'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്'; വിവാദങ്ങളിലെ വാസ്തവമെന്ത്?
1999 ലെ ക്രിസ്മസിന്റെ തലേന്നാൾ രാജ്യത്തെ നടുക്കിയ കാണ്ഡഹാർ വിമാനറാഞ്ചൽ പ്രമേയമാക്കിയ നെറ്റ്ഫ്ലിക്സ് സീരീസ് 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' വിവാദത്തിലാണ്. ആറ് എപ്പിസോഡുകളുള്ള ലിമിറ്റഡ് സീരീസിൽ, വിമാനം റാഞ്ചുന്ന ഭീകരവാദികളിൽ രണ്ടുപേർക്ക് 'ഹിന്ദു നാമം' ആണെന്നതാണ് ചർച്ചകൾക്ക് ആധാരം. സംഭവം വിവാദമായതോടെ കേന്ദ്ര ഇൻഫർമേഷൻ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവിയെ വിളിപ്പിച്ചിട്ടുണ്ട്.
കാണ്ഡഹാർ വിമാനറാഞ്ചലിൽ അഞ്ച് ഭീകരവാദികളായിരുന്നു വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരുടെ പേരുകൾ 'ഭോല, ശങ്കർ' എന്നിങ്ങനെ ഹിന്ദു നാമങ്ങളാണെന്നാണ് വിവാദം.
വിവാദങ്ങളുടെ ആരംഭമിങ്ങനെ
അനുഭവ് സിൻഹ, ത്രിശാന്ത് ശ്രീവാസ്തവ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്' ഓഗസ്റ്റ് 29-നാണ് പുറത്തിറങ്ങിയത്. തുടർന്ന് വിമാനറാഞ്ചികളുടെ പേര് സംബന്ധിച്ച് ചർച്ചകൾ ഉയർന്നെങ്കിലും കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് ഓഗസ്റ്റ് 31ന് ഋഷി ബാഗ്രി എന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റിലൂടെയാണ്.
കാണ്ഡഹാർ വിമാനം റാഞ്ചിയവരുടെ യഥാർഥ പേരുകൾ എന്ന തലക്കെട്ടോടുകൂടിയായിരുന്നു പോസ്റ്റ്. ഇതിന് പകരമായി രണ്ടുപേരുടെ പേരുകൾ 'ഭോല, ശങ്കർ' എന്നിങ്ങനെയാണ് സീരീസിൽ ഉപയോഗിച്ചിരിക്കുന്നതെന്നും പോസ്റ്റ് പറഞ്ഞുവെച്ചു. ഇതിന് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും സമാനമായ പോസ്റ്റ് പങ്കുവെച്ചു. പീന്നീട് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ദശലക്ഷക്കണക്കിന് പേരിലേക്ക് അതിനോടകം എത്തിയിരുന്നു.
വാസ്തവമെന്ത്?
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ച ഐസി 814 വിമാനം പാകിസ്താൻ തീവ്രവാദ സംഘടനയായ ഹർക്കത്തുൾ-മുജാഹിദ്ദീൻ ആയിരുന്നു റാഞ്ചിയത്.
2000 ജനുവരി ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, കറാച്ചി സ്വദേശികളായ ഷാഹിദ് അക്തർ സയ്ദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂർ ഇബ്രാഹീം എന്നിവരും ഇബ്രാഹിം അതർ, ശാക്കിർ എന്നിവരാണ് വിമാനറാഞ്ചികൾ. പക്ഷേ ഇവർ വിമാനത്തിനുള്ളിൽ പരസ്പരം ഉപയോഗിച്ചിരുന്ന പേരുകൾ ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നിങ്ങനെയായിരുന്നു. അതുതന്നെയാണ് സീരീസിലും ഉപയോഗിച്ചിട്ടുള്ളത്. അതിനെയാണ് വളച്ചൊടിച്ച് തീവ്രവാദികൾക്ക് 'ഹിന്ദു നാമങ്ങൾ' നൽകിയെന്ന തരത്തിൽ പ്രചരിക്കുന്നത് എന്ന് ചുരുക്കം.