 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മധ്യ, കിഴക്കന്‍ യൂറോപ്പിലേക്ക് വിപുലീകരണം നടത്തിയാണ് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രോഷിയ, സിപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐര്‍ലന്‍ഡ്, ഇറ്റലി, ലാറ്റ്വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്കിയ, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നിവയാണ് നിലവിലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക അംഗമായ ബ്രിട്ടന്‍ 2020ല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോയിരുന്നു. ബ്രക്‌സിറ്റ് എന്നറിയപ്പെടുന്ന ജനഹിത പരിശോധനയിലൂടെയായിരുന്നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്മാറിയത്.

യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും എടുക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് യൂറോപ്യന്‍ പാര്‍ലമെന്റ്. യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും മറ്റ് യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ അംഗരാജ്യങ്ങളിലെയും വോട്ടര്‍മാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങളെ നേരിട്ട് തിരഞ്ഞെടുക്കുന്നു. അതായത് അംഗരാജ്യങ്ങളിലെ ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്താണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ ഫ്രാന്‍സില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വലുതുപക്ഷ പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം കിട്ടിയത്. മധ്യ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ഇമ്മാനുവേല്‍ മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടി. നാഷണല്‍ റാലി പാര്‍ട്ടി എന്ന തീവ്ര വലതുപക്ഷ നിലപാടുള്ള പാര്‍ട്ടിക്കാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സില്‍ മേല്‍കൈ കിട്ടിയത്. മാരിന്‍ ലെ പെന്‍ എന്ന തീവ്ര വലതുപക്ഷ് നേതാവാണ് ഈ പാര്‍ട്ടിയുടെ നേതാവ്. ഇവര്‍ക്ക് 31 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ (പ്രാഥമിക നിലപാടുകള്‍ പ്രകാരം) മാക്രോണിന്റെ പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകളാണ് കിട്ടിയത്.

ഇമ്മാനുവല്‍ മാക്രോണ്‍
ഇമ്മാനുവല്‍ മാക്രോണ്‍

ഇ യു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം

യൂറോപ്യന്‍ യൂണിയന്റെ നിയമനിര്‍മാണ സ്ഥാപനങ്ങളിലൊന്നാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്. നിലവില്‍ 720 അംഗങ്ങള്‍ (എംഇപി) അടങ്ങിയതാണ് ഇയു പാര്‍ലമെന്റ്. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. മാള്‍ട്ട, ലക്സംബര്‍ഗ്, സിപ്രസ് എന്നീ രാജ്യങ്ങളില്‍ നിന്നും ആറ് അംഗങ്ങളും ജര്‍മനിയില്‍ നിന്ന് 96 അംഗങ്ങളുമാണ് പാര്‍ലമെന്റിലുണ്ടാകുക. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് നടക്കുന്നത് യുറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലാണ്. അഞ്ച് വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അവരുടെ അധ്യക്ഷനെ രണ്ടര വര്‍ഷത്തെ കാലാവധിയിലേക്കാണ് തിരഞ്ഞെടുക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ, നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ഏക സ്ഥാപനം കൂടിയാണിത്. യൂറോപ്യന്‍ കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്ന അംഗ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ഇയു നിയമങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. ഇ യു ബഡ്ജറ്റും അന്താരാഷ്ട്ര കരാറുകളും യൂറോപ്യന്‍ യൂണിയന്റെ വിപുലീകരണവും യൂറോപ്യന്‍ പാര്‍ലമെന്റാണ് അംഗീകരിക്കേണ്ടത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിനെ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോയുള്ള അധികാരം യൂറോപ്യന്‍ പാര്‍ലമെന്റിനുണ്ട്. എന്നാല്‍ ദേശീയ പാര്‍ലമെന്റുകളില്‍ നിന്നും വ്യത്യസ്തമായി പാര്‍ലമെന്റിന് നിയമങ്ങള്‍ നിര്‍ദേശിക്കാനുള്ള അധികാരമില്ല.

ബെല്‍ജിയം, ജര്‍മനി, ഓസ്ട്രിയ, മാള്‍ട്ട എന്നീ രാജ്യങ്ങളില്‍ 16 വയസിന് മുകളിലുള്ളവര്‍ക്കും, ഗ്രീസില്‍ 17 വയസുള്ളവര്‍ക്കും,. മറ്റുള്ള 21 അംഗ രാജ്യങ്ങളില്‍ 18 വയസായവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളു. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് അവരുടെ രാജ്യത്ത് നിന്നോ വിദേശത്ത് നിന്നോ വോട്ട് ചെയ്യാന്‍ സാധിക്കും. മറ്റൊരു ഇയു രാജ്യത്ത് നിന്ന് താമസിക്കുന്ന പൗരന്മാര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തെയോ അല്ലെങ്കില്‍ അവര്‍ താമിസിക്കുന്ന രാജ്യത്തെയോ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ സമയം വോട്ട് ചെയ്യാന്‍ അനുവാദമില്ല.

