പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?

പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?

ഏഴ് ദശലക്ഷത്തിനടുത്തുള്ള ഇസ്രയേലി ജനതയുടെ പത്ത് ശതമാനം പേരും പലസ്തീനില്‍ കുടിയേറ്റക്കാരായി താമസിക്കുന്നു
Updated on
4 min read

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കുപുറമേ അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും ഇസ്രയേല്‍ കുടിയേറ്റക്കാരുടെ പലസ്തീനെതിരെയുള്ള ആക്രമണം കൂടിവരികയാണ്. കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ മാത്രം നൂറുക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ വിട്ട് പലായനം ചെയ്യേണ്ടി വന്നത്. ആക്രമണങ്ങളുടെ എണ്ണം പ്രതിദിനം ശരാശരി മൂന്ന് മുതല്‍ എട്ട് വരെ സംഭവങ്ങളില്‍നിന്ന് ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.

ആരാണ് ഇസ്രയേല്‍ കുടിയേറ്റക്കാര്‍

അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും സ്വകാര്യ ഭൂമിയില്‍ താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാരാണ് ഈ കുടിയേറ്റക്കാര്‍. ഇവരുടെ ഭൂരിഭാഗം സെന്റില്‍മെന്റുകളും ഭാഗികമായോ പൂര്‍ണമായോ പലസ്തീന്‍ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 70 ലക്ഷത്തിനടുത്തുള്ള ഇസ്രയേലി ജനതയുടെ പത്ത് ശതമാനം (ഏഴ് ലക്ഷം) ആളുകളും ഇപ്പോള്‍ 150 സെറ്റില്‍മെന്റുകളിലും 128 ഔട്ട്‌പോസ്റ്റുകളിലുമായി അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും താമസിക്കുകയാണ്.

സെറ്റില്‍മെന്റ് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകൃതമാണെങ്കിലും ഔട്ട്‌പോസ്റ്റുകള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് നിര്‍മിക്കുന്നത്. ഔട്ട്‌പോസ്റ്റുകളില്‍ കുറച്ച് ആളുകളുടെ ചെറിയ കുടില്‍ മുതല്‍ 400 പേരുള്ള കമ്യൂണിറ്റി വരെ ഉള്‍പ്പെടുന്നു. കുടിയേറ്റക്കാരില്‍ മൂന്നിലൊന്നും അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂതന്മാരുമാണ്. കുടിയേറ്റക്കാരില്‍ ചിലര്‍ മതപരമായ കാരണങ്ങളാലാണ് അധിനിവേശ പ്രദേശങ്ങളിലേക്ക് കുടിയേറിയത്. എന്നാല്‍ ചിലരാകട്ടെ താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും കൊണ്ട് ആകര്‍ഷിക്കപ്പെട്ടവരാണ്.

പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം പതിനായിരം കടന്നു; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്കയും

പ്യൂ റിസര്‍ച്ച് സെന്റർ റിപ്പോർട്ട് പ്രകാരം വെസ്റ്റ്ബാങ്കില്‍ താമസിക്കുന്ന ഭൂരിഭാഗം ഇസ്രയേലി ജൂതന്മാരുടെയും വാദം സെന്റില്‍മെന്റുകളുടെ നിര്‍മാണം രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നുവെന്നാണ്. പലസ്തീനികളുടെ സഞ്ചാരം നിയന്ത്രിക്കുകയും പലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തന്നെ സെറ്റില്‍മെന്റുകള്‍ ഇസ്രയേലിന്റെ ദേശീയ സുരക്ഷയ്ക്ക് ഒരു ബഫറായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇവരുടെ അഭിപ്രായം. പക്ഷേ, സെറ്റില്‍മെന്റ് വിപുലീകരണം ദ്വിരാഷ്ട്ര പരിഹാരത്തെയും അതുവഴി സമാധാനത്തിനുള്ള ഇസ്രയേലിന്റെ സ്വന്തം സാധ്യതകളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ഇസ്രായേലി ഇടതുപക്ഷത്തുള്ളവരും വാദിക്കുന്നു.

