അമേരിക്കയുടെ ഡോളർ ലോകത്തിന് വേണ്ടാതാകുമോ? പെട്രോഡോളർ കരാറിലെ സൗദിയുടെ മനംമാറ്റം ലോകക്രമം തിരുത്തുമോ?

അമേരിക്കയുടെ ഡോളർ ലോകത്തിന് വേണ്ടാതാകുമോ? പെട്രോഡോളർ കരാറിലെ സൗദിയുടെ മനംമാറ്റം ലോകക്രമം തിരുത്തുമോ?

കഴിഞ്ഞ ജൂൺ ഒൻപതിന് അമേരിക്കയും സൗദി അറേബ്യയും തമ്മിലുണ്ടായിരുന്ന 'പെട്രോഡോളർ' കരാർ അവസാനിച്ചതോടെയാണ് ഡി ഡോളറൈസേഷൻ വീണ്ടും സജീവചർച്ചയാകുന്നത്
Updated on
4 min read

അമേരിക്കന്‍ ഡോളറിലുള്ള ആശ്രയത്വം ലോകത്ത് കുറഞ്ഞുവന്നാല്‍ എന്ത് സംഭവിക്കും? ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് അമേരിക്കയും സൗദി അറേബ്യയും തമ്മിലുണ്ടായിരുന്ന 'പെട്രോഡോളര്‍' കരാര്‍ അവസാനിച്ചതോടെയാണ് ഡി ഡോളറൈസേഷന്‍ വീണ്ടും സജീവചര്‍ച്ചയാകുന്നത്.

പെട്രോഡോളര്‍ കരാറിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ ചരിത്രത്തിലേക്ക് പോകണം. രണ്ടുലോകയുദ്ധങ്ങളില്‍ ലോകരാജ്യങ്ങളെല്ലാം സാമ്പത്തികമായി തകര്‍ന്നപ്പോഴും യുദ്ധകച്ചവടങ്ങളിലൂടെ സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ച രാജ്യമാണ് അമേരിക്ക. രണ്ടാം ലോകയുദ്ധ സമയത്ത് ലോകത്തെ മൊത്തം സ്വര്‍ണ റിസര്‍വ് ശേഖരത്തിന്റെ 75 ശതമാനവും അമേരിക്കയുടെ പക്കലായിരുന്നു. 1910ല്‍ കേവലം 2000 ടണ്ണുണ്ടായിരുന്ന സ്വര്‍ണ ശേഖരം 1940കള്‍ ആകുമ്പോഴേക്കും 20,000 ടണ്ണായാണ് വര്‍ധിച്ചത്. അപ്പോള്‍ പറഞ്ഞുവന്നത് യുദ്ധസമയത്തെ അമേരിക്കയുടെ വളര്‍ച്ചയെ കുറിച്ചാണ്.

ഈ അവസരം മുതലെടുത്തുകൊണ്ടാണ് 1944ല്‍ അമേരിക്ക ബ്രെട്ടന്‍വുഡ്സ് എന്നറിയപ്പെടുന്ന കരാര്‍ അവതരിപ്പിക്കുന്നത്. 44 രാജ്യങ്ങളുമായി ഒപ്പിട്ട ഈ കരാര്‍ അനുസരിച്ച്, അവരുടെ കറന്‍സി ഡോളറുമായും ഡോളര്‍ സ്വര്‍ണവുമായും പെഗ് ചെയ്തു. ഒരു ഔണ്‍സ് ഗോള്‍ഡ് അതായത് 28.35 ഗ്രാം ഗോള്‍ഡിന് 35 ഡോളര്‍ എന്ന നിലയ്ക്കായിരുന്നു മൂല്യം നിശ്ചയിച്ചത്.

ബ്രെട്ടന്‍വുഡ്സ് കരാര്‍ പ്രകാരം, ഒരു രാജ്യത്തിന്റെ പക്കലുള്ള ഡോളറുമായി അമേരിക്കയുടെ അടുത്ത് ചെന്നാല്‍ അതിനെ ഗോള്‍ഡ് ആക്കി മാറ്റാന്‍ പറ്റുമെന്ന് ചുരുക്കം. ഇതിലൂടെ മറ്റൊരു കറന്‍സിക്കുമില്ലാത്ത മൂല്യവും വിശ്വാസതയുമാണ് ഡോളറിന് കൈവന്നത്. കൂടാതെ ഈ കരാറിന്റെ ഭാഗമായി രണ്ടുപ്രധാന സ്ഥാപനങ്ങള്‍ കൂടി നിലവില്‍ വന്നു;- വേള്‍ഡ് ബാങ്കും ഐ എം എഫും. ഇതിലൂടെ ഡോളര്‍ നിരവധി രാജ്യങ്ങളുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിനുള്ള കറന്‍സിയായി.

