ഇസ്രയേലിനെ പൂട്ടുമോ ഹിസ്‌ബുള്ള? ലബനന്‍ ഷിയാ സായുധ സംഘത്തിന്‍റെ കരുത്തെന്ത്?

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശം അവസാനിക്കും മുന്‍പ് പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ? ഇസ്രയേല്‍ വീണ്ടുമൊരിക്കല്‍ കൂടി ഹിസ്ബുള്ളയുമായി ഏറ്റുമുട്ടുമോ?

ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിക്കും മുൻപ് വീണ്ടുമൊരു യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമോ എന്ന ആശങ്കയിലാണ് ലോകം. 2006ന് ശേഷം ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതയാണ് അമേരിക്ക ഉൾപ്പെടെ പ്രവചിക്കുന്നത്. അങ്ങനെ ഉണ്ടായാൽ എന്താകും സംഭവിക്കുക? എന്തൊക്കെ ആയുധങ്ങളാണ് ഇസ്രയേലിനെ നേരിടാൻ ഹിസ്ബുള്ളയുടെ പക്കലുള്ളത്?

ഹിസ്ബുള്ള അംഗങ്ങള്‍
ഹിസ്ബുള്ള അംഗങ്ങള്‍

കഴിഞ്ഞ ഒന്‍പത് മാസങ്ങളായി, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ എട്ടുമുതല്‍, ഇസ്രയേലും അയല്‍രാജ്യമായ ലബനനിലെ സായുധ സംഘം ഹിസ്ബുള്ളയുമായി സംഘര്‍ഷം ക്രമേണ രൂക്ഷമാകുന്നുണ്ടായിരുന്നു. ജൂണിലാണ് അത് വീണ്ടുമൊരു തലത്തിലേക്ക് മാറുന്നത്. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും കഴിഞ്ഞ ആഴ്ചകളില്‍ വലിയ തോതില്‍ വര്‍ധിച്ചു.

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്

മെയ് മുതല്‍, ഹിസ്ബുള്ള കൂടുതല്‍ അത്യാധുനിക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉള്‍പ്പെടെ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചിരുന്നു. ജൂണ്‍ 12ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാണ്ടര്‍ താലിബ് സമി അബ്ദുല്ലയെ കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും കാണാത്ത തരത്തില്‍ കൂടുതല്‍ റോക്കറ്റുകളും മിസൈല്‍ ബാരേജുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.

ഒപ്പം ജൂണ്‍ 18ന് ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല ഭീഷണി കൂടി മുഴക്കിയതോടെയാണ് സമീപകാലത്തൊന്നുമില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ആളിക്കത്തിയത്.

Armed Conflict Location and Event Data Project അനുസരിച്ച്, ഇസ്രയേലും ഹിസ്ബുള്ളയും ലെബനനിലെ മറ്റ് സായുധ ഗ്രൂപ്പുകളും തമ്മില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 2024 ജൂണ്‍ 21 വരെ ഏകദേശം 7,400 ആക്രമണങ്ങളാണ് നടന്നത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 543 ലെബനീസ് പൗരന്മാരും 18 സൈനികരും ഉള്‍പ്പെടെ 28 ഓളം പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

എന്താണ് ഹിസ്ബുള്ള?

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്. ഏകദേശം ഒരുലക്ഷത്തോളം സായുധ പോരാളികള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അവരുടെ അവകാശവാദം. വിവിധ അന്തരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 30,000 സജീവ പോരാളികളും 20,000 വരെ റിസേര്‍വ് സൈനികരുമാണ് ഹിസ്ബുള്ളയ്ക്കുള്ളത്. ഒരുകാര്യം ഉറപ്പിച്ചുപറയാന്‍ കഴിയുന്നത്, ഒരു രാജ്യത്തിന്റെ സൈന്യമല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ സായുധ സംഘടനകളില്‍ ഒന്നാണ് ഹിസ്ബുള്ള എന്നതാണ്.