ആദ്യ സെന്റില്‍മെന്റ് നിര്‍മാണം

1967ലെ ആറു ദിവസത്തെ യുദ്ധത്തില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഗാസ മുനമ്പും പിടിച്ചെടുത്തശേഷം തന്നെ ഇസ്രയേല്‍ പലസ്തീനില്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 1967 സെപ്റ്റംബറില്‍ നിര്‍മിച്ച ഹെബ്രോണിലെ എത്‌സിയോണ്‍ ബ്ലോക്കാണ് ആദ്യത്തെ സെറ്റില്‍മെന്റ്. ഇപ്പോള്‍ ഇവിടെ 40,000 ഇസ്രയേല്‍ പൗരന്മാരാണ് ജീവിക്കുന്നത്. പഴയ സെറ്റില്‍മെന്റുകളിലൊന്നായ കെഫാര്‍ എത്‌സിയോണില്‍ ഏകദേശം 1000 ഇസ്രയേലികളാണ് താമസിക്കുന്നത്. വലിയ സെറ്റില്‍മെന്റ് എന്നറിയപ്പെടുന്ന മോഡി'ഇന്‍ ഇല്ലിറ്റില്‍ ഏകദേശം 82,000 കുടിയേറ്റക്കാരും അധിവസിക്കുന്നു. ഇതില്‍ ഭൂരിഭാഗവും അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂതന്മാരാണ്. മാറിമാറി വരുന്ന ഇസ്രയേലി സര്‍ക്കാരുകള്‍ ഈ നയം പിന്തുടരുകയും അധിനിവേശ പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നിലവില്‍ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ 40 ശതമാനവും സെന്റില്‍മെന്റുകളുടെ നിയന്ത്രണത്തിലാണ്. ഈ സെറ്റില്‍മെന്റുകള്‍ വെസ്റ്റ് ബാങ്കിന്റെ പലസ്തീനിയന്‍ ഭാഗങ്ങളെ പരസ്പരം വേര്‍തിരിക്കുന്നു.

യൂറോപ്പില്‍ വ്യാപകമായ വിവേചനവും മതപീഡനവും വംശഹത്യയും നേരിട്ട 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പലസ്തീനിലെ ആദ്യത്തെ ജൂത കുടിയേറ്റം ആരംഭിക്കുന്നത്. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ടെല്‍ അവീവും 1909ല്‍ അറബ് നഗരമായ ജാഫയുടെ പ്രാന്തപ്രദേശത്ത് സെറ്റില്‍മെന്റായി നിര്‍മിച്ചതാണ്. എന്നാല്‍ പലസ്തീനിലേക്കുള്ള ജൂതന്മാരുടെ വലിയ കുടിയേറ്റം അറബ് കലാപത്തിലേക്ക് നയിച്ചു. തുടര്‍ന്നുണ്ടായ കലാപത്തില്‍ 1948ല്‍ 750000 പലസ്തീനികളെ സ്വന്തം നാട്ടില്‍നിന്നും നാടുകടത്തിയ നക്ബയും സംഭവിച്ചു.

കുടിയേറ്റക്കാരുടെ സര്‍ക്കാര്‍ പിന്തുണ

കുടിയേറ്റക്കാര്‍ക്ക് ഇസ്രയേല്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. ജൂത വിഭാഗങ്ങള്‍ക്ക് സ്വകാര്യ പലസ്തീന്‍ ഭൂമികളില്‍ താമസിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചുനല്‍കുകയും പരസ്യമായി ധനസഹായം നല്‍കുകയും ചെയ്യുന്നു. വെസ്റ്റ് ബാങ്കിന്റെ 60 ശതമാനത്തിലധികം വരുന്ന പ്രദേശത്തെ പലസ്തീന്റെ നിര്‍മാണം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഇസ്രയേല്‍ അധികാരികള്‍ വെസ്റ്റ് ബാങ്കിലെ താമസക്കാര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം ഡോളറാണ് (രണ്ട് കോടി ഇസ്രയേൽ ഷെക്കല്‍) നല്‍കുന്നത്. ഈ പണം ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുന്നതിനും ഡ്രോണുകള്‍, ഏരിയല്‍ ഇമേജറികള്‍, ടാബ്ലെറ്റുകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കുന്നു.

പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?
'ആരുടേയും കൈകൾ ശുദ്ധമല്ല, സംഘർഷത്തിന്റെ മുഴുവൻ സത്യവും അംഗീകരിക്കേണ്ടതുണ്ട്' : ബരാക് ഒബാമ

കുറച്ച് വര്‍ഷങ്ങളായി ഏരിയ സിയിലെ പലസ്തീന്‍ നിര്‍മാണത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഇസ്രയേല്‍ സൈന്യം വാര്‍ റൂം സി എന്ന് വിളിക്കുന്ന ഹോട്ട്ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പലസ്തീന്‍ ഭൂമി പിടിച്ചെടുക്കാന്‍ നിരവധി ഇസ്രയേലി നിയമങ്ങളും കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിര്‍മിച്ചിട്ടുണ്ട്. 26 ശതമാനത്തോളമുള്ള വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ 'സ്റ്റേറ്റ് ലാന്‍ഡ്' ആയി ഇസ്രായേല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് സെറ്റില്‍മെന്റുകള്‍ നിര്‍മിക്കാം. റോഡുകള്‍, സെറ്റില്‍മെന്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കായി പലസ്തീനികളുടെ സ്വത്ത് തട്ടിയെടുക്കാനും ഇസ്രയേല്‍ നിയമം ഉപയോഗിക്കുന്നു.

1993ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായി (പിഎല്‍ഒ) ഓസ്‌ലോ ഉടമ്പടി ഒപ്പുവച്ചശേഷം ഇസ്രയേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുതിയ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയെങ്കിലും നിലവിലുള്ള സെറ്റില്‍മെന്റുകള്‍ വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ 2017ല്‍ ഇസ്രയേല്‍ ഔപചാരികമായി പുതിയ സെറ്റില്‍മെന്റുകളുടെ തുടക്കവും പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും സെറ്റില്‍മെന്റിലെ ജനസംഖ്യ 1993ല്‍ ഏകദേശം 250,000 ആണെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ അത് 700,000 ആയി ഉയര്‍ന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 1996ല്‍ ആദ്യമായി അധികാരത്തില്‍ വന്നതിനുശേഷം സെറ്റില്‍മെന്റ് വിപുലീകരണങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിന് പുറമേ ഭൂനിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് പലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി 'സര്‍ക്കാരിതര' സംഘടനകളും നിലവിലുണ്ട്. ഇസ്രയേലിന്റെ നിയമങ്ങള്‍ പ്രകാരം ഔട്ട്പോസ്റ്റുകളെ നിയമവിരുദ്ധമായി കണക്കാക്കുന്നുണ്ടെങ്കിലും ഇസ്രയേല്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി ഔട്ട്പോസ്റ്റുകള്‍ നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ 'പിരിച്ചുവിടല്‍' പദ്ധതിയുടെ ഭാഗമായി 2005 ല്‍ ഇസ്രായേല്‍ സെറ്റില്‍മെന്റുകള്‍ പൊളിച്ചുകളയുകയും 9,000-ത്തിലധികം കുടിയേറ്റക്കാര്‍ ഗാസയില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു.

പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 88 യുഎൻ സ്റ്റാഫ് അംഗങ്ങൾ ; രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യ

അതേസമയം ഇസ്രയേല്‍ നല്‍കിയ ബില്‍ഡിങ് പെര്‍മിറ്റുകളുടെയും ഭൂമിരേഖകളുടെയും അഭാവം ചൂണ്ടിക്കാട്ടി ഇസ്രയേല്‍ അധികാരികള്‍ പതിവായി പലസ്തീന്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്രായേലി ബില്‍ഡിങ് പെര്‍മിറ്റ് സ്വന്തമാക്കുന്നത് ഏറെക്കുറെ അസാധ്യമാണെന്നാണ് അന്താരാഷ്ട്ര അവകാശ സംഘടനകളുടെ നിരീക്ഷണം.

ഇസ്രയേല്‍ സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമങ്ങളും

നാലാമത്തെ ജനീവ കണ്‍വെന്‍ഷന്‍ ലംഘിക്കുന്നതിനാല്‍ തന്നെ ഇസ്രയേലിന്റെ എല്ലാ സെറ്റില്‍മെന്റുകളും ഔട്ട്പോസ്റ്റുകളും അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഘടിപ്പിച്ച ഇസ്രയേലി പരമാധികാരത്തിന്റെ എന്‍ക്ലേവുകളാണ് സെറ്റില്‍മെന്റുകളെന്നും ഭാവിയിലെ ഏതൊരു പലസ്തീനിയന്‍ സംസ്ഥാനവും ദക്ഷിണാഫ്രിക്കയിലെ മുന്‍ ബന്റുസ്താനുകള്‍ അല്ലെങ്കില്‍ കറുത്തവര്‍ഗ്ഗക്കാര്‍ മാത്രമുള്ള ടൗണ്‍ഷിപ്പുകള്‍ പോലെയായിരിക്കുമെന്നും ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

ഒന്നിലധികം പ്രമേയങ്ങളിലൂടെയും വോട്ടുകളിലൂടെയും ഐക്യരാഷ്ട്രസഭ ഇസ്രയേലിനെ അപലപിച്ചിട്ടുണ്ട്. സെറ്റില്‍മെന്റുകള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഇക്കാര്യത്തില്‍ ഇസ്രയേലിന് നയതന്ത്ര പരിരക്ഷ നല്‍കുകയാണ്. നയതന്ത്ര വിമര്‍ശനങ്ങളില്‍ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക അവരുടെ അവരുടെ വീറ്റോ അധികാരം തുടര്‍ച്ചയായി ഉപയോഗിച്ചുപോരുകയാണ്.

വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഇസ്രയേല്‍ നിലനിര്‍ത്തുന്ന കഥ

അധിനിവേശ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും 30 ലക്ഷം പലസ്തീനികളുടെ സഞ്ചാരം തടസപ്പെടുത്തുന്നതിനുവേണ്ടി വെസ്റ്റ് ബാങ്കിലൂടെ 700 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന ഒരു മതിലാണ് ഇസ്രയേല്‍ നിര്‍മിച്ചത്. എന്നാല്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് മതില്‍ നിര്‍മിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. പലസ്തീന്‍ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന് പോലും അനുമതി പത്രത്തിനുവേണ്ടി അപേക്ഷിക്കണം. ഇവ ആവര്‍ത്തിച്ച് പുതുക്കണം. എന്നാല്‍ ഇസ്രയേല്‍ അനുമതി പത്രങ്ങള്‍ വിശദീകരണമില്ലാതെ നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.

ഈ വേര്‍തിരിക്കല്‍ മതിലിനുപുറമേ വെസ്റ്റ്ബാങ്കിന് ചുറ്റും 700ലധികം റോഡ് തടസങ്ങളും 14 ചെക്ക്‌പോയിന്റുകളും സ്ഥാപിച്ചു. ഇസ്രയേലിന്റെ അനുമതി പത്രമുള്ള 70000 പലസ്തീനികളാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഈ ചെക്ക്‌പോയിന്റുകളിലൂടെ യാത്ര ചെയ്യുന്നത്. സ്വതന്ത്രമായി വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം, ഗാസ എന്നിവിടങ്ങളിലൂടെ പലസ്തീനികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല. അതിനും അനുമതി പത്രം ആവശ്യമാണ്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ബി' സെലെം തുടങ്ങിയ അവകാശ സംഘടനകള്‍ പലസ്തീന്‍ ജനതയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലി നയങ്ങളെയും നിയമങ്ങളെയും 'വര്‍ണവിവേചനം' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒക്ടോബര്‍ ഏഴിന് ശേഷമുള്ള കുടിയേറ്റക്കാരുടെ ആക്രമണം

