തീവ്രവിശ്വാസവും കൊടുംക്രൂരതയും മുഖമുദ്ര; എന്തിനാണ് ഇസ്രയേല്‍ സൈനിക വിഭാഗം 'നെത്സ യെഹൂദ'യെ അമേരിക്ക വിലക്കുന്നത്‌?

തീവ്രവിശ്വാസവും കൊടുംക്രൂരതയും മുഖമുദ്ര; എന്തിനാണ് ഇസ്രയേല്‍ സൈനിക വിഭാഗം 'നെത്സ യെഹൂദ'യെ അമേരിക്ക വിലക്കുന്നത്‌?

ആദ്യമായിട്ടാണ് ഇസ്രായേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്
Updated on
3 min read

ഇസ്രായേൽ പ്രതിരോധ സേന (ഐ ഡി എഫ് ) ഭാഗമായ നെത്സ യെഹൂദ യൂണിറ്റിനെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനമെടുത്തതിന് പിന്നാലെ വലിയ ചർച്ചയാണ് പാശ്ചാത്യ ലോകത്ത് നടക്കുന്നത്. ആദ്യമായിട്ടാണ് ഇസ്രായേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.

അമേരിക്കയുടെ നിലപാടിനെതിരെ എതിർപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തിയിട്ടുണ്ട്. നെത്സ യെഹൂദ യൂണിറ്റിനെതിരായ അമേരിക്കയുടെ നീക്കം അസംബന്ധമാണെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.

ഇസ്രായേലിന്റെ ഒരു സൈനിക യൂണിറ്റിന് മാത്രം അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും ? ഇസ്രായേൽ സൈന്യത്തിന്റെ ഈ പ്രത്യേക യൂണിറ്റിന്റെ പ്രത്യേകത എന്താണ് ? അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ അത് എങ്ങനെയാണ് നെത്സ യെഹൂദയെ ബാധിക്കുക, പരിശോധിക്കാം.

തീവ്രവിശ്വാസവും കൊടുംക്രൂരതയും മുഖമുദ്ര; എന്തിനാണ് ഇസ്രയേല്‍ സൈനിക വിഭാഗം 'നെത്സ യെഹൂദ'യെ അമേരിക്ക വിലക്കുന്നത്‌?
ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍ ആയുധങ്ങളെന്തെല്ലാം?

ഇസ്രോയേലിന്റെ തീവ്രവലതുപക്ഷ യാഥാസ്ഥിതികവാദികളെ മാത്രം ഉൾപ്പെടുത്തിയുണ്ടാക്കിയ പ്രത്യേക സൈനികവിഭാഗമാണ് നെത്സ യെഹൂദ. യഹൂദ മതത്തിലെ വിശ്വാസങ്ങൾ മുറുകെ പിടിച്ച് സൈനീകർക്ക് പ്രവർത്തിക്കാവുന്ന ഇസ്രായേൽ സൈന്യത്തിന്റെ പ്രത്യേക യൂണിറ്റ് കൂടിയാണിത്.

വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ യൂണിറ്റ് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾക്ക് പേര് കേട്ട വിഭാഗം കൂടിയാണ്. ഇസ്രായേൽ പ്രതിരോധ സേനയുടെ കഫീർ ബ്രിഗേഡിന്റെ ഭാഗമായാണ് നെത്സ യെഹൂദ പ്രവർത്തിക്കുന്നത്. മുമ്പ് നഹൽ ഹരേദി എന്നായിരുന്നു ഈ വിഭാഗം അറിയപ്പെട്ടിരുന്നത്. ഹരേദി ജൂതന്മാരെ സൈനികരായി സേവനമനുഷ്ടിക്കാൻ അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ യൂണിറ്റ് ആരംഭിച്ചത്.

1999-ൽ ആണ് ഈ യൂണിറ്റ് ആരംഭിച്ചത്. 'V'haya Machanecha Kadosh' അഥവ 'നിങ്ങളുടെ ക്യാമ്പ് വിശുദ്ധമായിരിക്കും' എന്ന മുദ്രാവാക്യമാണ് നെത്സ യെഹൂദയിൽപ്രവർത്തിക്കുന്നത്. യഹൂദരുടെ വിശ്വാസഗ്രന്ഥമായ 'തോറ' പ്രകാരം ജൂത സൈനിക ക്യാമ്പിൽ ശുചിത്വം വളരെ അത്യാവശ്യമാണ്. യുദ്ധങ്ങളിൽ ദൈവിക പിന്തുണ ലഭിക്കുന്നതിനാണ് ഇതെന്നാണ് വിശ്വാസം.