രാഷ്ട്രീയ പ്രതിനിധികളായോ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായോ ഓരോ അംഗരാജ്യങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്റില്‍ മത്സരിക്കാവുന്നതാണ്. എന്നാല്‍ ജര്‍മനിയുള്‍പ്പെടെയുള്ള ചില അംഗരാജ്യങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളിലെയോ രാഷ്ട്രീയ അസോസിയേനുകളുടെയോ പ്രതിനിധികള്‍ക്കോ മാത്രമേ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നുള്ളു. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ദേശീയ സര്‍ക്കാരിലോ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍, കോര്‍ട്ട് ഓഫ് ജസ്റ്റിസ് തുടങ്ങിയ രാഷ്ട്രീയ സ്ഥാപനങ്ങളിലോ മത്സരിക്കാന്‍ സാധിക്കില്ല. എല്ലാ സ്ഥാനാര്‍ഥികളും ഇ യു പൗരന്മാരായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

യൂറോപ്യൻ യൂണിയനിലെ  തീവ്ര വലതുപക്ഷ മുന്നേറ്റം
ഫ്രാന്‍സിലും മാറ്റമുണ്ടാകുമോ,  പാര്‍ലമെന്റ് പിരിച്ചുവിട്ടത് എന്തിന്?
അയല്‍പക്കവുമായി ഒട്ടും സ്വരചേര്‍ച്ചയില്ല; എന്താണ് ശരിക്കും ചൈനയുടെ പ്രശ്നം?

വലതുപക്ഷം കൈയടക്കിയ തിരഞ്ഞെടുപ്പ്

ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെയായിരുന്നു ഇത്തവണത്തെ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. 1979ന് ശേഷമുള്ള പത്താം പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ബ്രെക്സിറ്റിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുമാണ് ഈ വര്‍ഷം നടക്കുന്നത്. 40 കോടിയോളം വരുന്ന വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതിയത്. തിരഞ്ഞെടുപ്പിൽ യൂറോപ്പിലെ ദേശീയ യാഥാസ്ഥിതിക ശക്തികളും തീവ്ര വലതുപക്ഷ ശക്തികളും ഇത്തവണ വലിയ നേട്ടമുണ്ടാക്കി.

ഉദാഹരണത്തിന് ഫ്രാന്‍സില്‍ മാക്രോണിന്റെ റിനൈസന്‍സിന്റെ പാര്‍ട്ടി 15 ശതമാനം വോട്ട് നേടിയപ്പോള്‍ മറൈന്‍ ലെ പെന്നിന്റെ വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി 32 ശതമാനം വോട്ടാണ് നേടിയത്. മാക്രോണിനു പുറമെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാം എന്നിവരുടെ പാര്‍ട്ടികളും തോല്‍വി ഏറ്റു വാങ്ങി.

ജര്‍മ്മനിയിലും ചാന്‍സലറായ ഒലാഫ് ഷോള്‍സിന്റെ സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളേക്കാളും ഉയര്‍ന്ന വോട്ടാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡച്ച്‌ലാന്‍ഡ് (എഎഫ്ഡി) കരസ്ഥമാക്കിയത്. ദേശീയ വോട്ടിന്റെ ഉയര്‍ന്ന ശതമാന (16%)മാണ് അവര്‍ നേടിയത്. പരമ്പരാഗതമായി യൂറോപ്യന്‍ യൂണിയനെ മുന്നോട്ട് നയിക്കുന്ന ഇരു രാജ്യങ്ങളിലെയും ആശങ്കാജനകമായ സംഭവവികാസങ്ങളാണിവ.

ഫ്രാന്‍സില്‍ ഇനി എന്ത് സംഭവിക്കും?

യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെയായിരുന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടത്. പിന്നാലെ ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ജൂലൈ ഏഴിന് നടക്കുമെന്നും പ്രഖ്യാപിച്ചു. മാക്രോണിന്റെ ഭരണകക്ഷിയായ റിനൈസന്‍സ് പാര്‍ട്ടിക്ക് നിലവില്‍ 169 എംപിമാരാണ് ദേശീയ പാര്‍ലമെന്റിലുള്ളത്. 577 സീറ്റുള്ള ഫ്രഞ്ച് പാര്‍ലമെന്റില്‍ 88 സീറ്റ് മാത്രമേ പ്രതിപക്ഷമായ ലെ പെനിന്റെ ദേശീയ റാലി പാര്‍ട്ടിക്കുള്ളു.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പിലെ വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ പ്രകടനം കുടിയേറ്റവിരുദ്ധവും അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്ക് എതിരുമാണ് പൊതുവില്‍ ഈ പാര്‍ട്ടിയുടെ നിലപാടുകള്‍. യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ ഒന്നും സംഭവിച്ചില്ലെന്ന് നടിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ തീരുമാനിക്കുന്നത്. ഗുരുതരവും ഭാരമേറിയതുമായ തീരുമാനമായിട്ടാണ് വിധിയെ കണക്കാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമായി ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് ജനതയുടെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ട്. അത് വ്യക്തമാക്കാനുള്ള സമയമാണിത്. നിങ്ങളുടെ സന്ദേശവും ആശങ്കകളും ഞാന്‍ കേട്ടു. ഫ്രാന്‍സിന് ശാന്തതയിലും ഐക്യത്തിലും പ്രവര്‍ത്തിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം ആവശ്യമാണ്,''

മാക്രോണിന്റെ തീരുമാനത്തെ ജനാധിപത്യത്തെ വെച്ചുള്ള അപകടകരമായ കളിയാണെന്നാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മേധാവി റാഫേല്‍ ഗ്ലക്സ്മാന്‍ അഭിപ്രായപ്പെട്ടത്. അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റില്‍ കാണപ്പെടുന്ന വലതുപക്ഷ ഭൂരിപക്ഷം അതേ പോലെ ഫ്രഞ്ച് പാര്‍ലമെന്റില്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ സാഹചര്യം വ്യത്യസ്തമാകാമെന്നാണ് നിരീക്ഷകരില്‍ ചിലര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മാക്രോണിന്റെ സാഹസം അദ്ദേഹത്തിന്റെ കാണിക്കപരിമിതി കാണിക്കുന്നതോടൊപ്പം തന്നെ നാഷണല്‍ റാലി ആഗ്രഹിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഈ തീരുമാനം വലതുപക്ഷ ഗ്രൂപ്പുകള്‍ക്കും പുതുമയായിരുന്നു. തങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഫ്രാന്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് നാഷണല്‍ റാലിയുടെ ഉപാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ ചെനു പ്രതികരിച്ചു. മാക്രോണിനെതിരെയുളള പോരാട്ടത്തില്‍ നാഷണല്‍ റാലിക്ക് പുറമേയുള്ള വലതുപക്ഷ എംപിമാരോടും അണിചേരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ 28കാരനായ ജോര്‍ദാന്‍ ബാര്‍ഡെല്ലയായിരിക്കും ജൂലൈ അവസാനം ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പുള്ള തിരഞ്ഞെടുപ്പിനും വിമര്‍ശനങ്ങള്‍ ഏറെയാണ്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്
യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്

തോറ്റാല്‍ മാക്രോണ്‍ എന്ത് ചെയ്യും? കൊഹാബിറ്റേഷനിലേക്ക് പോകുമോ?

നാഷണല്‍ റാലിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുകയാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരുടെ പ്രതിനിധിയായി ഒരാളെ തിരഞ്ഞെടുക്കാന്‍ മാക്രോണ്‍ നിര്‍ബന്ധിതനാകും. അങ്ങനെ വരുമ്പോള്‍ കൊഹാബിറ്റേഷന്‍ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറും. 1958ല്‍ അഞ്ചാം റിപ്പബ്ലിക്ക് സ്ഥാപിതമായതിന് ശേഷം ആകെ മൂന്ന് തവണയാണ് കൊഹാബിറ്റേഷന്‍ സാഹചര്യം ഫ്രാന്‍സിലുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കമാന്‍ഡര്‍ ചീഫ് എന്ന നിലയില്‍ പ്രതിരോധത്തിലും വിദേശ നയങ്ങളിലും പ്രസിഡന്റിന് തന്റെ മേധാവിത്വം നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ ആഭ്യന്തര നയം രൂപീകരിക്കാനുള്ള അധികാരം പ്രസിഡന്റിന് നഷ്ടമാകും. 1997ലാണ് അവസാനം ഫ്രാന്‍സില്‍ കൊഹാബിറ്റേഷന്‍ സാഹചര്യം ഉണ്ടാകുന്നത്. തനിക്ക് ശക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതിയ പ്രസിഡന്റ് ജാക്വസ് ചിരാക് പാര്‍ലമെന്റ് പിരിച്ചുവിടുകയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തോട് അപ്രതീക്ഷിതമായി പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in