ബ്രെട്ടന്‍വുഡ്സ് കരാര്‍
ബ്രെട്ടന്‍വുഡ്സ് കരാര്‍

എന്നാല്‍ 1970 കളോടെ അമേരിക്കയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വലിയ തോതില്‍ കുറയുകയാണുണ്ടായത്. നാല്പതുകളില്‍ 22,000 ഉണ്ടായിരുന്ന ശേഖരം പതിനായിരം ടണ്‍ എന്ന നിലയിലേക്കാണ് കൂപ്പുകുത്തിയത്. വിയറ്റ്‌നാം യുദ്ധവും സ്വര്‍ണ വിലയിലെ കുതിച്ചുചാട്ടവുമെല്ലാമാണ് അമേരിക്കയ്ക്ക് തിരിച്ചടിയായത്. അങ്ങനെ ഡോളറിന് പകരം സ്വര്‍ണമെന്ന കരാറില്‍നിന്ന് അമേരിക്കയ്ക്ക് പിന്മാറാതെ കഴിയില്ലെന്ന നിലയെത്തി. ഒടുവില്‍ 1973ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റിച്ചാര്‍ഡ് നിക്സണ്‍, ഡോളറിന് പകരം സ്വര്‍ണം ലഭിക്കുമെന്ന വാഗ്ദാനം അവസാനിച്ചു.

റിച്ചാര്‍ഡ് നിക്സണ്‍
റിച്ചാര്‍ഡ് നിക്സണ്‍

പക്ഷെ, ഈ വിഷയങ്ങളെല്ലാം മുന്‍കൂട്ടി കണ്ടിരുന്ന അമേരിക്ക, വ്യക്തമായൊരു ബദല്‍ പദ്ധതി ഉണ്ടാക്കിയ ശേഷമായിരുന്നു ബ്രെട്ടന്‍വുഡ്സ് കരാര്‍ നിര്‍ത്തിവച്ചത്. ഇവിടെയാണ് നമ്മള്‍ ആദ്യം പറഞ്ഞ പെട്രോഡോളര്‍ കരാര്‍ പ്രസക്തമാകുന്നത്.

ലോകരാജ്യങ്ങളുടെ ചൈനയുമായുള്ള വ്യാപാരത്തില്‍ ഏകദേശം ഒന്‍പത് മടങ്ങ് വര്‍ധനയാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായത്. അതുകൊണ്ടുതന്നെ ഡോളറിനെ മാത്രമായി ആശ്രയിക്കുന്നതിന് പകരം മറ്റൊരു കറന്‍സി എന്ന നിലയിലേക്ക് രാജ്യങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയതും സ്വാഭാവികമാണ്

പെട്രോഡോളര്‍ കരാർ

വരും കാലത്ത് ആഗോള വളര്‍ച്ചയുടെ പ്രധാന ഘടകമായി എണ്ണ മാറുമെന്ന് 1940 കളില്‍ തന്നെ അമേരിക്ക തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഭാഗമായി 1945ല്‍ തന്നെ ഡോളറിന്റെ ഭാവിയെ സുരക്ഷിതമാക്കാനുള്ള കരാര്‍ അമേരിക്ക ഉണ്ടാക്കി. മറുഭാഗത്ത് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ ആയിരുന്നു. സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാം, പക്ഷെ ഏത് രാജ്യവുമായി എണ്ണ വ്യാപാരം നടത്തുമ്പോഴും അത് ഡോളറിലായിരിക്കണമെന്നതായിരുന്നു അമേരിക്കയുടെ ഉപാധി. ഇത് സൗദി അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊരു അനൗദ്യോഗിക കരാര്‍ മാത്രമായിരുന്നു. പിന്നീട് ഇത് ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നത് 1974-ലാണ്. അന്നത്തെ സൗദി കിരീടാവകാശിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ചറും തമ്മില്‍ 1974 ജൂണിലാണ് കരാറിലേര്‍പ്പെടുന്നത്. കരാര്‍ പ്രകാരം, സൗദി അറേബ്യയ്ക്ക് വര്‍ധിച്ച സാമ്പത്തിക, സൈനിക സഹായം നല്‍കുമെന്ന് അമേരിക്കയും യുഎസ് ഡോളറില്‍ എണ്ണ വ്യാപാരം ചെയ്യാമെന്ന് സൗദിയും ഉറപ്പുനല്‍കി.

