ഋഷി സുനകിന്റെ അപ്രതീക്ഷിത നീക്കം; ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നിലെന്ത്?
ബ്രിട്ടനില്‍ ജൂലൈ നാലിന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. പ്രചാരണത്തിനായി ആറ് ആഴ്ചകളാണ് അവശേഷിക്കുന്നത്. 14 വർഷമായി അധികാരത്തില്‍ തുടരുന്ന കണ്‍സർവേറ്റീവ് പാർട്ടി രാജ്യത്ത് വലിയ വിമർശനങ്ങള്‍ക്ക് വിധേയമാകുന്ന പശ്ചാത്തലത്തിലാണ് സുനകിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
എന്തുകൊണ്ടാണ് സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്?
റഷ്യ-യുക്രെയ്‌ന്‍ യുദ്ധം മൂലമുണ്ടായ വിലക്കയറ്റം, ജീവിതച്ചെലവ് പ്രതിസന്ധി എന്നിവയില്‍ നിന്നെല്ലാം ബ്രിട്ടൻ തിരിച്ചുവരവിന്റെ പാതയിലാണ്. രാജ്യത്തിന്റെ സാമ്പദ്‍വ്യവസ്ഥ ശരിയായ പാതയിലാണെന്നും തന്റെ പാർട്ടിക്ക് മാത്രമെ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്നുമാണ് സുനകിന്റെ അവകാശവാദം.
ഒക്ടോബർ - നവംബർ മാസങ്ങളിലായിരുന്നു സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ തന്റെ പാർട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കരുതിയാകാം പ്രഖ്യാപനമെന്നാണ് വിലയിരുത്തല്‍. കെയിർ സ്റ്റാർമെർ നേതൃത്വം നല്‍കുന്ന ലേബർ പാർട്ടിക്ക് മുകളില്‍ മുന്നേറ്റം നടത്താന്‍ ഇത് സാധിക്കുമെന്നും സുനക് പ്രതീക്ഷിക്കുന്നു.
ഇനിയെന്ത്?
പാർലമെന്റ് പിരിച്ചുവിടാന്‍ രാജാവില്‍ നിന്ന് സുനക് അനുമതി നേടിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെങ്കിലും രാജാവിന്റെ അധികാരപരിധിയില്‍ വരുന്ന ഒന്നാണിത്. മേയ് 30ന് ശേഷം നിലവിലെ പാർലമെന്റ് ഔപചാരികമായി പിരിയും. എംപിമാർ സ്ഥാനാർഥികളായി മാറും. പുതിയ ഭരണപക്ഷം അധികാരത്തിലെത്തും വരെ മന്ത്രിമാർ ചുമതലയില്‍ തുടരുകയും ചെയ്യും.
സുനകിന്റെ ജയസാധ്യത?
സ്റ്റാർമെറിന്റെ ലേബർ പാർട്ടിക്ക് കണ്‍സർവേറ്റീവ് പാർട്ടിയേക്കാള്‍ സാധ്യതയുണ്ടെന്നാണ് അഭിപ്രായ സർവേകള്‍ വ്യക്തമാക്കുന്നത്. ലേബർ പാർട്ടിക്ക് അനായാസ ജയം നേടാനാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണംകൊണ്ട് അഭിപ്രായ സർവേകള്‍ തെറ്റാണെന്ന തെളിയിച്ച ചരിത്രവും ബ്രിട്ടനുണ്ട്. 2017ല്‍ അഭിപ്രായ സർവേകളില്‍ മുന്‍തൂക്കമുണ്ടായിട്ടും കണ്‍സർവേറ്റീവ് പാർട്ടി പ്രധാനമന്ത്രി തെരേസ മെയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നോർത്തേണ്‍ അയർലന്‍ഡിന്റെ ഡെമോക്രാറ്റിക്ക് യൂണിയനിസ്റ്റ് പാർട്ടിയുമായി (ഡിയുപി) സഖ്യം ചേർന്നായിരുന്നു അധികാരത്തിലെത്തിയത്.
തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്തെല്ലാം?
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന വാഗ്ദാനമാണ് ഇരുപക്ഷവും ഉയർത്തുന്നത്. സുനകിന്റെ പിന്‍ഗാമിയായ ലിസ് ട്രസ് വരുത്തിയ പരിഷ്കാരങ്ങളിലെ പാളിച്ചകളും ലേബർ പാർട്ടി ഉയർത്തിക്കാണിക്കുന്നു. മാറ്റം അനിവാര്യം എന്ന മുദ്രാവാക്യവുമായാണ് ലേബർ പാർട്ടി ജനങ്ങള്‍ക്കിയടിലേക്ക് ഇറങ്ങിയിരിക്കുന്നത്. പൊതുസംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം. പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍. കുടിയേറ്റമാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന വിഷയം. ഇരുപക്ഷവും സമാന നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് സാധ്യത.
മറ്റ് രാഷ്ട്രീയ പാർട്ടികള്‍
എഡ് ഡേവി നേതൃത്വം കൊടുക്കുന്ന ലിബറല്‍ ഡെമോക്രാറ്റ്‌സ് സുനകിന്റെ പാർട്ടിക്ക് ശക്തമായ വെല്ലുവിളി പലമേഖലകളിലും ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും യുകെയുടെ തെക്കന്‍ മേഖലകളില്‍. 2010-15 കാലഘട്ടത്തില്‍ കണ്‍സർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭാംഗമായിരുന്നു എഡ് ഡേവി.
ഒരു എംപി മാത്രമുള്ള ഗ്രീന്‍ പാർട്ടി മറ്റൊരു സീറ്റുകൂടി നേടിയേക്കുമെന്നാണ് അഭിപ്രായ സർവെ. ബ്രിസ്റ്റോളിലും ഗ്രീന്‍ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ഗ്രീന്‍ പാർട്ടി മുന്നേറ്റം കാഴ്ചവെച്ചിരുന്നു.
43 എംപിമാരുള്ള സ്കോട്ടിഷ് നാഷണല്‍ പാർട്ടിയാണ് (എസ്എന്‍പി) മൂന്നാമത്തെ വലിയ ഒറ്റകക്ഷി. സ്കോട്ട്ലന്‍ഡിന്റെ ആദ്യ മന്ത്രി സ്ഥാനം ഹംസ യൂസഫ് രാജിവെച്ചതോടെ പാർട്ടി പ്രതിരോധത്തിലായിരുന്നു. ഇത് ഉപയോഗപ്പെടുത്തി സീറ്റുകള്‍ നേടാനാകുമെന്നതാണ് ലേബർ പാർട്ടിയുടെ പ്രതീക്ഷ.