ഹസന്‍ നസ്രല്ലയുടെ ചിത്രവുമായി ഹിസ്ബുള്ള അനുകൂലികള്‍
ഹസന്‍ നസ്രല്ലയുടെ ചിത്രവുമായി ഹിസ്ബുള്ള അനുകൂലികള്‍

ഇറാന്റെ പിന്തുണയുള്ള, ഷിയാ വിഭാഗം സംഘടനയായ ഹിസ്ബുള്ള, പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്രയേലിന്റെ പ്രധാന വെല്ലുവിളിയാണ്. മുന്‍പ് 2006-ലാണ് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു ഫുള്‍ സ്‌കെയില്‍ യുദ്ധമുണ്ടായത്. അതിലാകട്ടെ വിജയം നേടാന്‍ ഇസ്രയേലിന് സാധിച്ചിരുന്നില്ല. ഇസ്രയേലിന്റെ ലക്ഷ്യം ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു എങ്കിലും ലെബനന്‍ സംഘം കൂടുതല്‍ ശക്തമായി വരികയും ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ ശക്തിയായി മാറുകയുമായിരുന്നു.

ഇന്ന് ഏകദേശം 1,20,000-ത്തോളം കരുതല്‍ ശേഖര ആയുധങ്ങള്‍ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇറാന്റെ പിന്തുണയും, സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്‌സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്. അതുകൊണ്ടുതന്നെ 2006നെ അപേക്ഷിച്ച് കൂടുതല്‍ ശക്തരാണ് ഹിസ്ബുള്ള. ഒക്ടോബര്‍ 19ന്, ഇസ്രയേലിന്റെ നാഷണല്‍ സെക്യൂരിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹിസ്ബുള്ളയുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും ആയുധശേഖരത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം, 15-20 കിലോമീറ്റര്‍ പരിധിയുള്ള 40,000 ഗ്രാഡ്-ടൈപ്പ് മിസൈലുകള്‍ ഹിസ്ബുള്ളയ്ക്കുണ്ട്. കൂടാതെ 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫജര്‍ 3, ഫജര്‍ 5 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 80,000 ദീര്‍ഘദൂര മിസൈലുകളും ഹിസ്ബുള്ളയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമെ 200-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകദേശം 30,000 സെല്‍സാല്‍, ഫത്തേഹ് -110 മിസൈലുകളുമുണ്ട്. തെക്കന്‍ ഇസ്രയേലിലേക്ക് ഉള്‍പ്പെടെ എത്താന്‍ ശേഷിയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ ആയുധശേഖരമാണിത്.

സിറിയയില്‍ ബഷര്‍ അല്‍ അസദിനെ പിന്തുണച്ച് നടത്തിയ പോരാട്ടം ഹിസ്ബുള്ളയുടെ സൈനിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ സേനകളുമായി ഏറ്റുമുട്ടാനും ലോജിസ്റ്റിക്സിനുമെല്ലാം സിറിയയിലെ പോരാട്ട അനുഭവം അവരെ സഹായിച്ചിട്ടുമുണ്ട്. തെക്കന്‍ ലെബനന്റെ ഭൂമിശാസ്ത്രവും ഹിസ്ബുള്ളയ്ക്ക് ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൂടുതല്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് തുറന്നുകിടക്കുന്ന ഭൂരിഭാഗം പ്രദേശങ്ങളും പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാണ്. 2006-ലും ഇസ്രയേലുമായുള്ള മറ്റ് ഏറ്റുമുട്ടലുകളിലും, ഹിസ്ബുള്ളയുടെ ചെറു സംഘങ്ങള്‍ ഗ്രൂപ്പുകള്‍, മലഞ്ചെരുവുകളിലെ മരങ്ങള്‍, ഗുഹകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ മറവിലാണ് റോക്കറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേല്‍ സൈന്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഒപ്പം തുരങ്കങ്ങളുടെയും ബങ്കറുകളുടെയും ഒരു ശൃംഖല തന്നെ ഹിസ്ബുള്ളയ്ക്ക് ഈ മേഖലകളിലുണ്ട്. ആയുധങ്ങള്‍ കൈമാറാനും അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കും ഹിസ്ബുള്ള ഇവയാണ് ഉപയോഗിച്ച് പോരുന്നത്.