അമേരിക്കയുടെ ഡോളർ ലോകത്തിന് വേണ്ടാതാകുമോ? പെട്രോഡോളർ കരാറിലെ സൗദിയുടെ മനംമാറ്റം ലോകക്രമം തിരുത്തുമോ?
ഹെൻറി കിസിൻജര്‍: അമേരിക്കന്‍ താത്പര്യങ്ങളില്‍ രാജ്യങ്ങളെയും മനുഷ്യരെയും മറന്ന നയതന്ത്രജ്ഞന്‍!

അങ്ങനെ വന്നതോടെ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും എണ്ണ വാങ്ങാന്‍ ഡോളര്‍ വേണമെന്ന അവസ്ഥ നിലവില്‍ വന്നത്. കാരണം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം സൗദി ആണെന്ന വസ്തുത തന്നെ. എണ്ണ വാങ്ങാന്‍ ഡോളര്‍ വേണ്ടതിനാല്‍ എല്ലാ രാജ്യങ്ങളും അവരുടെ ഫോറെക്‌സ് റിസര്‍വുകള്‍ ഡോളറില്‍ സൂക്ഷിക്കുന്നത് തുടര്‍ന്നു. അങ്ങനെയാണ് കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലം ഡോളര്‍, വിപണിയിലെ തങ്ങളുടെ അപ്രമാദിത്വം കാത്തുസൂക്ഷിച്ചത്.

ഡോളറിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണ് കണക്കില്ലാതെയുള്ള കറന്‍സി പ്രിന്റിങ്

ആ കരാറാണ് 2024 ജൂണ്‍ 8ന് അവസാനിച്ചത്. കരാര്‍ പുതുക്കുന്നില്ലെന്നാണ് സൗദിയുടെ നിലപാട്. പക്ഷെ ഇനിമുതല്‍ എണ്ണവ്യാപാരം ഡോളറല്ലാത്ത കറന്‍സിയില്‍ നടത്തുമെന്നോ ഇല്ലെന്നോ ഒന്നും സൗദി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഡോളര്‍ സേഫ് ആണെങ്കിലും ആഗോളതലത്തില്‍ ഡി ഡോളറൈസേഷന്‍ പ്രക്രിയയുടെ വേഗത വര്‍ധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

ഡോളറിന്റെ ആയുധവത്കരണം

ഡോളറിന്റെ വിപണി മൂല്യം കാരണം ലോകരാജ്യങ്ങള്‍ അവരുടെ ഫോറെക്‌സ് റിസര്‍വുകള്‍ ഡോളറിലാണ് സൂക്ഷിക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഈയൊരു കാര്യമാണ് അമേരിക്ക പലപ്പോഴായി ആയുധമാക്കിയത്. 2022ലെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ള റഷ്യയുടെ ഡോളറില്‍ സൂക്ഷിച്ചിരുന്ന 300 ബില്ലിയന്റെ റിസര്‍വ് ശേഖരമാണ് മരവിപ്പിച്ചത്. അതുപോലെ താലിബാന്‍ ഭരണത്തിലേറിയത്തിന് പിന്നാലെ ന്യൂയോര്‍ക്കിലുള്ള ഫെഡറല്‍ റിസര്‍വ് ബാങ്കിലെ അവരുടെ 700 കോടിയുടെ ഡോളറും മരവിപ്പിച്ചിരുന്നു. ഇങ്ങനെ പോയാല്‍ ഏതൊരു രാജ്യത്തിനെയും സാമ്പത്തികമായി ശിക്ഷിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന അവസ്ഥ വന്നു. പ്രത്യേകിച്ചും ലോകഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം

ഈ ഭയമാണ് ലോകത്തെ പല സെന്‍ട്രല്‍ ബാങ്കുകളും ഡോളര്‍ റിസര്‍വ് വിറ്റഴിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ചത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 2022നും 2023 നുമിടയില്‍ 1000ടണ്‍ സ്വര്‍ണമാണ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിക്കൂട്ടിയത്...

