'ബോയ്കോട്ട് സൊമാറ്റോ'; പരസ്യവിപണിയിലെ ദളിത് വിരുദ്ധത
പരിസ്ഥിതി ദിനത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി സൊമാറ്റോ ചിത്രീകരിച്ച ഒരു പരസ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലായിടത്തെയും പ്രധാന ചര്‍ച്ചാ വിഷയം. പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യണമെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ ദളിതരെ അപമാനിച്ചുവെന്ന വിമര്‍ശനമാണ് സൊമാറ്റോ നേരിട്ട് കൊണ്ടിരിക്കുന്നത്. വ്യാപക വിമര്‍ശനത്തെ തുടന്ന് പരസ്യം സൊമാറ്റോ പിന്‍വലിച്ചെങ്കിലും ട്വിറ്ററില്‍ ഇപ്പോഴും ബോയ്കോട്ട് സൊമാറ്റോ എന്ന ഹാഷ്ടാഗ് തരംഗമായികൊണ്ടിരിക്കുകയാണ്.
ഓസ്‌കറിന് വരെ നാമനിര്‍ദേശം ചെയ്യപ്പെട്ട ലഗാന്‍ സിനിമയിലെ കച്ച എന്ന കഥാപാത്രത്തെ മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച വസ്തുവായാണ് സൊമാറ്റോ ചിത്രീകരിച്ചത്. അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെ ശബ്ദമായി അവതരിപ്പിക്കപ്പെട്ട കഥാപാത്രമായിരുന്നു സിനിമയിൽ കച്ച. ഈ കഥാപാത്രത്തെ അപമാനിച്ചതോടെ പരക്കെ വിമര്‍ശനം ഉയര്‍ന്നു.
സമൂഹത്തിൽ സിനിമയേക്കാള്‍ സ്വാധീനം ചില സമയത്ത് പരസ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ പരസ്യങ്ങള്‍ യുക്തിസഹമാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഒരു പരസ്യം നിര്‍മിക്കപ്പെടുമ്പോള്‍ അതിന്റെ ആശയം ഒരാള്‍ മാത്രമല്ല നിര്‍ണയിക്കുന്നത്. അത് വിവിധ ഘട്ടങ്ങളിലൂടെ വിവിധ വ്യക്തികളിലൂടെ കടന്നു പോകുമെന്നിരിക്കെ എങ്ങനെയാണ് ഇത്തരത്തില്‍ ജാതീയ അധിക്ഷേപം നടത്തുന്ന ആശയം അംഗീകരിക്കപ്പെട്ടിട്ടുണ്ടാകുക? മാലിന്യത്തോട് ദളിതരെ സമീകരിക്കുകയാണ് ആ പരസ്യം ചെയ്തതെന്നാണ് ആക്ഷേപം.