അതേസമയം, മറുഭാഗത്ത് ഇസ്രയേലും അതിശക്തരാണ്. പശ്ചിമേഷ്യയിലെ ഏറ്റവും അത്യാധുനിക ആയുധ ശേഖരം പക്കലുള്ള രാജ്യമാണ് ഇസ്രയേല്‍. അയണ്‍ ഡോം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളും ഇസ്രയേലിന്റെ കൈയിലുണ്ട്.

ലബനന്‍-ഇസ്രയേല്‍ അതിർത്തി
ലബനന്‍-ഇസ്രയേല്‍ അതിർത്തി

യുദ്ധമുണ്ടായാല്‍

ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രയേലികളും ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് 94,000 ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്.

ഇസ്രയേലിനെ പൂട്ടുമോ ഹിസ്‌ബുള്ള? ലബനന്‍ ഷിയാ സായുധ സംഘത്തിന്‍റെ കരുത്തെന്ത്?
അമേരിക്കയുടെ ഡോളർ ലോകത്തിന് വേണ്ടാതാകുമോ? പെട്രോഡോളർ കരാറിലെ സൗദിയുടെ മനംമാറ്റം ലോകക്രമം തിരുത്തുമോ?

ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനന്‍ വിടാന്‍ ഉപദേശിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. ലെബനനിലേക്കുള്ള യാത്ര സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് അമേരിക്കയും യു എസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നെതന്യാഹു
നെതന്യാഹു

മറ്റൊരു വിഷയമുള്ളത്, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്കന്‍ പിന്തുണ നയതന്ത്രത്തിലും ആയുധ വിതരണത്തിനും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെങ്കില്‍ - ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധത്തില്‍ അങ്ങനെ ആയിരിക്കില്ല കാര്യങ്ങള്‍. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഒരു സമ്പൂര്‍ണ യുദ്ധം ഉണ്ടായാല്‍ ഇറാനും അമേരിക്കയും അതിലേക്ക് വലിച്ചിടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല, യുദ്ധസമയത്ത് ഇസ്രയേലുമായി സഹകരിച്ചാല്‍ ആക്രമിക്കുമെന്ന് സൈപ്രസ് എന്ന ദ്വീപുരാഷ്ട്രത്തെ ഭീഷണിപ്പെടുത്തിയത് സംഘര്‍ഷത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി പോലും വിപുലീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ഇസ്രയേലിനെ പൂട്ടുമോ ഹിസ്‌ബുള്ള? ലബനന്‍ ഷിയാ സായുധ സംഘത്തിന്‍റെ കരുത്തെന്ത്?
ഇടറിപ്പോയ സംവാദം, ബൈഡന്റെ പതര്‍ച്ച ട്രംപിന് വിജയമാകുമോ?

അതേസമയം ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. ഏറ്റവും സുരക്ഷതിമെന്ന് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടിരുന്ന രാജ്യത്തിന് ഒക്ടോബര്‍ ഏഴിന് ഏറ്റ അടിയും, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഇത്രനാള്‍ പിന്നിട്ടിട്ടും കഴിഞ്ഞില്ല എന്ന നാണക്കേടുമാണ് അതിന് കാരണം. നെതന്യാഹുവിനെതിരെയുള്ള ശക്തമായ ജനവികാരവും ഒരു യുദ്ധത്തിലേക്ക് കൂടി ഇസ്രയേലിനെ തള്ളിവിടുന്നതില്‍നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത് ലെബനന്‍ പോലൊരു രാജ്യത്തിന് ഒരു യുദ്ധം താങ്ങാനുള്ള കരുത്ത് ഇല്ലെന്നറിഞ്ഞിട്ടിട്ടുകൂടി, 1948ന് ശേഷം ഏറ്റവും ദുര്‍ബലമായ അവസ്ഥയിലുള്ള ഇസ്രയേലിന്റെ മേല്‍ ഹിസ്ബുള്ള കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്തുതന്നെയായാലും, പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുമോ അതോ ചര്‍ച്ചയിലൂടെ പരിഹാരം കാണുമോ എന്നത് ആ മേഖലയ്ക്ക് മാത്രമല്ല ആഗോള സമാധാനത്തിനുതന്നെ നിര്‍ണായകമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in