ഇസ്രയേല്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ നിരന്തരമായ ബോംബാക്രമണം തുടരുന്നതിനിടയിലും വെസ്റ്റ്ബാങ്കില്‍ 198-ലധികം ആക്രമണങ്ങളാണ് കുടിയേറ്റക്കാര്‍ നടത്തിയിട്ടുള്ളത്. വെസ്റ്റ് ബാങ്കിലെ ആയിരക്കണക്കിനാളുകളാണ് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ ഒക്ടോബര്‍ 28ന് പലസ്തീന്‍ കര്‍ഷകനെ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വധിക്കുകയും ചെയ്തു. ഒലിവ് വിളവെടുപ്പ് കാലമായ ഈ സമയത്ത് കുടിയേറ്റക്കാരുടെ ആക്രമണം കാരണം നബ്‌ലസ് പ്രദേശത്തെ 60 ശതമാനം ഒലിവ് മരങ്ങളിൽനിന്നും വിളവെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

കുടിയേറ്റക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ വാദി അസ്-സീഖ് ഗ്രാമത്തിലെ 200 നിവാസികളേയാണ് ഒഴിപ്പിച്ചത്. സമീപ വര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ അല്‍-അഖ്സ മസ്ജിദ് കോമ്പൗണ്ടില്‍ പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും പലസ്തീനികളുടെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് അല്‍ അഖ്‌സ മസ്ജിദില്‍ ജൂത പ്രാര്‍ത്ഥനകള്‍ അനുവദനീയമല്ല. എന്നാല്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് മൂന്ന് ദിവസം മുമ്പ് കുടിയേറ്റക്കാര്‍ മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറിയിരുന്നു. 2021-ല്‍ കുടിയേറ്റക്കാരുടെ പ്രവേശനം സുഗമമാക്കുന്നതിനുവേണ്ടി ഇസ്രയേല്‍ പോലീസ് മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു.

പലസ്തീനിൽ കുടിയേറിയത് 7 ലക്ഷം ഇസ്രയേലുകാർ, തദ്ദേശീയർക്കെതിരെ നിരന്തരം അക്രമം; സെറ്റിൽമെൻ്റുകൾ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ഒരു മാസം പിന്നിടുന്ന ഇസ്രയേൽ - ഹമാസ് സംഘർഷം; കൊല്ലപ്പെട്ടത് പതിനായിരത്തോളം പേര്‍

ഫെബ്രുവരിയില്‍ തീവ്ര വലതുപക്ഷ കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്ക് പട്ടണമായ ഹുവാരയില്‍ ഡസന്‍ കണക്കിന് വീടുകളും കാറുകളും കത്തിച്ചു. ഫെബ്രുവരിയില്‍ തീവ്ര വലതുപക്ഷ കുടിയേറ്റക്കാര്‍ വെസ്റ്റ്ബാങ്കിലെ ഹുവാര പട്ടണത്തിലെ ഡസന്‍ കണക്കിന് വീടുകളും കാറുകളും നശിപ്പിച്ചിരുന്നു. അക്രമത്തിന് പിന്നാലെ ഇസ്രയേല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് ഹുവാരയെ തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 2023 സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2022 മുതല്‍ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ അക്രമം കാരണം അധിനിവേശ വെസ്റ്റ് ബാങ്കിലെ 1,100 ലധികം പലസ്തീനികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

logo
The Fourth
www.thefourthnews.in