കിളിക്ക് പകരം നായ; ട്വിറ്റര്‍ ലോഗോ ഇലോണ്‍ മസ്‌ക് മാറ്റിയതിന് പിന്നിലെന്ത്?

കിളിക്ക് പകരം നായ; ട്വിറ്റര്‍ ലോഗോ ഇലോണ്‍ മസ്‌ക് മാറ്റിയതിന് പിന്നിലെന്ത്?

ഏപ്രില്‍ നാലിനാണ് ഇലോൺ മസ്ക് ട്വിറ്റർ ലോഗോ മാറ്റിയത്
Updated on
2 min read

ടെസ്ല ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിൽ പരിഷ്‌കാരങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ നാലിന് ട്വിറ്റര്‍ ലോഗോ നീലപ്പക്ഷിയില്‍നിന്ന് ഡോഗ് മീം ആക്കിയതാണ് ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം

ലോഗോ മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ത്?

ഷിബ ഇനു ഇനത്തിലുള്ള നായയാണ് ട്വിറ്ററിന്റെ പുതിയ ലോഗയില്‍ കാണുന്നത്. ഡോഗ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയുടെ ലോഗോയാണ് ഈ നായ. ഇത് ട്വിറ്റർ ലോഗോ ആയി ഇലോണ്‍ മസ്‌ക് സ്വീകരിക്കാന്‍ കാരണമുണ്ട്.

ഇലോൺ മസ്കും ഡോഗ് കോയിനും

ഡോഗ്‌കോയിന്റെ മൂല്യം മനഃപൂര്‍വം വര്‍ധിപ്പിച്ചെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിനനെതിരെ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഡോഗ്‌കോയിനിന്റെ വില 36000 ശതമാനത്തിലധികം വര്‍ധിപ്പിക്കുകയും പിന്നീട് അത് തകരാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് നിക്ഷേപകരുടെ ആരോപണം.

കറന്‍സിക്ക് ആന്തരിക മൂല്യമില്ലെന്ന് മസ്‌കിന് അറിയാമായിരുന്നിട്ടും മൂല്യം കുത്തനെ വര്‍ധിപ്പിച്ചതിനും പ്രശസ്ത പാശ്ചാത്യ പരിപാടിയായ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ഡോഗ്‌കോയിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചതിനും നിക്ഷേപകര്‍ 258 ബില്യണ്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പുള്ള 13 മാസങ്ങളില്‍ ഡോഗ്‌കോയിനിന്റെ വിപണി മൂല്യത്തില്‍ വന്ന ഇടിവിന്റെ മൂന്നിരട്ടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് തള്ളണമെന്ന് ഇലോണ്‍ മസ്‌ക് കോടതിയില്‍ ആവശ്യപ്പെട്ട് ഒരു ദിവസത്തിനു ശേഷമാണ് ട്വിറ്റര്‍ ബ്ലൂവിന്റെ ലോഗോ മാറിയത്. ലോഗോ മാറ്റിയതിന് പിന്നിലെ കാരണം പറയാതെ പറയുകയാണ് മസ്‌ക്.

എന്താണ് ഡോഗ്കോയിൻ?

ഡോഗ്കോയിൻ ഒരു ക്രിപ്റ്റോ കറൻസിയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളെ കളിയാക്കുന്നതിനായി 2013-ലാണ് ഇത് പുറത്തിറക്കിയത്. ഐബിഎം സോഫ്റ്റ്വെയർ എഞ്ചിനീയർ ബില്ലി മാർക്കസും അഡോബ് സോഫ്റ്റ്‌വെയര്‍ എൻജിനീയർ ജാക്സൺ പാമറും ചേർന്നാണ് ഇത് സൃഷ്ടിച്ചത്.

ആക്ഷേപഹാസ്യ സ്വഭാവം ഉണ്ടായിരുന്നിട്ടു കൂടി, നിരവധി നിക്ഷേപകർ ഡോഗ്കോയിനെ നിയമാനുസൃതമായ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയായിട്ടാണ് കണക്കാക്കുന്നത്.

ഇലോൺ മസ്കിന്റെ ഡോഗ് മീമും സ്ക്രീൻ ഷോട്ടും

ലോഗോ മാറ്റി അല്‍പ്പനേരത്തിനു ശേഷം മസ്‌ക് തന്റെ ട്വിറ്റര്‍ പേജില്‍ മീം പങ്കുവച്ചിരുന്നു. വണ്ടി ഓടിക്കുന്ന ഷിബ ഇനു ഇനത്തില്‍ പെട്ട നായയോട് ട്രാഫിക് ഉദ്യോഗസ്ഥന്‍ ലൈസന്‍സ് ആവശ്യപ്പെടുന്നതും നായ ഉദ്യോഗസ്ഥനോട് ലൈസന്‍സില്‍ തന്റെ പഴയ ചിത്രമാണുള്ളതെന്ന് പറയുകയും ചെയ്യുന്നതാണ് മീം.

മീം പങ്കുവച്ചതിന് പിന്നാലെ 2022 മാര്‍ച്ച് 26ന് ഒരു ട്വിറ്റര്‍ ഉപയോക്താവുമായുള്ള ഇലോണ്‍ മസ്‌കിന്റെ ചാറ്റിന്റെ സക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്‌ക്രീന്‍ ഷോട്ടില്‍ ട്വിറ്റര്‍ വാങ്ങാനും പക്ഷിയുടെ ലോഗോ മാറ്റി നായയുടെ ലോഗോ വയ്ക്കാനും ഉപയോക്താവ് മസ്‌കിനോട് ആവശ്യപ്പെടുന്നുണ്ട്. 'വാഗ്ദാനം ചെയ്തപോലെ' എന്ന അടിക്കുറിപ്പോടുകൂടിയാണ് മസ്‌ക് സ്‌ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in