നെത്സ യെഹൂദ സംഘടനയിലെ റബ്ബി യിത്സാക് ബാർ-ചൈമിന്റെയും ഐഡിഎഫിന്റെയും നേതൃത്വത്തിൽ ഹരേദി പണ്ഡിതർക്കിടയിൽ 18 മാസത്തെ ചർച്ചകളുടെ ഫലമായാണ് സൈനീക യൂണിറ്റ് ആരംഭിച്ചത്. തുടക്കത്തിൽ വെറും 30 സൈനികർ ഉൾപ്പെട്ടിരുന്ന നെത്സ യെഹൂദ വെസ്റ്റ് ബാങ്കിൽ സ്ഥിരമായി വിന്യസിച്ച ഏക യൂണിറ്റായിരുന്നു.

നിലവിൽ ആയിരം പേരാണ് നെത്സ യെഹൂദയിൽ ഉള്ളത്. വെസ്റ്റ് ബാങ്കിൽ നിന്ന് നിലവിൽ ജോർദാൻ താഴ്വര, ജെനിൻ, തുൽകർം, റമല്ല എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഈ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. തീവ്രമതവിശ്വാസികളായ കുടുംബങ്ങളിൽ നിന്നും വ്യക്തികള്‍ക്കിടയില്‍ നിന്നും മറ്റുമാണ് നെത്സ യെഹൂദയിലേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്.

മതപരമായ നിയമങ്ങൾ പാലിച്ച് യഹൂദ ഭക്ഷണങ്ങൾ മാത്രമാണ് ഈ സൈനിക താവളങ്ങളിൽ ഉപയോഗിക്കുകയുള്ളു. ലിംഗവിവേചനം ശക്തമായ ഈ വിഭാഗത്തിൽ സൈനികരുടെയും ഓഫീസർമാരുടെയും ഭാര്യമാരല്ലാത്തവരെ സൈനിക താവളങ്ങളുടെ പരിസരങ്ങളിൽ പോലും അനുവദിക്കാറില്ല.

ഉപരോധം എന്തിന്? എന്തായിരിക്കും ഫലം?

പലസ്തീനി-അമേരിക്കൻ പൗരനായ ഒമർ അസദിന്റെ മരണത്തിന് പിന്നാലെയാണ് അമേരിക്ക സൈനിക വിഭാഗത്തിനെതിരെ നിലപാട് എടുക്കാൻ ആരംഭിച്ചത്. 80 വയസിൽ അധികം പ്രായമുണ്ടായിരുന്ന ഒമർ അസദിനെ 2022 ൽ ആണ്‌ നെത്സ യെഹൂദ സൈനീകർ അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇതിന് പുറമെ നെത്സ യെഹൂദ സൈനികർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും ഇതിന് കാരണമാണ്. വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ സൈനികർ നടത്തിയ ക്രൂരതകൾ സമാനതകൾ ഇല്ലാത്തതാണ്.

അമേരിക്ക നെത്‌സ യെഹൂദയിലെ സൈനികർക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പിന്നീട് അമേരിക്കൻ സേനയ്‌ക്കൊപ്പം ഈ വിഭാഗത്തിന് പരിശീലനം നടത്താനോ അമേരിക്കൻ സൈനികർ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാനോ സാധിക്കില്ല. ഇതിന് പുറമെ ഇസ്രായേലിന് അമേരിക്ക നൽകുന്ന ആയുധങ്ങൾ നെത്‌സ യെഹൂദയിലെ സൈനികർക്ക് നൽകാനോ സാധിക്കില്ല.

1997-ല്‍ പാസാക്കിയ അമേരിക്കയിലെ പ്രസിദ്ധമായ പാട്രിക് ലീഹി നിയമപ്രകാരമാണ് സൈനിക വിഭാഗത്തിനെതിരെ ഉപരോധം ആരംഭിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനം നടത്തുന്ന വ്യക്തികൾക്കും സുരക്ഷാ സേനാ യൂണിറ്റുകൾക്കും സൈനിക സഹായം നൽകുന്നത് ഈ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in