കണക്കില്ലാത്ത നോട്ടടി

ഡോളറിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണ് കണക്കില്ലാതെയുള്ള കറന്‍സി പ്രിന്റിങ്. കണക്കില്ലാതെ കറന്‍സി പ്രിന്റ് ചെയ്താല്‍, അതിന്റെ മൂല്യമിടിയാനും പണപ്പെരുപ്പത്തിനും ഹൈപ്പര്‍ ഇന്‍ഫ്ളേഷനുമൊക്കെ കാരണമാകും

എന്നാല്‍ അമേരിക്ക അതൊന്നും വകവെക്കാതെ പലപ്പോഴും ഡോളറുകള്‍ വലിയ തോതില്‍ പ്രിന്റ് ചെയ്യാറുണ്ട്. കൊറോണ പടര്‍ന്നുപിടിച്ച 2020ല്‍ മാത്രം അമേരിക്ക പ്രിന്റ് ചെയ്തിറക്കിയത് നാല് ട്രില്യണ്‍ പുതിയ ഡോളറാണ്.

ഡോളര്‍ ആഗോള വിപണിയിലെ പ്രധാന കറന്‍സി ആയതുകൊണ്ടുതന്നെ അതിന്റെ മൂല്യമിടിയുന്നത് മറ്റ് ലോകരാജ്യങ്ങളെയും ബാധിക്കും. അതായത് ലോകത്തെ റിസര്‍വ് കറന്‍സിയുടെ 58.9 ശതമാനവും ഡോളറായതിനാല്‍ എല്ലാ രാജ്യങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അതേസമയം, ഡോളറിന് ആവശ്യക്കാര്‍ ഉള്ളതിനാല്‍ അമേരിക്കയ്ക്ക് വലിയ ആഘാതം ഉണ്ടാവുകയുമില്ല.

ഇതിനെല്ലാം പുറമെ ലോക വിപണിയിലെ ചൈനയുടെ കുതിച്ചുചാട്ടവും ഡി ഡോളറൈസേഷന്റെ ആക്കം കൂഒട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമായും വ്യാപാരം നടന്നിരുന്നത് അമേരിക്കയുമായിട്ടായിരുന്നു എങ്കില്‍ ഇപ്പോഴത് ചൈനയുമായിട്ടാണ്. ലോകരാജ്യങ്ങളുടെ ചൈനയുമായുള്ള വ്യാപാരത്തില്‍ ഏകദേശം ഒന്‍പത് മടങ്ങ് വര്‍ധനയാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായത്. അതുകൊണ്ടുതന്നെ ഡോളറിനെ മാത്രമായി ആശ്രയിക്കുന്നതിന് പകരം മറ്റൊരു കറന്‍സി എന്ന നിലയിലേക്ക് രാജ്യങ്ങള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയതും സ്വാഭാവികമാണ്.

അമേരിക്കയുടെ ഡോളർ ലോകത്തിന് വേണ്ടാതാകുമോ? പെട്രോഡോളർ കരാറിലെ സൗദിയുടെ മനംമാറ്റം ലോകക്രമം തിരുത്തുമോ?
ഗാസ വിഷയത്തിലെ സൗദിയുടെ മൗനത്തിന് പിന്നിലെന്ത്?

ഇതേ കാരണം തന്നെയാണ് പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് സൗദിയേയും പ്രേരിപ്പിച്ചിട്ടുണ്ടാകുക. നേരത്തെ സൗദിയുടെ വ്യാപാരബന്ധം കൂടുതല്‍ അമേരിക്കയുമായിട്ടായിരുന്നെങ്കില്‍ ഇപ്പോഴത് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ്. 2001-ല്‍, ചൈനയുമായുള്ള സൗദി അറേബ്യയുടെ വ്യാപാരം യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവരുമായുള്ള സംയോജിത വ്യാപാരത്തിന്റെ പത്തിലൊന്ന് മാത്രമായിരുന്നെങ്കില്‍ 2018 ആയപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. അവിടെനിന്ന് 2021 ആകുമ്പോള്‍ മറ്റ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in