പലസ്തീന്‍ ജനതയുടെ ദുരിതം ഇരട്ടിക്കാൻ ഇസ്രയേല്‍; യുഎൻ ഏജൻസിയെ നിരോധിച്ചത് എന്തുകൊണ്ട്?
പലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ യുഎൻആർഡബ്ല്യഎ നിരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിലും അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഏജന്‍സിയുടെ സാന്നിധ്യം പരിമിതപ്പെടുത്തുകയും യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം നിരോധിക്കുകയും ചെയ്യുന്ന രണ്ട് നിയമങ്ങളാണ് ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കിയത്.
പാർലമെന്റില്‍ 92-10 എന്ന അനുപാതത്തിലായിരുന്നു ആദ്യ നിയമം പാസാക്കിയത്. ഇസ്രയേലിലെ ഏജൻസിയുടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുന്നതാണ് ആദ്യ നിയമം. ഏജൻസിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതാണ് രണ്ടാമത്തെ നിയമം. 87-9 എന്ന അനുപാതത്തിലാണ് നിയമം പാസാക്കിയത്. ഇസ്രയേലിന്റെ നടപടിക്ക് പിന്നില്‍ എന്താണ്?
യുഎൻആർഡബ്ല്യഎ സ്റ്റാഫ് അംഗങ്ങള്‍ ഹമാസിനായി പ്രവർത്തിക്കുന്നെന്ന വാദമുയർത്തിയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരോധന നടപടിയെ പ്രതിരോധിച്ചത്. ഇസ്രയേലിനെതിരെ ഭീകരവാദ പ്രവർത്തനങ്ങളില്‍ ഏജൻസി അംഗങ്ങള്‍ ഏർപ്പെടുന്നുണ്ടെന്നും നെതന്യാഹു വാദമുയർത്തി. പലസ്തീനില്‍ ദുരിതത്തില്‍ കഴിഞ്ഞ ജനങ്ങള്‍ക്ക് മാനുഷിക സഹായമെത്തിയിരുന്നത് ഏജൻസിയിലൂടെയാണ്. എന്നാല്‍, തങ്ങളുടെ അന്താരാഷ്ട്ര കൂട്ടാളികളുമായി ചേർന്ന് പ്രവർത്തിച്ച് ഗാസയില്‍ മാനുഷിക സഹായം എത്തിക്കുമെന്നും നെതന്യാഹു അവകാശവാദമുയർത്തിയിട്ടുണ്ട്.
90 ദിവസത്തിനുള്ളില്‍ നിരോധനം നിലവില്‍ വരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഏജൻസിയെ ഭീകരവാദത്തില്‍ നിന്നും ഹമാസ് പ്രവർത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ തയാറായില്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ഇസ്രയേല്‍ തയാറാകുമെന്നും തങ്ങളുടെ ജനങ്ങളെ ആക്രമിക്കാൻ ഇനിയും അനുവദിക്കാനാകില്ലെന്നും പാർലമെന്റ് അംഗം ഷരീൻ ഹസ്കല്‍ പറഞ്ഞു.
യുഎൻആർഡബ്ല്യഎയുടെ ഗാസയിലെ പ്രവർത്തനം
1948ലാണ് ഏജൻസി രൂപം കൊണ്ടത്. അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പലായനം ചെയ്യപ്പെട്ട പലസ്തീൻ അഭയാർഥികളുടെ ക്ഷേമത്തിനായാണ് ഏജൻസി പ്രവർത്തിക്കുന്നത്. ഗാസ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ അഭയാർഥികളായി കഴിയുന്ന 60 ലക്ഷത്തോളം പേർക്കാണ് ഏജൻസി മാനുഷിക സഹായം എത്തിക്കുന്നത്. ഗാസയില്‍ മാത്രമായി ഏകദേശം 19 ലക്ഷം അഭയാർഥികളാണുള്ളത്. വെള്ളത്തിനും ഭക്ഷണത്തിനും മറ്റുമായി അഭയാർഥികള്‍ പൂർണമായും ആശ്രയിക്കുന്നത് ഏജൻസിയെയാണ്. 6.5 ലക്ഷം വരുന്ന വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസവും സംഘടന നല്‍കുന്നു.
ഏകദേശം 30,000 പലസ്തീനികളാണ് ഏജൻസിക്കായി പ്രവർത്തിക്കുന്നത്. ഏജൻസിയിലെ ഇരുനൂറിലധികം വരുന്ന പ്രവർത്തകർ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതായും യുഎൻ പറയുന്നു. ഇസ്രയേലിന്റെ പുതിയ നീക്കം ആശങ്കപ്പെടുത്തുന്നതും അപകടകരവുമാണെന്നാണ് ഏജൻസിയുടെ കമ്മിഷണർ ജനറല്‍ ഫിലിപ്പി ലസാരിനി വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രയേലിന്റെ നടപടി പലസ്തീൻ ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കുമെന്നും ലസാരിനി ചൂണ്ടിക്കാണിച്ചു.
യുഎൻആർഡബ്ല്യഎയ്ക്കെതിരായ ആരോപണങ്ങള്‍?
ഏജൻസിയെ ഭീകരവാദവുമായി ബന്ധപ്പെടുത്തിയാണ് ഇസ്രയേലിന്റെ ആരോപണങ്ങളെല്ലാം. ഈ വർഷം ആദ്യം ലെബനനിലും ഗാസയിലുമായി കൊല്ലപ്പെട്ട ഹമാസ് കമാൻഡർമാർ ഏജൻസിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഏജൻസിയിലെ 190 പേർക്ക് ഹമാസുമായി ബന്ധമുണ്ടെന്നും അമേരിക്കയെ ഇസ്രയേല്‍ അറിയിച്ചിരുന്നു. അഭയാർഥികള്‍ക്ക് സഹായം നല്‍കുന്ന ഏജൻസിയല്ലെന്നും ഹമാസിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇസ്രയേല്‍ പാർലമെന്റ് അംഗം ബോസ് ബിസ്‌മത്ത് പറഞ്ഞു.
ഇത്തരം ആരോപണങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ഏജൻസി നടപടിയുമെടുത്തിരുന്നു. ഒൻപത് പ്രവർത്തകരെയാണ് ഏജൻസിയില്‍ നിന്ന് പുറത്താക്കിയത്. ഗാസയിലെ ജനങ്ങള്‍ക്ക് എറ്റവും കൂടുതല്‍ മാനുഷിക സഹായമെത്തിക്കുന്ന ഏജൻസിക്കെതിരെ യുഎന്നിന്റെ ഭാഗമായ ഒരു രാജ്യം നടപടിയെടുത്തത് അരോചകമാണെന്ന് ഏജൻസി വക്താവ് ജൂലിയറ്റ് വ്യക്തമാക്കി. ഏജൻസിയുടെ പ്രവർത്തനങ്ങള്‍ മരവിപ്പിക്കുന്നതിലൂടെ ഗാസയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുമെന്നും ഏജൻസി വ്യത്തങ്ങള്‍ അറിയിച്ചു.